ഗുജറാത്തിലെ ആക്രമണം: നരേന്ദ്ര മോദി പുലർത്തുന്ന മൗനത്തെ ചോദ്യം ചെയ്ത് രാഹുൽ ഗാന്ധി

By Web DeskFirst Published Aug 5, 2017, 1:14 PM IST
Highlights

ഗുജറാത്തിൽ തനിക്കെതിരെ നടന്ന ആക്രമണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുലർത്തുന്ന മൗനത്തെ ചോദ്യം ചെയ്ത് കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തു വന്നു. ആക്രമണം വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്നും സർക്കാർ അടുത്തയാഴ്ച പാർലമെന്റിൽ മറുപടി പറയേണ്ടി വരുമെന്നും കോൺഗ്രസ് വ്യക്തമാക്കി.

ഗുജറാത്തിൽ വെള്ളപ്പൊക്കബാധിത പ്രദേശങ്ങൾ സന്ദർശിച്ച രാഹുൽ ഗാന്ധിക്കെതിരെ ഉണ്ടായ ആക്രമണത്തിൽ ഉപരാഷ്‍ട്രപതി തെരഞ്ഞെടുപ്പ് തുടരവേ പാർലമെന്റിനു പുറത്ത് കോൺഗ്രസ് എംപിമാർ പ്രതിഷേധിച്ചു. രാഹുലിന്റെ വാഹനത്തിന് നേരെ എറിഞ്ഞ സിമന്റ് കട്ടയുമായാണ് കോൺഗ്രസ് നേതാക്കൾ പാർലമെന്റിൽ എത്തിയത്. വൻ ഗൂഢാലോചന ഇതിനു പിന്നിലുണ്ടെന്നും എസ്പിജി സംരക്ഷണത്തിനുള്ള പ്രോട്ടോക്കോൾ ഗുജറാത്ത് സർക്കാർ ലംഘിച്ചെന്നും കോൺഗ്രസ് ആരോപിച്ചു. പ്രധാനമന്ത്രി ഇതിൽ തുടരുന്ന മൗനത്തിൽ അത്ഭുതമില്ലെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.

രക്ഷാ ബന്ധൻ കാരണം തിങ്കളാഴ്ച പാർലമെന്റിന്റെ ഇരു സഭകളും സമ്മേളിക്കില്ല. ഗുജറാത്തിൽ രാജ്യസഭാ വോട്ടെടുപ്പ് നടക്കുന്ന എട്ടിന് രാവിലെ തന്നെ പാർമെന്റി ഈ വിഷയം ഉന്നയിച്ച് സ്തംഭിപ്പിക്കാനാണ് കോൺഗ്രസ് നീക്കം. പ്രധാനമന്ത്രിയുടെ വിശദീകരണം കോൺഗ്രസ് ആവശ്യപ്പെടും. എന്നാൽ സംഭവത്തിൽ പങ്കില്ലെന്നും എംഎൽഎമാരുടെ ബംഗ്ളൂരുവിലെ സുഖവാസത്തിതിരെയുള്ള ജനങ്ങളുടെ സ്വാഭാവിക പ്രതിഷേധമാണെന്നും ബിജെപി ആവർത്തിച്ചു.

click me!