നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തെ പ്രതീക്ഷയോടെ ഉറ്റുനോക്കി ഖത്തര്‍

By Web DeskFirst Published Jun 1, 2016, 6:51 PM IST
Highlights

ദോഹ: ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ഖത്തര്‍ സന്ദര്‍ശനം ഇന്ത്യയിലേക്ക് കൂടുതല്‍ നിക്ഷേപം കൊണ്ടുവരാനുള്ള സാധ്യതകള്‍ക്ക് വഴി തുറക്കുമെന്ന് സൂചന.യൂറോപ്യന്‍ രാജ്യങ്ങളില്‍ വന്‍ തോതില്‍ നിക്ഷേപം നടത്തിയിരുന്ന ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി ഏഷ്യന്‍ രാജ്യങ്ങളില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ സന്നദ്ധത പ്രകടിപ്പിച്ച് രംഗത്തെത്തിയത് ഇന്ത്യക്ക് അനുകൂല സാഹചര്യമുണ്ടാക്കുമെന്നാണ് പ്രതീക്ഷ. ഇതിനിടെ ഖത്തറിലെ ഇന്ത്യന്‍ പ്രവാസി സമൂഹം നേരിടുന്ന അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങള്‍ പ്രധാന മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ സന്ദര്‍ശനത്തിനിടെ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വിവിധ സംഘടനാ പ്രതിനിധികള്‍.

രാജ്യം ഊര്‍ജ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ എണ്ണയുല്‍പാദക രാജ്യങ്ങളുമായി പുതിയ വ്യാപാര കരാറുകള്‍ ഉണ്ടാക്കുന്നതിനുള്ള സാധ്യതകള്‍ തേടിയാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്നത്. ഇതിന്റെ ഭാഗമായി ഈ മാസം നാല്, അഞ്ച് തിയതികളില്‍ ഖത്തര്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി എണ്ണ വാതക വ്യാപാര ചര്‍ച്ചകള്‍ക്ക് പുറമെ ഖത്തറിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യന്‍ തൊഴിലാളികള്‍ നേരിടുന്ന പ്രശനങ്ങളും സന്ദര്‍ശനത്തിനിടെ ചര്‍ച്ച ചെയ്‌തേക്കുമെന്ന് സൂചനയുണ്ട്. എന്നാല്‍ ഖത്തറില്‍ നിന്ന് കൂടുതല്‍ നിക്ഷേപം ഇന്ത്യയിലെത്തിക്കുന്നതിനുള്ള സാധ്യതകള്‍ തന്നെയായിരിക്കും സന്ദര്‍ശനത്തിലെപ്രധാന അജണ്ട. യൂറോപ്പില്‍ ബാങ്കിംഗ് മേഖലയില്‍ ഉള്‍പെടെ വന്‍തോതില്‍ നിക്ഷേപം നടത്തിയിരുന്ന ഖത്തര്‍ നിക്ഷേപ അതോറിറ്റി ലാഭവിഹിതത്തിലുണ്ടായ തുടര്‍ച്ചയായ തിരിച്ചടിയെ തുടര്‍ന്ന് ഇപ്പോള്‍ ഇന്ത്യയിലെ നിക്ഷേപ സാധ്യതകളിലാണ് കണ്ണ് വെക്കുന്നത്.

അനുകൂല സാഹചര്യമുണ്ടായാല്‍ ഊര്‍ജം, അടിസ്ഥാന വികസനം, വിനോദ സഞ്ചാരം തുടങ്ങിയ മേഖലകളില്‍നിക്ഷേപത്തിന് തയാറാണെന്ന് ഖത്തര്‍ നിക്ഷേപ അതോറിറ്റി ഈയിടെ വ്യക്തമാക്കിയിരുന്നു. അതേസമയം കമ്യൂണിറ്റി സ്‌കൂള്‍, ആരാധനാ സമുച്ചയം, തൊഴില്‍ തര്‍ക്കങ്ങളില്‍ പെടുന്നതൊഴിലാളികള്‍ക്കുള്ള ഷെല്‍ട്ടര്‍ സംവിധാനം തുടങ്ങിയ ദീര്‍ഘ കാലത്തെ ആവശ്യങ്ങള്‍ സന്ദര്‍ശന വേളയില്‍ പ്രധാന മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഖത്തറിലെ ഇന്ത്യന്‍ സമൂഹം.

പ്രധാനമന്ത്രി പങ്കെടുക്കുന്ന പോതുപരിപാടികളൊന്നും ദോഹയില്‍ ഉണ്ടാവില്ലെന്ന് അറിയിച്ചിട്ടുണ്ടെങ്കിലുംജൂണ്‍ അഞ്ചിന് വൈകീട്ട് 4.30നു ദോഹ ഷെരാട്ടന്‍ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ സംഘടനാ പ്രതിനിധികളെയും പ്രമുഖരെയും മോദി അഭിസംബോധന ചെയ്യും. വ്യവസായ മേഖലയില്‍ തൊഴിലാളികള്‍ക്കായി നിര്‍മിച്ച ലേബര്‍ സിറ്റിയില്‍ പ്രധാന മന്ത്രി സന്ദര്‍ശനം നടത്തുമെന്നും വിവരം ലഭിച്ചിട്ടുണ്ട്.

click me!