ജിദ്ദയിൽ നിന്ന് കരിപ്പൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ടയർ പൊട്ടിയതിനെ തുടർന്ന് കൊച്ചിയിൽ അടിയന്തരമായി ഇറക്കി. വിമാനത്തിലുണ്ടായിരുന്ന 160 യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു
നെടുമ്പാശ്ശേരി: വിമാനത്താവളത്തിൽ കുറച്ചുനേരമെങ്കിലും നെഞ്ചിടിപ്പേറ്റുന്ന കാര്യങ്ങളായിരുന്നു നടന്നത്. ജിദ്ദയിൽ നിന്നും കരിപ്പൂരിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് ലാൻഡിങ് ഗിയർ തകരാറിലായി ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് കൊച്ചിയിൽ അടിയന്തരമായി ഇറക്കിയത്. വിമാനത്തിലുണ്ടായിരുന്ന 160 യാത്രക്കാരും അത്ഭുതകരമായാണ് രക്ഷപ്പെട്ടു. എന്നാൽ സംഭവം നടക്കുമ്പോൾ വിമാനത്തിനകത്ത് ഉണ്ടായിരുന്ന യുവതി പങ്കുവച്ച വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. നെഞ്ചിടിപ്പിന്റെ ഭയപ്പെടുത്തുന്ന വീഡിയോ ജീവൻ തിരിച്ചുകിട്ടിയ നിമിഷം എന്ന കുറിപ്പോടെയാണ് കൃവാണ അരുൺ ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ടയര്‍ പൊട്ടിയെന്നും വിമാനത്തിന് സാധാരണമായി ഇറങ്ങാൻ പറ്റുന്ന സുരക്ഷിത രീതിയിൽ വിമാനം ലാൻഡ് ചെയ്യാൻ ബുദ്ധിമുട്ടുണ്ടെന്നും യാത്രക്കാരെ അറിയക്കുന്ന അനൗൺസ്മെന്റ് അടക്കമുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അനൗൺസ്മെന്റിന് ശേഷം കൊച്ചിയിൽ വിമാനം ഇറങ്ങുന്നതും യാത്രക്കാര്‍ നെടുവീര്‍പ്പിടന്നുതും ദൃശ്യങ്ങളിൽ കാണാം. ജീവൻ തിരിച്ചുകിട്ടി ആശ്വാസത്തിൽ ആളുകൾ പുറത്തേക്കു വരുന്നതും വിമാനത്തിന്റെ അടിയന്തര ലാൻഡിങ് പരിഗണിച്ച് ഫയര്‍ എഞ്ചിൻ അടക്കമുള്ള സുരക്ഷാ വാഹനങ്ങൾ എത്തുന്നതും അടക്കം വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഭീതിയുടെ തുടക്കം ജിദ്ദയിൽ നിന്ന്
ദുരന്തത്തിന്റെ സൂചനകൾ വിമാനം ജിദ്ദയിൽ നിന്ന് പുറപ്പെടുമ്പോൾ തന്നെ തുടങ്ങിയിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ഇന്ന് പുലർച്ചെ 1.15-ന് ജിദ്ദയിൽ നിന്ന് പറന്നുയരുന്ന സമയത്ത് തന്നെ വലിയ ശബ്ദവും കുലുക്കവും അനുഭവപ്പെട്ടിരുന്നതായി യാത്രക്കാർ പറയുന്നു. വിമാനത്തിന്റെ ടയറുകളിൽ ഒന്ന് അപ്പോൾ തന്നെ പൊട്ടിയിരുന്നതായാണ് സംശയിക്കുന്നത്. ലാൻഡിങ് ഗിയറിന് തകരാർ സംഭവിച്ച വിമാനം കൊച്ചിയിൽ ലാൻഡ് ചെയ്തപ്പോൾ രണ്ട് ടയറുകളും പൂർണ്ണമായും പൊട്ടിത്തകർന്ന നിലയിലായിരുന്നു.
വിമാനം ഇറങ്ങുന്നതിനായി കൊച്ചി വിമാനത്താവളം പൂർണ്ണസജ്ജമായിരുന്നു. ലാൻഡിങ്ങിനിടെ ടയറുകൾ പൊട്ടിത്തെറിച്ച വിമാനം റൺവേയിൽ നിർത്താൻ പൈലറ്റിന് സാധിച്ചതിനാലാണ് വൻ ദുരന്തം ഒഴിവായത്. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തെന്ന് സിയാൽ (CIAL) അധികൃതർ അറിയിച്ചതോടെയാണ് ആശങ്കയ്ക്ക് അറുതിയായത്. സാങ്കേതിക തകരാർ ഉണ്ടെന്ന കാര്യം കൊച്ചിയിലെത്തിയ ശേഷമാണ് യാത്രക്കാരെ അറിയിച്ചത്. കരിപ്പൂരിലേക്ക് പോകേണ്ട യാത്രക്കാരോട് റോഡ് മാർഗ്ഗം പോകണമെന്ന് എയർ ഇന്ത്യ അധികൃതർ നിർദ്ദേശിച്ചത് വിമാനത്താവളത്തിനുള്ളിൽ വലിയ പ്രതിഷേധത്തിന് കാരണമായി. പകരം വിമാനം വേണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാർ അധികൃതരുമായി വാക്കുതർക്കത്തിലേർപ്പെട്ടു.


