
ഖത്തറില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ വേതന സുരക്ഷാ നിയമത്തെ കുറിച്ചുള്ള അറിവില്ലായ്മ മലയാളികള്‍ ഉള്‍പ്പെടെയുള്ള സംരംഭകരെ വലയ്‌ക്കുന്നു. പദ്ധതി പ്രകാരം തൊഴിലാളികളുടെ മാസ വേതനം ബാങ്ക് അക്കൗണ്ടുകള്‍ വഴി വിതരണം ചെയ്യുന്നുണ്ടെങ്കിലും സമയപരിധിയെ കുറിച്ച് കൃത്യമായ അറിവില്ലാത്തതാണ് പ്രശ്‍നങ്ങള്‍ക്കിടയാക്കുന്നത്. വേതന സുരക്ഷാ പദ്ധതി ശരിയായ വിധത്തില്‍ നടപ്പിലാക്കാത്ത നിരവധി സ്ഥാപനങ്ങളുടെ സര്‍ക്കാര്‍ സേവനങ്ങള്‍ ഇതുമൂലം നിര്‍ത്തിവെച്ചിട്ടുണ്ട്.
തൊഴിലാളികളുടെ വേതനവും മറ്റാനുകൂല്യങ്ങളും ബാങ്ക് അക്കൗണ്ടുകള്‍ വഴി വിതരണം ചെയ്യുന്ന വേതന സുരക്ഷാ പദ്ധതി കഴിഞ്ഞ വര്‍ഷം നവംബര്‍ മൂന്നിനാണ് നിലവില്‍ വന്നത്. ഇതുവരെയായി രാജ്യത്തെ ഒന്നര മില്യണ്‍ സ്ഥാപനങ്ങള്‍ പദ്ധതിക്ക് കീഴില്‍ വന്നതായി തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയം ഈയിടെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പല സ്ഥാപനങ്ങളും പദ്ധതി പ്രകാരം തൊഴിലാളികളുടെ വേതനം ബാങ്കുകള്‍ വഴി വിതരണം ചെയ്യുന്നുണ്ടെങ്കിലും ശമ്പളം നല്‍കേണ്ട സമയപരിധിയെ കുറിച്ച് കൃത്യമായ അറിവില്ലാത്തതു കാരണം പലപ്പോഴും നിയമനടപടികള്‍ക്കു വിധേയമാകുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
WPS -ല്‍ ഉള്‍പ്പെട്ട കമ്പനിയാണെങ്കില്‍ പോലും തൊഴിലാളികള്‍ക്ക് വേതനം ലഭിക്കുന്നത് ഏഴാം തിയതിക്ക് ശേഷമാണെങ്കില്‍ സ്ഥാപനം നിയമനടപടി നേരിടേണ്ടി വരും. പിന്നീട് നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ തൊഴില്‍ - ആഭ്യന്തര മന്ത്രാലയങ്ങളുടെ സേവനങ്ങള്‍ പുനഃസ്ഥാപിക്കാന്‍ കഴിയൂ. അതുകൊണ്ടു തന്നെ രാജ്യത്തെ ചെറുതും വലുതുമായ മുഴുവന്‍ സ്വകാര്യ സംരംഭകരും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam