
ദോഹ വഴി ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനിടെ അഞ്ചു മണിക്കൂറില്‍ കൂടുതല്‍ രാജ്യത്ത് തങ്ങേണ്ടി വരുന്ന എല്ലാ യാത്രക്കാര്‍ക്കും നാലു ദിവസം കാലാവധിയുള്ള വിസ അനുവദിക്കാനാണ് തീരുമാനം. ഇതിനു മുന്‍കൂര്‍ അപേക്ഷിക്കേണ്ടതില്ലെന്നും എല്ലാ രാജ്യക്കാര്‍ക്കും ഈ ആനുകൂല്യം ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
എട്ടു മണിക്കൂറില്‍ കൂടുതല്‍ സ്റ്റോപ്പ് ഓവര്‍ ഉള്ള യാത്രക്കാര്‍ക്ക് മാത്രമാണ് നേരത്തെ രണ്ടു ദിവസത്തെ വിസ അനുവദിച്ചിരുന്നത്. ഇതിന്‍റെ കാലാവധി രണ്ടു ദിവസം കൂടി വര്‍ധിപ്പിച്ച് നാലു ദിവസമാക്കുകയും എല്ലാ രാജ്യക്കാരെയും ഓണ്‍ അറൈവല്‍ വിസയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തതിനു പുറമെ വിസാ ഫീസ് നീക്കം ചെയ്തതും വിനോദ സഞ്ചാരികള്‍ക്ക് ഗുണകരമാവും. യാത്രക്കാര്‍ വിമാനത്താവളത്തിലെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ നാലു ദിവസത്തേക്കുള്ള വിസ അപ്പോള്‍ തന്നെ അനുവദിക്കും.
എന്നാല്‍ വിസ അനുവദിക്കുന്നതിനുള്ള പൂര്‍ണ അധികാരം ആഭ്യന്തര മന്ത്രാലയത്തിനായിരിക്കും. ഖത്തര്‍ ടൂറിസം അതോറിറ്റി,ഖത്തര്‍ ആഭ്യന്തര മന്ത്രാലയം, ഖത്തര്‍ എയര്‍വേയ്‌സ് എന്നിവയുടെ സഹകരണത്തോടെയാണ് വിസാ നടപടികള്‍ ലഘൂകരിച്ചത്.
ദുബായില്‍ നിലവില്‍ ഓണ്‍അറൈവല്‍ ട്രാന്‍സിറ്റ് വിസ ലഭിക്കാന്‍ മുന്‍ കൂട്ടി അപേക്ഷ നല്‍കണമെന്ന വ്യവസ്ഥ നിലവിലിരിക്കെ ട്രാന്‍സിറ്റ് വിസകള്‍ ഉദാരമാക്കിയതിലൂടെ കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ഒരു മാസത്തേക്കുള്ള ഓണ്‍ അറൈവല്‍ സന്ദര്‍ശക വിസ ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ,റഷ്യ,ചൈന എന്നീ രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തുമെന്നും ഈയിടെ അറിയിച്ചിരുന്നു.
സാമ്പത്തിക മാന്ദ്യം നേരിടുന്ന പുതിയ പശ്ചാലത്തില്‍ പ്രാദേശിക വിപണിയെയും വിനോദ സഞ്ചാര മേഖലയെയും വലിയ തോതില്‍ സ്വാധീനിക്കുന്നതാണ് പുതിയ പ്രഖ്യാപനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam