'വനിതാ മതിലുമായി സഹകരിക്കും; ശബരിമല വിഷയത്തില്‍ പാർട്ടിയുടേത് എല്‍ഡിഎഫ് നിലപാട് തന്നെ': ആർ ബാലകൃഷ്ണപിള്ള

By Web TeamFirst Published Dec 26, 2018, 1:18 PM IST
Highlights

ശബരിമല വിഷയത്തിൽ എൽഡിഎഫിന്‍റെ നിലപാട് തന്നെയാണ് പാർട്ടിയുടെ നിലപാടെന്ന് കേരളാ കോൺഗ്രസ്(ബി) നേതാവ് ആർ ബാലകൃഷ്ണപിള്ള. എന്‍എസ്എസ് നിര്‍ദ്ദേശം പൂര്‍ണ്ണമായും തള്ളികളഞ്ഞ് സർക്കാരിന്‍റെ നിലപാടിന് പിന്തുണ പ്രഖ്യാപിച്ച അദ്ദേഹം അയ്യപ്പജ്യോതിയിൽ പങ്കെടുക്കില്ല എന്നും പ്രഖ്യാപിച്ചു.

 

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ എൽഡിഎഫിന്‍റെ നിലപാട് തന്നെയാണ് പാർട്ടിയുടെ നിലപാടെന്ന് കേരളാ കോൺഗ്രസ്(ബി) നേതാവ് ആർ ബാലകൃഷ്ണപിള്ള. പാർട്ടിയെ ഇടതുമുന്നണിയിൽ എടുത്ത വാർത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെ ആയിരുന്നു ബാലകൃഷ്ണപിള്ളയുടെ പ്രതികരണം. ശബരിമല വിഷയത്തിൽ സർക്കാരിന്‍റെ നിലപാടിന് പിന്തുണ പ്രഖ്യാപിച്ച അദ്ദേഹം അയ്യപ്പജ്യോതിയിൽ പങ്കെടുക്കില്ല എന്നും പ്രഖ്യാപിച്ചു. വനിതാ മതിലിൽ പാർട്ടി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണി എടുക്കുന്ന ഏത് തീരുമാനവുമായും സഹകരിക്കും. എൽഡിഎഫും കേരളാ കോൺഗ്രസും ഇനി രണ്ടല്ല. അതുകൊണ്ട് വനിതാമതിലിൽ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് തന്നെ പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

മുന്നോക്ക വികസന കോർപ്പറേഷൻ ചെയർമാൻ കൂടിയായ ആർ.ബാലകൃഷ്ണപിള്ള നേരത്തേ ശബരിമല വിഷയത്തിൽ എൻഎസ്എസിന്‍റെ നിലപാടിനോട് അനുഭാവം പ്രകടിപ്പിച്ചിരുന്നു. എന്നാൽ എൽഡിഎഫ് പ്രവേശനത്തിന് ശേഷം എൻഎസ്എസ് നേതാവ് കൂടിയായ ആർ.ബാലകൃഷ്ണപിളള തന്‍റെ സമുദായ നേതൃത്വത്തിന് കടകവിരുദ്ധമായ രാഷ്ട്രീയ തീരുമാനമാണ് എടുത്തിരിക്കുന്നത്. വിശ്വാസികൾ ആണെങ്കിൽ ആർ.ബാലകൃഷ്ണപിള്ളയും കെ.ബി.ഗണേഷ് കുമാറും വനിതാ മതിലിൽ പങ്കെടുക്കില്ല എന്നായിരുന്നു ജി.സുകുമാരൻ നായർ നേരത്തേ പ്രതികരിച്ചത്. ഇരുവരും പങ്കെടുത്താൽ അപ്പോൾ നോക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അയ്യപ്പജ്യോതിയിൽ പങ്കെടുക്കില്ലെന്നും വനിതാ മതിലിൽ പങ്കെടുക്കുമെന്നും പ്രഖ്യാപിച്ചതോടെ എൻഎസ്എസ് നിർദ്ദേശം ബാലകൃഷ്ണപിള്ള തള്ളിക്കളഞ്ഞിരിക്കുകയാണ്.

62 വർഷമായി രാഷ്ട്രീയ രംഗത്തുള്ള താൻ എന്‍എൻഎസിനെതിരായ രാഷ്ട്രീയ നിലപാടുകൾ പലപ്പോഴും എടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ രംഗത്തുനിൽക്കുമ്പോൾ അത്തരം തീരുമാനങ്ങൾ എടുക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസ്ഥാനത്തിന് വേണ്ടിയല്ല ഇടതുമുന്നണിയില്‍ ചേര്‍ന്നത്. നാല് കക്ഷികള്‍ കൂടി ചേരുമ്പോള്‍ എല്‍ഡിഎഫിന് 47 ശതമാനം വോട്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു. ഘടകക്ഷികളുമായി ബന്ധം വിപുലമാക്കും. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ഇത് ഇടതുപക്ഷത്തിന്‍റെ വലിയ വിജയത്തിന് കാരണമാകും. 


 

click me!