വിശാലമായ തോട്ടത്തോട് കൂടിയുള്ള വീടിന്റെ ഭാഗം വയ്പ്പുമായി ബന്ധപ്പെട്ട് ഏറെക്കാലമായി കുടുംബത്തിൽ കലഹങ്ങൾ നിലനിന്നിരുന്നു.

ദില്ലി: സ്വത്തിനെ ചൊല്ലിയുള്ള തർക്കം മുൻ വ്യോമ സേനാ ഉദ്യോഗസ്ഥനെ തല്ലിക്കൊന്ന് മരുമകൾ. തെക്കൻ ദില്ലിയിലെ ബിന്ദാപൂറിലാണ് സംഭവം. 62 കാരനായ നരേഷ് കുമാറാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ മരുമകളും 32കാരിയുമായ ഗീതയെ പൊലീസ് അറസ്റ്റ് ചെയ്തു. 62കാരന്റെ നെഞ്ചിൽ കയറിയിരുന്നാണ് 32കാരിയുടെ ആക്രമണമെന്നാണ് പൊലീസ് വിശദമാക്കിയത്. തലയിലും നെഞ്ചിലുമുണ്ടായ ഗുരുതര പരിക്കിനേ തുടർന്നാണ് 62കാരൻ കൊല്ലപ്പെട്ടത്. വിശാലമായ തോട്ടത്തോട് കൂടിയുള്ള വീടിന്റെ ഭാഗം വയ്പ്പുമായി ബന്ധപ്പെട്ട് ഏറെക്കാലമായി കുടുംബത്തിൽ കലഹങ്ങൾ നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയാണ് കൊലപാതകമെന്നാണ് പൊലീസ് നിഗമനം. കഴിഞ്ഞ ദിവസം രാത്രി പത്തേ മുക്കാലോടെയാണ് നരേഷ് കുമാറിനെ ചലനമറ്റ നിലയിൽ ടെറസിൽ കണ്ടെത്തിയത്. പിന്നാലെ ഇളയ മകൻ പൊലീസിൽ ബന്ധപ്പെടുകയായിരുന്നു. പിന്നാലെ ഇളയ മകൻ നരേഷ് കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. 

വീട് ഭാഗം വച്ചതിലെ തർക്കം, മുൻ വ്യോമ സേനാ ഉദ്യോഗസ്ഥന് ദാരുണാന്ത്യം 

അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് പൊലീസ് അയൽവാസികളെ ചോദ്യം ചെയ്തതിൽ നിന്നാണ് 62കാരനെ മർദ്ദിച്ചത് മരുമകളാണെന്ന സൂചന ലഭിച്ചത്. ഇതേ വീട്ടിലെ ഒന്നാമത്തെ നിലയിലായിരുന്നു ഗീതയും താമസിച്ചിരുന്നത്. ടെറസിൽ തനിച്ചിരുന്ന നരേഷിനെ ഗീത ആക്രമിച്ചുവെന്നാണ് മൊഴി നൽകിയിട്ടുള്ളത്. വലിച്ച് നിലത്തിട്ട ശേഷം നെഞ്ചിലിരുന്ന് തല തല്ലിപ്പൊളിച്ചുവെന്നാണ് ഗീത പൊലീസിൽ വിശദമാക്കിയത്. നരേഷിന്റെ നിലവിളി കേട്ട അയൽവാസികൾ അറിയിച്ചപ്പോഴാണ് ഇളയ മകൾ ടെറസിലേക്ക് എത്തിയത്. അപ്പോഴേയ്ക്കും നരേഷിന്റെ ചലനമറ്റിരുന്നു.ഇളയ മകനും ഭാര്യയ്ക്കും പേരക്കുട്ടിക്കും ഒപ്പമായിരുന്നു നരേഷ് താമസിച്ചിരുന്നത്. നരേഷിന്റെ മൂത്തമകനായ ഗീതയുടെ ഭർത്താവ് സംഭവം നടക്കുമ്പോൾ ഹൈദരബാദിലായിരുന്നു. നാല് മാസം മുൻപാണ് നരേഷിന്റെ ഭാര്യ മരണപ്പെട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം