
ഖത്തറിനെതിരായ ഉപരോധം പിൻവലിക്കാൻ സൗദി സഖ്യരാജ്യങ്ങൾ മുന്നോട്ടു വെച്ച ഉപാധികളിൽ അയവ് വരുത്തുന്നു. നേരത്തെയുള്ള പതിമൂന്ന് ഉപാധികൾക്ക് പകരം ആറു നിബന്ധനകൾ അംഗീകരിച്ചാൽ മതിയെന്നാണ് പുതിയ നിർദേശം. ഇറാൻ ബന്ധം, തുർക്കി സൈനിക സാന്നിധ്യം , അൽജസീറ അടച്ചുപൂട്ടൽ തുടങ്ങിയ പ്രധാന ആവശ്യങ്ങളിൽ നിന്നാണ് പിന്നോട്ട് പോയിരിക്കുന്നത
ജൂൺ അഞ്ചിന് പ്രഖ്യാപിച്ച ഉപരോധം അമ്പത് ദിവസം പിന്നിടുമ്പോൾ ഖത്തറിനെതിരെയുള്ള നിലപാടിൽ സൗദി സഖ്യരാജ്യങ്ങൾ അയവുവരുത്തുന്നതായുള്ള സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്. നേരത്തെയുള്ള പതിമൂന്ന് നിബന്ധനകൾക്ക് പകരം പുതിയ ആറ് നിർദേശങ്ങൾ നടപ്പിലാക്കിയാൽ ഉപരോധം പിൻവലിക്കാമെന്ന ഐക്യരാഷ്ട്ര സഭയിലെ സൗദി പ്രതിനിധി അബ്ദുല്ല അൽ മൗലമിയുടെ പ്രസ്താവന ഇതിന്റെ ഭാഗമാണെന്നാണ് വിലയിരുത്തൽ.
ജൂലായ് അഞ്ചിന് കെയ്‌റോവിൽ ചേർന്ന ഉപരോധ രാഷ്ട്രങ്ങളിലെ വിദേശ കാര്യ മന്ത്രിമാരുടെ യോഗത്തിലാണ് പുതിയ നിർദേശങ്ങൾക്ക് രൂപം നൽകിയതെന്നും അദ്ദേഹം വാഷിങ്‌ടണിൽ വ്യക്തമാക്കി.
പുതിയ നിബന്ധനകൾ ഇവയാണ്. മേഖലയിലെ എല്ലാ തരത്തിലുള്ള തീവ്രവാദ പ്രവർത്തനങ്ങളെയും ഉന്മൂലനം ചെയ്‌യുന്നതിന് ഖത്തർ പ്രതിജ്ഞാബദ്ധമായി പ്രവർത്തിക്കണം. തീവ്രവ്രവാദ പ്രവർത്തനങ്ങൾക്കു പരോക്ഷമായി ധന സഹായം നൽകുന്നത് നിർത്തലാക്കുക പ്രകോപനപരമായ പ്രസ്താവനകളും വാർത്താകുറിപ്പുകളും അവസാനിപ്പിക്കുക,2013 ൽ സൗദിയുമായി ഒപ്പുവച്ച റിയാദ് കരാറുകളും ഉപകരാറുകളും നടപ്പിൽ വരുത്താനാവശ്യമായ നടപടികൾ കൈക്കൊള്ളുക,ഈ വർഷം റിയാദിൽ നടന്ന അമേരിക്കൻ ഇസ്ലാമിക് സമ്മേളനവുമായി ബന്ധപ്പെട്ട എല്ലാ പ്രഖ്യാപനങ്ങളെയും മാനിക്കുകയും അവ നടപ്പിൽ വരുത്താൻ സഹായിക്കുകയും ചെയ്‌യുക മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അവസാനിപ്പിക്കുന്നതോടൊപ്പം നിയമ വിരുദ്ധ സംഘടനകൾക്കുള്ള പിന്തുണ അവസാനിപ്പിക്കുക തുടങ്ങിയവയാണ് പുതിയ ഉപാധികൾ.
അതെസമയം തീവ്രവാദ പ്രവർത്തനങ്ങളെ പ്രതിരോധിക്കുന്നതിനാണ് ഉപരോധ രാഷ്ട്രങ്ങൾ മുന്‍ഗണന നൽകുന്നതെന്നും ഇത്രയും നിർദേശങ്ങൾ അംഗീകരിച്ചാൽ അൽജസീറ അടച്ചു പൂട്ടേണ്ട ആവശ്യമില്ലെന്നും അൽ മൗലമി വ്യക്തമാക്കി.
ഇതിനിടെ, തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഖത്തറും തങ്ങൾക്കൊപ്പം ചേരണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും ഗൾഫ് സഹകരണ കൗൺസിലിൽ നിന്ന് ഖത്തർ പുറത്തു പോകുന്നത് മേഖലയെ മൊത്തത്തിൽ മോശമായി ബാധിക്കുമെന്നും യു എ ഇ വിദേശ കാര്യമന്ത്രി അൻവർ ഗർഗാഷ് ഇന്നലെ ലണ്ടനിൽ അഭിപ്രായപ്പെട്ടിരുന്നു. ഖത്തറിലെ തുർക്കി സൈനികരെ പിൻവലിക്കുക, അൽജസീറ അടച്ചു പൂട്ടുക, ഇറാനുമായുള്ള നയതന്ത്ര ബന്ധം പരിമിതപ്പെടുത്തുക തുടങ്ങി നേരത്തെ മുന്നോട്ടു വെച്ച പല സുപ്രധാന നിബന്ധനകളും പുതിയ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam