
ഹജ്ജ് ബുക്കിംഗ് റദ്ദാക്കിയ ആഭ്യന്തര തീര്‍ഥാടകര്‍ക്ക് എത്രയും പെട്ടെന്ന് പണം തിരികെ നല്‍കാന്‍ ഹജ്ജ് സര്‍വീസ് ഏജന്‍സികള്‍ക്ക് ഹജ്ജ് ഉംറ മന്ത്രാലയം നിര്‍ദേശം നല്‍കി. പണം തിരികെ ലഭിക്കുന്നില്ലെന്ന ആഭ്യന്തര തീര്‍ഥാടകരുടെ പരാതിയെ തുടര്‍ന്നാണ് മന്ത്രാലയത്തിന്‍റെ ഇടപെടല്‍. എന്നാല്‍ നേരത്തെ മന്ത്രാലയം അറിയിച്ച പോലെ ബുക്കിംഗ് റദ്ദാക്കിയവര്‍ പിഴയടക്കേണ്ടി വരും. ബുക്കിംഗ് റദ്ദാക്കാന്‍ താമസിക്കുന്നതിനനുസരിച്ചു പിഴ സംഖ്യ കൂടും.
ആദ്യഘട്ടത്തില്‍ തന്നെ റദ്ദാക്കുന്നവരില്‍ നിന്ന് എഴുപത്തിരണ്ട് റിയാല്‍ മാത്രമേ ഈടാക്കുകയുള്ളൂ. ദുല്‍ഹജ്ജ് രണ്ട് മുതല്‍ ആറു വരെയുള്ള ദിവസങ്ങളില്‍ ബുക്കിംഗ് റദ്ദാക്കിയാല്‍ കരാര്‍ തുകയുടെ മുപ്പത് മുതല്‍ എഴുപത് ശതമാനം വരെ ഈടാക്കും. ഹജ്ജ് കര്‍മങ്ങള്‍ ആരംഭിക്കുന്നതിന്‍റെ തലേ ദിവസം ദുല്‍ഹജ്ജ് ഏഴിനാണ് ബുക്കിംഗ് റദ്ദാക്കുന്നതെങ്കില്‍ പണം തിരികെ നല്‍കില്ല. അതേസമയം അടുത്ത ഹജ്ജിനു മുമ്പായി മിനായിലെ എല്ലാ തമ്പുകളിലും എ.സി മാറ്റി സ്ഥാപിക്കാന്‍ മക്കാ ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ നിര്‍ദേശിച്ചു.
ഈ വര്‍ഷം മുപ്പത് ശതമാനം തമ്പുകളിലും പുതിയ എ.സി സ്ഥാപിച്ചിരുന്നു. ഈ വര്ഷം അനധികൃതമായി ഹജ്ജ് നിര്‍വഹിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയും വ്യാജ ഹജ്ജ് സര്‍വീസ് സ്ഥാപനങ്ങള്‍ക്കെതിരെയും ഉടന്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ മക്കയില്‍ ചേര്‍ന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗം നിര്‍ദേശിച്ചു.
273വിദേശികള്‍ സീസണില്‍ തൊഴില്‍ വിസകളിലും 113 പേര്‍ ബിസിനസ് വിസിറ്റ് വിസകളിലും ഹജ്ജ് നിര്‍വഹിച്ചതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. വിസകള്‍ ദുരുപയോഗം ചെയ്ത കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam