വെബ്സൈറ്റ് ആക്രമണത്തിന് പിന്നില്‍ യു.എ.ഇ ആണെന്ന് സൂചിപ്പിച്ച് ഖത്തര്‍

Published : Jul 21, 2017, 11:35 AM ISTUpdated : Oct 04, 2018, 07:07 PM IST
വെബ്സൈറ്റ് ആക്രമണത്തിന് പിന്നില്‍ യു.എ.ഇ ആണെന്ന് സൂചിപ്പിച്ച് ഖത്തര്‍

Synopsis

ഖത്തര്‍ വാര്‍ത്താ ഏജന്‍സിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തതിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. ആക്രമണത്തിന് പിന്നില്‍ യു.എ.ഇ ആണെന്നതിന്റെ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ആരെയും പേരെടുത്ത്‌ കുറ്റപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രാലയം പ്രതിനിധികള്‍ വ്യക്തമാക്കി. ഹാക്കിങ്ങുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ആഭ്യന്തര മന്ത്രാലയം പ്രതിനിധികള്‍ ഇക്കാര്യം അറിയിച്ചത്. 

ഖത്തര്‍ ന്യൂസ് ഏജന്‍സിക്ക് നേരെ കഴിഞ്ഞ മാസം 23നുണ്ടായ സൈബര്‍ ആക്രമണം ഖത്തറിനെതിരെയുള്ള ഉപരോധം വരെ എത്തിനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇതേക്കുറിച്ചുള്ള അന്വേഷണ പുരോഗതി വിശദീകരിക്കാന്‍ ആഭ്യന്തര മന്ത്രാലയം ഇന്നലെ വൈകുന്നേരം വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തത്. സൈബര്‍ ആക്രമണം ആസൂത്രണം ചെയ്തത് മുതല്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്‌യുന്നതുവരെയുള്ള നാള്‍വഴികളും ഹാക്കര്‍മാരുടെ നീക്കങ്ങളും വിശദീകരിക്കുന്ന വീഡിയോ ദൃശ്യങ്ങളും അധികൃതര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. ഏപ്രില്‍ 19നാണ് ഹാക്കര്‍മാര്‍ ഖത്തര്‍ വാര്‍ത്താ ഏജന്‍സിയുടെ  വെബ്‌സൈറ്റിന് നേരെ ആദ്യം  ആക്രമണം നടത്തുന്നത്. ഖത്തറിലെ സൈബര്‍ സുരക്ഷാ അധികൃതര്‍ക്ക് ഇതുമായി ബന്ധപ്പെട്ട ചില സൂചനകള്‍ അന്ന് തന്നെ ലഭിച്ചിരുന്നതായും അധികൃതര്‍ വ്യക്തമാക്കി. ഇക്കാലയളവിവല്‍ തുടര്‍ച്ചയായി 45ഓളം തവണ ഹാക്കര്‍മാര്‍ വെബ്‌സൈറ്റിന് നേരെ അക്രമണം നടത്തിയതായും  ലെഫ്റ്റനന്റ് കേണല്‍ അലി മുഹമ്മ്ദ് അല്‍ മുഹന്നദി വിശദീകരിച്ചു.

തുടര്‍ന്ന് മെയ് 23നാണ്  വെബ്സൈറ് പൂര്‍ണമായും നിയന്ത്രണത്തിലാക്കി ഖത്തര്‍ അമീറിന്റെ പേരില്‍ വ്യാജ പ്രസ്താവന പ്രസിദ്ധീകരിച്ചത്. ഉപരോധ രാഷ്‌ട്രങ്ങളില്‍ നിന്നുള്ള രണ്ടു വ്യക്തികള്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നും ഇവര്‍ ഉപയോഗിച്ച, യൂറോപ്പില്‍ നിന്നുള്ള തിരിച്ചറിയല്‍ നമ്പര്‍ തങ്ങള്‍ക്ക് ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.  മെയ് 23നു ഹാക്കിങ് നടന്ന ദിവസം അര്‍ദ്ധരാത്രിയില്‍ തന്നെ യു.എ.എയില്‍ നിന്ന് ക്യൂ.എന്‍.എ വെബ്‌സൈറ്റിലേക്കുള്ള  ട്രാഫിക് വന്‍ തോതില്‍ വര്‍ധിച്ചത് കുറ്റവാളികള്‍ യു.എ.ഇയില്‍ നിന്നുള്ളവരാണെന്ന വ്യക്തമായ സൂചനകളാണ് നല്‍കുന്നുണ്ട്. എന്നാല്‍ വ്യക്തമായ തെളിവുകള്‍ ലഭിക്കുന്നത് വരെ യു.എ.ക്കുനേരെ ആരോപണങ്ങള്‍ ഉന്നയിക്കാനില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. അന്വേഷണ സംഘം കൂടുതല്‍ വ്യക്തമായ   ശേഖരിച്ചു വരികയാണെന്നും ഇത് പൂര്‍ത്തിയായാല്‍  ഖത്തര്‍ പബ്ലിക് പ്രോസിക്യൂഷന്റെ മേല്‍നോട്ടത്തില്‍ ഉടന്‍ അന്താരാഷ്‌ട്ര കോടതികളില്‍ നിയമ നടപടികള്‍  ആരംഭിക്കുമെന്നും മുഹമ്മ്ദ് അല്‍ മുഹന്നദി പറഞ്ഞു. അതേസമയം  വാഷിങ്ടണ്‍ പോസ്റ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടിനെ കുറിച്ച് ചോദിച്ചപ്പോള്‍ തങ്ങള്‍ അന്തരാഷ്‌ട്ര നിയമങ്ങളെ മാനിക്കുന്നുവെന്നും ഈ ഘട്ടത്തില്‍ ആരെയും പേരെടുത്തു വിമര്‍ശിക്കാന്‍ തയാറാല്ലെന്നും ആഭ്യന്തര മന്ത്രാലയം പ്രതിനിധികള്‍ വ്യക്തമാക്കി.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുലിന് മുൻകൂർ ജാമ്യം; സെഷൻസ് കോടതി ഉത്തരവിനെതിരെ ഹർജിയുമായി സർക്കാർ ഹൈക്കോടതിയിലേക്ക്
നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ പ്രതികരിച്ച് നടൻ ടൊവിനോ തോമസ്; 'അതിജീവിതക്ക് നീതി ലഭിക്കണം, കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം'