ക്വട്ടേഷന്‍; കൊച്ചിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റില്‍

By Web DeskFirst Published Nov 1, 2016, 10:33 AM IST
Highlights

കൊച്ചി: ഗുണ്ടാ, ക്വട്ടേഷന്‍ കേസില്‍ കൊച്ചിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍  ഉള്‍പ്പെടെയുള്ള സംഘത്തിനെതിരെ പൊലീസ് കേസെടുത്തു. മരട് നഗരസഭാ വൈസ് ചെയര്‍മാനും മണ്ഡലം പ്രസിഡന്‍റുമായ ആന്‍റണി ആശാംപറന്പില്‍ , കൗണ്‍സിലര്‍  ജിന്‍സണ്‍ പീറ്റര്‍ എന്നിവരാണ് ഒന്നും രണ്ടും  പ്രതികള്‍. കേസെടുത്തതിന് പിന്നാലെ ഇരുവരും ഒളിവില്‍ പോയി. ഗുണ്ടാ സംഘത്തിലെ  നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

സിപിഎം നേതാവ് സക്കീര്‍ ഹുസൈന്‍ ഉള്‍പ്പെട്ട ക്വട്ടേഷന്‍സംഘത്തെ പിടികൂടിയതിന് പിന്നാലെയാണ് പൊലീസിന്‍റെ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെട്ട് സംഘത്തിനെതിരെ കേസെടുത്തത്. മരട് സ്വദേശി ഷുക്കൂറിന്‍റെ പരാതിയിലാണ് നടപടി.കെട്ടിടനിര്‍മാണ രംഗത്തെ മണ്ണ് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്‍റെ പേരില്‍  തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചു എന്നാണ് കേസ്. മരട് നഗരസഭാ  വൈസ് ചെയര്‍മാനും മണ്ഡലം പ്രസിഡന്‍റുമായ ആന്‍റണി ആശാംപറന്പിലിന്‍റെ  നേതൃത്വത്തിലാണ് ക്വട്ടേഷന്‍ സംഘംമര്‍ദ്ദിച്ചതെന്നാണ് ഷുക്കൂറിന്‍റെ പരാതി. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിലെ ഒരു മന്ത്രിയുടെ ഒത്താശയോടെയാണ്  ക്വട്ടേഷന്‍ സംഘം പ്രവര്‍ത്തിച്ചതെന്നും ഷുക്കൂര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു


ആന്‍റണി ആശാന്‍ പറമ്പില്‍ ,കോണ്‍ഗ്രസ് കൗണ്‍സിലറായ ജിന്‍സണ്‍ പീറ്റര്‍ എന്നിവരുള്‍പ്പെടെ പത്ത് പ്രതികള്‍ക്കെതിരെയാണ് കേസ്. ക്വട്ടേഷന്‍സംഘത്തില്‍പ്പെട്ട റംഷാദ് , ഭരതന്‍ ഷിജു,  കൊഞ്ച് സലാം  ഓട്ടോ അഭി എന്നിവരെ സ്പെഷ്യല് സ്ക്വാഡ് അറസ്റ്റ് ചെയ്തു.  ആന്ർറണിയെ അറസ്റ്റ് ചെയ്യാനായി  നഗരസഭാ ഓഫീസിലും വീട്ടിലും എല്ലാം പൊലീസ് എത്തിയെങ്കിലും പിടികൂടാനായില്ല.  രാവിലെ പൊതുപരിപാടിയില്‍ പങ്കെടുത്ത ആന്‍റണിയും ജിന്‍സണ്‍ പീറ്ററും  ,കേസെടുത്ത വിവരം അറിഞ്ഞതോടെ ഒളിവില്‍ പോയിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി


 

click me!