ഗുല്‍ബര്‍ഗ റാഗിങ്ങ്: പെണ്‍കുട്ടി മൊഴിയില്‍ ഉറച്ചുനിന്നു

By Web DeskFirst Published Jun 27, 2016, 11:44 AM IST
Highlights

കോഴിക്കോട്: കോളേജ് ഹോസ്റ്റളില്‍ നടന്നത് റാഗിങ് തന്നെയെന്ന് ഗുല്‍ബര്‍ഗയില്‍ അതിക്രമത്തിന് ഇരയായ പെണ്‍കുട്ടി അശ്വതി. കര്‍ണാടക പൊലീസിന് നല്‍കിയ മൊഴിയിലാണ് അശ്വതി പരാതിയില്‍ ഉറച്ചുനിന്നത്. കോഴിക്കോട് എത്തിയ കര്‍ണാടക പൊലീസ് സംഘം പെണ്‍കുട്ടിയില്‍നിന്നും ബന്ധുക്കളില്‍നിന്നും മൊഴിയെടുത്തു. അതേസമയം ഒളിവില്‍ കഴിയുന്ന കേസിലെ നാലാം പ്രതി ഏറ്റുമാനൂര്‍ സ്വദേശി ശില്‍പ ജോസിനായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇപ്പോള്‍ കോഴിക്കോട്ടുള്ള പൊലീസ് സംഘത്തോട് ഏറ്റുമാനൂരിലേക്ക് പോകാനും, പ്രതിയെ പിടികൂടുന്നതുവരെ അവിടെ തങ്ങാനുമാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഗുല്‍ബര്‍ഗ ഡിവൈഎസ്‌പി ഝാന്‍വി രാവിലെ പത്തരയോടെയാണ് മെഡിക്കല്‍ കോളേജാശുപത്രിയിലെത്തി അശ്വതിയുടെ മൊഴിയെടുക്കാന്‍ തുടങ്ങിയത്. അശ്വതിക്കൊപ്പം അമ്മയുടെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തി. സീനിയര്‍ വിദ്യാര്‍ത്ഥിനികള്‍ര് ഫിനോയില്‍ നിര്‍ബന്ധപൂര്‍വ്വം കുടിപ്പിക്കുകയായിരുന്നുവെന്ന് നേരത്തെ നല്‍കിയ മൊഴി ഗുല്‍ബര്‍ഗ ഡിവൈഎസ്‌പിക്ക് മുന്നിലും അശ്വതി ആവര്‍ത്തിച്ചതായാണ് അറിയുന്നത്. സംഭവം ആത്മഹത്യാശ്രമമാണോ റാഗിംഗ് ആണോയെന്ന് ഈ ഘട്ടത്തില്‍ പറയാനാവില്ലെന്നായിരുന്നു രാവിലെ മാധ്യമങ്ങളെ കണ്ട ഡിവൈഎസ്‌പിയുടെ പ്രതികരണം.

കേസിലെ നാലാം പ്രതി ശില്‍പജോസ് കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവം പുറത്തായതിന് ശേഷം കുടുംബസമേതം ഇവര്‍ നാട്ടില്‍ നിന്ന് അപ്രത്യക്ഷരായിരിക്കുകയാണ്. കേരളാ പോലീസിന്റെ സഹായത്തോടെ കര്‍ണ്ണാടക പോലീസ് കോട്ടയം ജില്ല കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. മൊഴിയെടുപ്പിന് ശേഷം ഗുല്‍ബര്‍ഗാ ഡിവലൈഎസ്‌പിയും കോട്ടയത്തേക്ക് പോകുമെന്നാണ് അറിയുന്നത്. ആശുപത്രിയില്‍ കഴിയുന്ന അശ്വതിയെ സന്ദര്‍ശിച്ച എസ്എസി-എസ് ടി കമ്മീഷന്‍ അടുത്ത ദിവസം തന്നെ ധനസഹായം കൈമാറുമെന്ന് അറിയിച്ചിട്ടുണ്ട്.

click me!