പുറ്റിംങ്ങല്‍ വെടിക്കെട്ട് ദുരന്തം; പോലീസ് - റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് ക്ലീന്‍ ചിറ്റ്

By Web DeskFirst Published Dec 23, 2016, 8:13 AM IST
Highlights

അന്തിമഘട്ടത്തിലെത്തിയിരിക്കുന്ന പുറ്റിംഗല്‍ വെടിക്കെട്ട് ദുരന്തത്തെക്കുറിച്ചുള്ള ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോട്ടില്‍ നിന്നാണ് റവ്‌ന്യൂ പൊലീസ് ഉദ്യോഗസ്ഥരെ ഒഴിവാക്കിയിരിക്കുന്നത്. 110 പേര്‍ മരിക്കുകയും 700 ല്‍ അധികം പേര്‍ക്ക് മാരകമായി പരിക്കേല്‍ക്കുകയും ചെയ്ത ദുരന്തത്തില്‍ 37 പേര്‍ മാത്രമാണ് പ്രതികള്‍. 

ക്രൈം  ബ്രാഞ്ച് അന്വേഷണത്തില്‍ ക്ഷേത്രം ഭാരവാഹികള്‍, വെടിക്കെട്ടു കരാറുകാര്‍, ഇവരുടെ ജോലിക്കാര്‍ എന്നിവര്‍ മാത്രമാണ് കുറ്റവാളികളായുള്ളത്. മതിയായ സ്ഥലമോ സുരക്ഷാ ക്രമീകരണമോ ഇല്ലാതെ ജനവാസ കേന്ദ്രത്തില്‍ വെടിക്കെട്ട് നടത്താനുള്ള അപേക്ഷയ്ക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കിയ പരവൂര്‍ സിഐ, ചാത്തന്നൂര്‍ എസിപി, ഫയര്‍ ഫോഴ് ഉദ്യോഗസ്ഥര്‍, ജില്ലകളക്ടര്‍ അനുമതി നിഷേധിച്ച വെടിക്കെട്ട് നടന്നപ്പോള്‍ തടയാതിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഇവരാരും തന്നെ െ്രെകബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പ്രതിസ്ഥാനത്തില്ല. 

വാക്കാല്‍ അനുമതി നല്‍കിയെന്ന് പറയുന്ന കൊല്ലം എഡിഎമ്മിനെ പറ്റിയും റിപ്പോര്‍ട്ടില്‍ പരമാര്‍ശമില്ല.  മത്സര വെടിക്കെട്ടിന് അനുമതി നല്‍കാന്‍ ഇടപെട്ടെന്നാരോപണം ഉയര്‍ന്ന ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ പീതാംബരകുറുപ്പും മറ്റു രാഷ്ട്രീയ നേതാക്കളും ക്രൈം ബ്രാഞ്ചിന്റെ അന്വേഷണ പരിധിയ്ക്ക് പുറത്ത്. എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമിച്ച സ്‌പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പാരിപ്പള്ളി രവീന്ദ്രന്റെ നിയമോപദേശം സ്വീകരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നാണ് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ വിശദീകരണം. 

എന്തായാലും ക്രൈം  ബ്രാംഞ്ച് അന്തിമ റിപ്പോര്‍ട്ട് കോടതിയിലെത്തുമ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയനേതാക്കളും പ്രതിപ്പട്ടികയിലുണ്ടാകില്ലെന്ന് ഉറപ്പായി. അവസാനഘട്ടത്തിലെത്തിയിരിക്കുന്ന ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് ജില്ലാകളക്ടറുടെ അനുമതി ലഭിച്ചതിന് ശേഷം അടുത്തമാസ കോടതിയില്‍ സമര്‍പ്പിച്ചേക്കും. 

നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജൂഡിഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിട്ട ജസ്റ്റിസ് എന്‍ കൃഷ്ണന്‍ നായര്‍ ആറുമാസം കഴിഞിട്ടും സര്‍ക്കാര്‍ അന്വേഷണ പരിധി നിശ്ചയിക്കാനോ മറ്റ് സഹായങ്ങള്‍ ഒരുക്കാനോ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് രാജി നല്‍കിയിരുന്നു. രാജി സര്‍ക്കാര്‍ സ്വീകരിച്ചതോടെ സംസ്ഥാനസര്‍ക്കാറിന് കീഴില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം മാത്രമാണുണ്ടായിരുന്നത്. അതിലാണ് ഉദ്യോഗസ്ഥര്‍ക്ക് നേരെ കണ്ണടയ്ക്കുന്ന റിപ്പോര്‍ട്ട് തയ്യാറാകുന്നത്.

click me!