വിശ്വാസിയാണോ എന്ന് ഹൈക്കോടതി; തത്ത്വമസിയില്‍ വിശ്വസിക്കുന്നുവെന്ന് രഹ്ന ഫാത്തിമ

By Web TeamFirst Published Nov 9, 2018, 4:06 PM IST
Highlights

നിങ്ങളുടെ വിശ്വാസം മറ്റൊരു വിശ്വാസിയുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്തരുതെന്ന് കോടതി പറഞ്ഞു. രഹ്ന ഫാത്തിമ വിശ്വാസിയാണോ എന്ന് ഹൈക്കോടതി ചോദിച്ചു

കൊച്ചി: താന്‍ മത സ്പർദ്ധ വളർത്താൻ ശ്രമിച്ചിട്ടില്ലെന്ന് ശബരിമലയില്‍ പ്രവേശിക്കാനാകാതെ പിന്‍വാങ്ങിയ രഹ്ന ഫാത്തിമ ഹൈക്കോടതിയിൽ പറഞ്ഞു. താൻ വിശ്വാസിയാണെന്നും തത്ത്വമസിയിൽ വിശ്വസിക്കുന്നുവെന്നും രഹ്ന കോടതിയിൽ വ്യക്തമാക്കി. മുസ്ലീം ആചാര പ്രകാരം ജീവിക്കുന്ന വ്യക്തിയല്ലെന്നും അയ്യപ്പ വേഷം ധരിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത് തെറ്റാണെന്ന് കരുതുന്നില്ലെന്നും രഹ്ന പറഞ്ഞു.

എന്നാല്‍, നിങ്ങളുടെ വിശ്വാസം മറ്റൊരു വിശ്വാസിയുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്തരുതെന്ന് കോടതി പറഞ്ഞു. രഹ്ന ഫാത്തിമ വിശ്വാസിയാണോ എന്ന് ഹൈക്കോടതി ചോദിച്ചു. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം. ജാമ്യാപേക്ഷ വിധി പറയാൻ ഹൈക്കോടതി മാറ്റി.

ആന്ധ്രയിൽ നിന്നുള്ള മാധ്യമപ്രവര്‍ത്തകയ്ക്കൊപ്പമാണ് രഹ്ന ശബരിമല കയറാന്‍ എത്തിയത്. പൊലീസ് കനത്ത സുരക്ഷയൊരുക്കിയെങ്കിലും അയ്യപ്പഭക്തരുടെ കടുത്ത പ്രതിഷേധത്തെത്തുടർന്ന് നടപ്പന്തലില്‍ നിന്ന് മടങ്ങുകയായിരുന്നു അവര്‍. സോഷ്യൽ മീഡിയയിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് രഹ്നയ്ക്കെതിരെ പൊലീസ് കേസെടുത്തത്. രഹ്നയുടെ പോസ്റ്റുകള്‍ മതവികാരം വൃണപ്പെടുത്തുന്നതാണെന്ന ബിജെപി നേതാവ് ആർ. രാധാകൃഷ്ണ മേനോന്‍റെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി. 

click me!