പിവിആര്‍ പാര്‍ക്ക്; മണ്ഡലം കമ്മിറ്റി റിപ്പോര്‍ട്ട് തള്ളി ജില്ലാ കോണ്‍ഗ്രസ് നേതൃത്വം

By Web DeskFirst Published Aug 29, 2017, 8:28 PM IST
Highlights

കോഴിക്കോട്: പിവിആര്‍ പാര്‍ക്കിന്റെ നിയമ ലംഘനങ്ങളില്‍ പി.വി.അന്‍വര്‍ എംഎല്‍എയെ വെള്ള പൂശിയ മണ്ഡലം കമ്മിറ്റി റിപ്പോര്‍ട്ട് തള്ളി ജില്ലാ കോണ്‍ഗ്രസ് നേതൃത്വം. നിയമലംഘനം നടന്നെന്ന് വിലയിരുത്തിയ ഡിസിസി പാര്‍ക്കിനെതിരെയുള്ള സമരം തുടരുമെന്നും വ്യക്തമാക്കി.പാര്‍ക്കിന്റെ പ്രവര്‍ത്തനം എല്ലാ നടപടി ക്രമങ്ങളും പാലിച്ചാണെന്നായിരുന്നു  മണ്ഡലം  കോണ്‍ഗ്രസ് കമ്മിറ്റി കെപിസിസിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

അനുമതി നല്‍കിയ പഞ്ചായത്തിന്റെ നടപടിയില്‍ അപാകതയില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അന്‍വര്‍ എ.എല്‍.എക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ കൂടരഞ്ഞി പഞ്ചായത്ത് തീരുമാനം ശരിവെക്കുന്ന കോണ്‍ഗ്രസ്സ് പ്രാദേശിക നേതൃത്വത്തിന്‍റെ നിലപാട് അംഗീകരിക്കില്ലെന്ന് കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി വ്യക്തമാക്കി.പാര്‍ക്കിന്റെ നിയമ ലംഘനങ്ങളില്‍ സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാടിന് വിരുദ്ധമായ സമീപനം സ്വീകരിച്ചതിനാലായിരുന്നു മണ്ഡലം കമ്മിറ്റിയോട് കെപിസിസി വിശദീകരണം തേടിയത്.

എന്നാല്‍ എം.എല്‍.എ സംരക്ഷിക്കുന്നത് സര്‍ക്കാരാണ് എന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഈ വിഷയത്തിലെ പ്രതികരണം.  പഞ്ചായത്ത് ഭരണസമിതിയില്‍  പാര്‍ക്കിന് അനുകൂല സമീപനം എടുത്ത കോണ്‍ഗ്രസ്സ് അംഗങ്ങള്‍ക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിക്കുമോ എന്നാണ് ഇനി അറിയേണ്ടത് .മണ്ഡലം കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ പഞ്ചായത്ത് ഭരണ സമിതി നിയോഗിച്ച .ഉപസമിതി റിപ്പോര്‍ട്ടും പിവി അന്‍വറിന്അനുകൂലമാകുമെന്നാണ് സൂചന.

click me!