പുറ്റിങ്ങള്‍ വെടിക്കെട്ടപകടം; പ്രത്യേക കോടതി സ്ഥാപിക്കും

By Web DeskFirst Published Sep 29, 2016, 8:32 PM IST
Highlights

തിരുവനന്തപുരം: പുറ്റിങ്ങല്‍ വെടിക്കെട്ടപകട കേസില്‍ പ്രത്യേക കോടതി സ്ഥാപിക്കാൻ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നു. കേസിലെ സാക്ഷികളുടെ ബാഹുല്യം കണക്കിലെടുത്താണ് പ്രത്യേക കോടതി വരുന്നത്. അതേസമയം സംഭവം നടന്ന് ആറ് മാസം കഴിഞ്ഞിട്ടും ക്രൈംബ്രാഞ്ചിന് ഈ കേസിലെ കുറ്റപത്രം സമര്‍പ്പിക്കാൻ കഴിഞ്ഞിട്ടില്ല.

1680 സാക്ഷികളാണ് കേരളത്തെ നടുക്കിയ വെടിക്കെട്ട് ദുരന്തത്തില്‍ ആകെയുള്ളത്..ക്ഷേത്രഭാരവാഹികളും വെടിക്കെട്ട് കരാറുകാരും ജോലിക്കാരും ഉള്‍പ്പടെ 57 പ്രതികള്‍..ഇത്രയും അധികം പേരുടെ വിസ്താരം പരവൂര്‍ സെഷൻസ് കോടതിയില്‍ നടത്താൻ ബുദ്ധിമുട്ടാണെന്ന് കാണിച്ച് സ്പെഷ്യല്‍ പബ്ല്ളിക്ക് പ്രോസിക്യൂട്ടര്‍ സര്‍ക്കാരിന് കത്തെഴുതി..ഈ സാഹചര്യത്തിലാണ് കൊല്ലത്തോ പരവൂരോ ഒരു പ്രത്യേക കോടതി സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള ആലോചന സര്‍ക്കാര്‍ തുടങ്ങിയത്.

ഇക്കഴിഞ്ഞ ഏപ്രില്‍ 11ന് പുലര്‍ച്ചെ നടന്ന ദുരന്തത്തിലെ അന്വേഷണം പൂര്‍ത്തിയാക്കാൻ ഇതുവരെയും ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. പ്രതികളായ 57 പേരും ഇപ്പോള്‍ ജാമ്യത്തിലാണ്..കേസിലെ സാക്ഷികളുടെ എണ്ണക്കൂടുതലും ശാസ്ത്രീയതെളിവെടുപ്പിന്‍റെ കാലതാമസവും കാരണമാണ് കുറ്റപത്രം വൈകുന്നതെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറയുന്നത്. 1400 പേജിലാണ് കുറ്റപത്രം തയ്യാറാകുന്നത്..കുറ്റപത്രം നല്‍കിയാലുടൻ പ്രത്യേക കോടതിയിലേക്ക് വിചാരണ നടപടികള്‍ മാറ്റും

click me!