
കോട്ടയം: മഹാനായ മന്നത്ത് പത്മനാഭന്റെ ആദർശങ്ങൾ അർത്ഥപൂർണ്ണമാക്കാൻ അതുൾക്കൊള്ളുന്നുന്ന ജനസമൂഹം നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുവാൻ ജനുവരി ഒന്നിന് സംഘടിപ്പിച്ചിട്ടുള്ള നവോത്ഥാന വനിത മതിലിൽ അണിനിരക്കണമെന്ന് കെ പി എം എസ് ജനറൽ സെക്രട്ടറിയും, വനിത മതിൽ സംഘാടക സമിതി ജനറൽ കൺവീനറുമായ പുന്നല ശ്രീകുമാർ . കേരള വേലൻ , പരവൻ, മണ്ണാൻ സഭ (വി പി എം എസ്) യുടെ 3-മത് സംസ്ഥാന സമ്മേളനം കോട്ടയം സാഹിത്യ പ്രവർത്തക സഹകരണ സംഘം ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവർണ്ണരുടെ സഞ്ചാര സ്വാതന്ത്രത്തിന് വേണ്ടിയുള്ള 1924-ലെ വൈക്കം സത്യാഗ്രഹ സമരത്തിൽ സ്വന്തം സമുദായത്തിന്റെ ഐക്യദാർസും പ്രഖ്യാപിച്ച് സവർണ്ണ ജാഥ നടത്തുകയും, 1932-ലെ ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യാഗ്രഹ സമരത്തിൽ സമരസമിതിയുടെ അദ്ധ്യക്ഷനായി നേതൃത്വം നൽകി കേരളത്തിന്റെ നവോത്ഥാന മുന്നേറ്റത്തിന് കരുത്ത് പകർന്ന ഭാരത കേസരി മന്നത്ത് പത്മനാഭന്റെ പരിശ്രമങ്ങൾ നാടിന്റെ ചരിത്രമാണെന്ന് പുന്നല ശ്രീകുമാര്‍ ഓര്‍മിപ്പിച്ചു.
ഹിന്ദു മതത്തിലെ പരിഷ്ക്കരണവും ഏകീകരണവും സമൂഹത്തെ ബലപ്പെടുത്തുമെന്ന കാഴ്ചപ്പാടാണ് അയിത്തോച്ചാടന പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.1950-ൽ പെരുന്നയിൽ ചേർന്ന പ്രതിനിധി സഭാ സമ്മേളനത്തിൽ ജാതിരഹിത ഹിന്ദു സമൂഹത്തിന് വേണ്ടി പ്രമേയം അവതരിപ്പിച്ച് അതുവഴി എൻ എസ് എസിന്റെ ജന്മം സഫലമായി എന്ന് പ്രഖ്യാപിച്ച മന്നത്തിന്റെ ആശയങ്ങൾ 142- ജയന്തി ആഘോഷിക്കുന്ന വർത്തമാന കാലയളവിൽ വളരെ പ്രസക്തമാണ്.
എന്നാൽ സംഘടനാ നേതൃത്വം സമീപകാലത്ത് സ്വീകരിച്ച നിലപാടുകൾ സൃഷ്ടിച്ച വിവാദങ്ങൾ ഈ യശ്ശസിന് മങ്ങലേൽപ്പിച്ചിട്ടുണ്ട്. 1966-ൽ രാഷ്ട്രം പത്മഭൂഷൻ നൽകി ആദരിച്ച മന്നത്ത് പത്മനാഭന്റെ ഖ്യാതിയും പാരമ്പര്യവും ഉയർത്തിപ്പിടിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam