
ദോഹ: ഇപ്പോഴത്തെ പ്രതിസന്ധി രാജ്യത്തിന്റെ സമ്പദ്ഘടനയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് ഖത്തര്‍ ധനകാര്യ മന്ത്രി അറിയിച്ചു. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു നിലനില്‍ക്കാന്‍ ഖത്തര്‍ സാമ്പത്തിക മേഖലക്കും കറന്‍സിക്കും ശേഷിയുണ്ടെന്നും ധനകാര്യ മന്ത്രി അലി ഷെരീഫ് അല്‍ ഇമാദി ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
ഖത്തറിന് മാത്രമായി ഒരു തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയും നേരിടേണ്ടി വരില്ലെന്നും നിലവിലെ പ്രതിസന്ധി തുടര്‍ന്നാല്‍ മറ്റ് രാജ്യങ്ങളുടെ സമ്പദ് ഘടനയെയും സമാനമായ രീതിയില്‍ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു..ആദ്യ ദിവസങ്ങളില്‍ ഖത്തര്‍ റിയാലിന് മേല്‍ അല്‍പ്പം സമ്മര്‍ദ്ദം ഉണ്ടായിരുന്നെങ്കിലും പിന്നീട് സാധാരണ നില കൈവരിക്കുകയായിരുന്നുവെന്നും ഇത്തരം പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിക്കാനുള്ള ശേഷി രാജ്യം കൈവരിച്ചിട്ടുണ്ടെന്നും ധനകാര്യ മന്ത്രി പറഞ്ഞു. ഇതിനിടെ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ചരക്കു വിമാനങ്ങള്‍ക്ക് ഏര്‍പെടുത്തിയിട്ടുള്ള നിരക്കില്‍ ഇളവ് വരുത്തണമെന്ന് രാജ്യത്തെ വ്യാപാരി സമൂഹം ഖത്തര്‍ എയര്‍വേസിനോട് ആവശ്യപ്പെട്ടു.
വിഷയത്തില്‍ ഖത്തര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഇടപെട്ടു പരിഹാരമുണ്ടാക്കണമെന്നാണ് വ്യാപാരികളുടെ നിര്‍ദേശം. റോഡ് മാര്‍ഗമുള്ള ഗതാഗതത്തിനു വിലക്കേര്‍പ്പെടുത്തിയതിനാല്‍ ഇറക്കുമതി ചിലവില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നിരക്കില്‍ ഇളവ് വരുത്താന്‍ വ്യാപാരികള്‍ ഖത്തര്‍ എയര്‍വെയ്സിനോട് ആവശ്യപ്പെട്ടത്. ഇറക്കുമതിയുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ എളുപ്പമാക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു.
അധികൃതരുടെ മേല്‍നോട്ടത്തിലാണ് ചരക്കുകളുടെ ലേലം നടക്കുന്നതെങ്കിലും ഉറപ്പിച്ച തുകയിലും കൂടുതല്‍ നല്‍കിയാല്‍ മാത്രമേ മൊത്ത വിതരണക്കാര്‍ക്ക് ചരക്കുകള്‍ വിട്ടുനല്‍കുന്നുള്ളൂ എന്നും വ്യാപാരികള്‍ പറയുന്നു. സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ ഉള്‍പ്പെടെ ഈ അവസ്ഥ നിലനില്‍ക്കുന്നതായും ചില വ്യാപാരികള്‍ അറിയിച്ചിട്ടുണ്ട്. ഇതിനിടെ ഇറക്കുമതി സുഗമമാക്കാന്‍ രാജ്യത്തെ വ്യാപാരികള്‍ ചേര്‍ന്ന് ചാര്‍ട്ടര്‍ വിമാനങ്ങളും കപ്പലുകളും ഏര്‍പ്പെടുത്താന്‍ പദ്ധതിയിടുന്നതായും ചില റിപ്പോര്‍ട്ടുകളുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam