. ലോകത്ത് എവിടെയാണെങ്കിലും ഇറാൻ കപ്പലിന് നേരെ ആക്രമണമുണ്ടാകുമെന്നാണ് അമേരിക്ക മുന്നറിയിപ്പ് നൽകുന്നത്. അതേസമയം ഇറാൻ കപ്പൽ ആക്രമിക്കപ്പെട്ടതിൽ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ദില്ലി: ശ്രീലങ്കയുടെ തെക്കൻ തീരത്ത് ഇറാനിയൻ യുദ്ധകപ്പൽ അമേരിക്ക തകർത്തതിന് പിന്നാലെ ഇന്ത്യൻ മഹാസമുദ്രത്തിലും യുദ്ധ ആശങ്ക. കഴിഞ്ഞ ദിവസം പുലർച്ചെയാണ് വിശാഖപട്ടണത്ത് ഇന്ത്യ സംഘടിപ്പിച്ച മിലാൻ 2026 ബഹുരാഷ്ട്ര നാവിക അഭ്യാസത്തിൽ പങ്കെടുത്ത ശേഷം ഇറാനിലേക്ക് മടങ്ങുകയായിരുന്ന മൗഡ്ജ് ക്ലാസ് യുദ്ധക്കപ്പൽ ഐറിസ് ദേനയാണ് യുഎസ് ആണവ മുങ്ങിക്കപ്പലിൽ നിന്നുള്ള ടോർപ്പിഡോ ആക്രമണത്തിലൂടെ തകർത്തത്. ഇറാൻ നാവിക സേനക്ക് നേരെ അമേരിക്ക നടത്തുന്ന ആക്രമണത്തിന്‍റെ ഭാഗമാണ് ഇന്ത്യൻ മഹാസമുദ്രത്തിൽ ഐറിസ് ദേനക്ക് നേരെ നടന്ന ആക്രമണം എന്നാണ് അമേരിക്ക പറയുന്നത്. 87 ഇറാനിയൻ നാവികരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 32 പേരെ ശ്രീലങ്കൻ നാവികസേന രക്ഷപ്പെടുത്തിയിരുന്നു..
ഐറിസ് ദേന മാത്രമല്ല ഇറാന്‍റെ 20 ഓളം നാവിക കപ്പലുകൾ തകർത്തു എന്നാണ് അമേരിക്കയുടെ അവകാശവാദം. ഇറാന്‍റെ നാവിക സേനയെ പൂർണ്ണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് യുഎസ് വ്യക്തമാക്കുന്നു. ലോകത്ത് എവിടെയാണെങ്കിലും ഇറാൻ കപ്പലിന് നേരെ ആക്രമണമുണ്ടാകുമെന്നാണ് അമേരിക്ക മുന്നറിയിപ്പ് നൽകുന്നത്. അതേസമയം ഇറാൻ കപ്പൽ ആക്രമിക്കപ്പെട്ടതിൽ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇന്ത്യൻ സമുദ്ര മേഖല പിന്നിട്ട ശേഷമാണ് ആക്രമണം നടന്നത്. ആക്രമണം തികച്ചും അപ്രതീക്ഷിതമാണ്. കപ്പൽ തകർത്ത വിഷയം പരിശോധിച്ചു വരികയാണെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. എല്ലാ വശവും നോക്കി മാത്രം പ്രതികരണം നൽകുമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. അതേസമയം ഇന്ത്യയുടെ ക്ഷണപ്രകാരം എത്തിയ കപ്പലിനെ ആക്രമിച്ചതിൽ പ്രതിഷേധം അറിയിക്കണമെന്ന് ചില പ്രതിരോധ വിദഗ്ധർ പ്രതികരിച്ചു.
ബുധനാഴ്ച ശ്രീലങ്കയുടെ തെക്കൻ തീരത്ത് വെച്ചാണ് 180 പേരടങ്ങുന്ന ഒരു ഇറാനിയൻ നാവിക കപ്പലിന് നേരെ യുഎസ് ടോർപ്പിഡോ അറ്റാക്ക് നടത്തിയത്. 1945ൽ രണ്ടാം ലോക മഹായുദ്ധം അവസാവിച്ച ശേഷം ആദ്യമായാണ് യുഎസ് ടോര്‍പ്പിഡോ ആക്രമണത്തിലൂടെ ഒരു യുദ്ധക്കപ്പൽ തകർക്കുന്നത്. ഇറാനിയൻ നാവികസേനയിലെ പ്രധാനപ്പെട്ട യുദ്ധക്കപ്പലുകളിലൊന്നായിരിരുന്നു ഐറിസ് ദേന. ഇന്നലെ ശ്രീലങ്കയുടെ സമുദ്രാതിർത്തിക്ക് പുറത്ത് നിന്നും പ്രാദേശിക സമയം പുലർച്ചെ 5:08 നാണ് ഐറിസ് ദേന ഒരു ദുരന്ത സിഗ്നൽ ശ്രീലങ്കൻ നാവിക സേനക്ക് ലഭിക്കുന്നത്. ശ്രീലങ്കൻ സേന എത്തുമ്പോഴേക്കും കപ്പൽ പൂർണ്ണമായും മുങ്ങിയിരുന്നു.


