
ദോഹ: തീവ്രവാദവുമായി ബന്ധപ്പെട്ട് രാജ്യത്തിനെതിരെ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ഖത്തര്‍ നിഷേധിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ മധ്യപൂര്‍വ മേഖലാ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ഖത്തര്‍ തീവ്രവാദികളെ സഹായിക്കുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
ഡൊണാള്‍ഡ് ട്രംപിന്റെ സൗദി സന്ദര്‍ശനം തീരുമാനിച്ചത് മുതല്‍ വിവിധ അന്താരാഷ്‌ട്ര മാധ്യമങ്ങളില്‍ ഖത്തറിനെ തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുത്തി നിരവധി വാര്‍ത്തകള്‍ വന്നിരുന്നു.
മേഖലയിലെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സംഘടനകളുമായി ഖത്തറിന് ബന്ധമുണ്ടെന്നും ഭരണകൂടം തീവ്രവാദ സംഘങ്ങളോട് മൃദുസമീപനം സ്വീകരിക്കുന്നു എന്നുമായിരുന്നു പ്രധാന ആരോപണം. എന്നാല്‍ ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ തള്ളിക്കളയുന്നതായി വാര്‍ത്താ വിതരണ വിഭാഗം ഡയറക്റ്റര്‍ ശൈഖ് സെയ്ഫ് അല്‍താനി അറിയിച്ചു. തീവ്രവാദത്തെ എല്ലാതരത്തിലും ഉന്മൂലനം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ഥതമായും പ്രതിബദ്ധതയോടെയുമാണ് ഖത്തര്‍ പ്രവര്‍ത്തിക്കുന്നത്. ഖത്തറിന്റെ അന്തസ്സ് നശിപ്പിക്കാനും മോശമായി ചിത്രീകരിക്കാനുമുള്ള ശ്രമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കുറിച്ചും അവരുടെ ഉദ്ദേശ ലക്ഷ്യങ്ങളും ഭാവിയില്‍ തിരിച്ചറിയുമെന്നും സെയ്ഫ് അല്‍താനി ചൂണ്ടിക്കാട്ടി.
മധ്യപൂര്‍വ മേഖലയിലെ മറ്റ് രാജ്യങ്ങളെ പോലെ തന്നെ തീവ്രവാദ ഗ്രൂപ്പുകള്‍ ലക്ഷ്യമിടുന്ന രാജ്യങ്ങളിലൊന്നാണ് ഖത്തറുമെന്ന കാര്യം ഇത്തരം ആളുകള്‍ മറക്കരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. .ഖത്തര്‍ തീവ്രവാദഗ്രൂപ്പുകള്‍ക്ക് ധനസഹായം നല്‍കുകയോ അല്‍ഖ്വെയ്ദയുടെ തലവന് സുരക്ഷിതസങ്കേതം നല്‍കുകയോ ചെയ്യുന്നുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ അസംബന്ധമാണ്. തീവ്രവാദത്തെയും ഭീകരവാദത്തെയും പരാജയപ്പെടുത്തുന്നതില്‍ ഖത്തര്‍ നടത്തിവരുന്ന ശ്രമങ്ങളെ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും സുരക്ഷാ, ഇന്റലിജന്‍സ് ഏജന്‍സികള്‍ അഭിനന്ദിച്ച കാര്യവും അദ്ദേഹം ഓര്‍മിപ്പിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam