
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ റാഗിങ് പരാതി ഒതുക്കിത്തീർക്കാൻ ഉന്നത ഇടപെടലെന്ന് ആരോപണം. റാഗിങ്ങിനെ കുറിച്ച് വൈസ് ചാൻസലർക്കും യുജിസിക്കും പരാതി നൽകി എട്ടുമാസം കഴിഞ്ഞിട്ടും നടപടിയില്ലെന്ന് ആക്രമണത്തിന് ഇരയായ വിദ്യാർഥികൾ പറയുന്നു. എന്നാൽ സംഭവം അന്വേഷിക്കുകയാണെന്നാണ് വൈസ് ചാൻസലറുടെ മറുപടി.
കാലിക്കറ്റ് സര്‍വകലാശാല ഫിസിക്കൽ എജ്യുക്കേഷൻ ഡിപ്പാർട്മെന്റിലെ നാല് ബിരുദ വിദ്യാർഥികളാണ്, കഴിഞ്ഞ വർഷം ബിരുദാനന്തര ബിരുദ വിദ്യാർഥികളുടെ റാഗിങ്ങിന് ഇരയായായത്. തൊട്ടടുത്ത ദിവസം തന്നെ വകുപ്പ് മേധാവിക്ക് പരാതി നൽകി. റാഗിങ് നടന്നാൽ 24 മണിക്കൂറിനകം സ്ഥാപന മേധാവി പൊലീസിനെ വിവരമറിയിക്കണം. എന്നാൽ കായിക വിഭാഗം ഡയറക്ടർ ഡോക്ടർ സക്കീർ ഹുസൈൻ ഇത് ചെയ്തില്ല.
നടപടി ഉണ്ടാകാത്തതിനെ തുടർന്ന് ആന്റി റാഗിങ് സെല്ലിനെ സമീപിച്ചു. എന്നാൽ പരാതി അന്വേഷിക്കാനാകില്ലെന്ന് ഡയറക്ടർ വൈസ് ചാൻസലറെ രേഖാമൂലം അറിയിച്ചു. തുടർന്ന് വിദ്യാർഥികൾ യുജിസിയെ സമീപിച്ചു.
യുജിസിക്ക് നൽകിയ മറുപടിയിൽ ക്യാംപസിൽ റാഗിങ്ങിനെതിരെ പൊതുവെ സ്വീകരിച്ച നടപടികളെ കുറിച്ച് വിശദീകരിച്ച വിസി, വിദ്യാർത്ഥികളുടെ പരാതിയിൽ മൗനം പാലിച്ചു. മറുപടി പൂർണമല്ലെന്ന് കാട്ടി, യുജിസി വിസിയുടെ റിപ്പോർട്ട് തള്ളി. ഇതുവരെ ഒമ്പത് തവണയാണ് യുജിസി വിസിയോട് വിശദീകരണം തേടിയത്. എന്നാൽ പരാതി അന്വേഷിച്ച് റിപ്പോർട്ട് തയ്യാറാക്കുകയാണെന്നാണ് വൈസ് ചാൻസലറുടെ മറുപടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam