സ്ഥാനാര്‍ത്ഥിയുടെ മരണത്തെതുടര്‍ന്ന് മാറ്റിവെച്ച തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം വാര്‍ഡിൽ യുഡിഎഫിന് ജയം. 83 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് യുഡിഎഫിന്‍റെ കെഎച്ച് സുധീര്‍ഖാന്‍റെ വിജയം.
തിരുവനന്തപുരം: സ്ഥാനാര്‍ത്ഥിയുടെ മരണത്തെതുടര്‍ന്ന് മാറ്റിവെച്ച തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം വാര്‍ഡിൽ യുഡിഎഫിന് ജയം. 83 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് യുഡിഎഫിന്‍റെ കെഎച്ച് സുധീര്‍ഖാന്‍റെ വിജയം. വിഴിഞ്ഞം വാര്‍ഡിലെ വിജയം ഉറപ്പാക്കി സ്വന്തം നിലയിൽ കോര്‍പ്പറേഷനിൽ കേവല ഭൂരിപക്ഷം തികക്കാമെന്ന ബിജെപിയുടെ പ്രതീക്ഷകള്‍ക്കാണ് തിരിച്ചടിയേറ്റത്. ഒപ്പം സീറ്റ് നിലനിര്‍ത്താൻ ഉറച്ച് മത്സരത്തിനിറങ്ങിയ എൽഡിഎഫിനും പരാജയം കനത്ത തിരിച്ചടിയായി. ഏറെ ക്കാലത്തിനുശേഷമാണ് വിഴിഞ്ഞം വാര്‍ഡ് യുഡിഎഫ് തിരിച്ചുപിടിക്കുന്നത്. ഇതോടെ തിരുവനന്തപുരം കോര്‍പ്പറേഷനിൽ യുഡിഎഫിന്‍റെ കക്ഷി നില 20 ആയി ഉയര്‍ന്നു. 2015ലാണ് കോണ്‍ഗ്രസിൽ നിന്ന് എൽഡിഎഫ് വിഴിഞ്ഞം സീറ്റ് പിടിച്ചെടുക്കുന്നത്. അതിനുശേഷം ഇപ്പോഴാണ് യുഡിഎഫ് വിഴിഞ്ഞത്ത് വിജയിക്കുന്നത്. ഇന്നലെയാണ് വിഴിഞ്ഞം വാര്‍ഡിൽ വോട്ടെടുപ്പ് നടന്നത്. ഇന്ന് രാവിലെ പത്തിനാണ് വോട്ടെടുപ്പ് ആരംഭിച്ചത്.
വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ യുഡിഎഫ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചും മധുരം വിതരണം ചെയ്തുമാണ് വിജയം ആഘോഷിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎച്ച് സുധീര്‍ഖാൻ 2902 വോട്ടുകള്‍ നേടിയപ്പോള്‍ 2819 വോട്ടുകളാണ് എൽഡിഎഫ് സ്ഥാനാര്‍ത്ഥിയായ സിപിഎമ്മിന്‍റെ എൻഎ നൗഷാദിന് നേടാനായത്. ബിജെപി സ്ഥാനാര്‍ത്ഥി സര്‍വശക്തിപുരം ബിനു 2437 വോട്ടുകളുമായി മൂന്നാം സ്ഥാനത്താണ്. എൽഡിഎഫ് വിമതൻ എൻ.എ.റഷീദ് 118 വോട്ട് പിടിച്ചതാണ് എൽഡിഎഫിന് കനത്ത തിരിച്ചടിയായത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി 83 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. എൽഡിഎഫ് വിമതന് ലഭിച്ച വോട്ടുകളും യുഡിഎഫിന്‍റെ വിജയത്തിൽ നിര്‍ണായക വഴിത്തിരിവായി. വിഴിഞ്ഞം വാര്‍ഡിലെ മുൻ സിപിഎം കൗണ്‍സിലറായ എൻഎ റഷീദ് ഇത്തവണ സ്വന്തന്ത്രനായി മത്സരിക്കുകയായിരുന്നു. മുൻ യൂത്ത് കോൺഗ്രസ് നേതാവ് ഹിസാൻ ഹുസൈൻ കോൺഗ്രസ് വിമതനായി മത്സരിച്ചിരുന്നു.
വിഴിഞ്ഞം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ജസ്റ്റിൻ ഫ്രാന്‍സിസ് വാഹനാപകടത്തെതുടര്‍ന്ന് മരിച്ചതിനെതുടര്‍ന്നാണ് വാര്‍ഡിലെ വോട്ടെടുപ്പ് മാറ്റിവെച്ചത്. തെരഞ്ഞെടുപ്പ് മാറ്റിവെച്ച വിഴിഞ്ഞത്ത് വാശിയേറി പോരാട്ടമാണ് നടന്നത്. ഇടത്-വലത് വിമതരടക്കം ഒന്‍പതുപേരാണ് ഇവിടെ മത്സരിച്ചത്. സിറ്റിങ് സീറ്റ് നിലനിര്‍ത്താൻ കച്ചകെട്ടി സിപിഎം ഇറങ്ങിയപ്പോള്‍ പഴയ കോട്ട തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ടായിരുന്നു യുഡിഎഫ് പ്രചാരണത്തിനിറങ്ങിയത്. ഇതിനിടെ, അഭിമാന പോരാട്ടമായി കണ്ടാണ് ബിജെപി വാര്‍ഡിൽ പ്രചാരണം നടത്തിയത്. വിഴിഞ്ഞത്തെ ജയം തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി ഭരണത്തിന്‍റെ മുന്നോട്ടുപോക്കിൽ നിര്‍ണായമാകമായിരുന്നു. വിഴിഞ്ഞത്ത് ജയിച്ചാൽ എൻഡിഎയ്ക്ക് കേവലഭൂരിപക്ഷമായ 51 എന്ന മാന്ത്രിക സംഖ്യയിലേക്ക് സ്വന്തം നിലയില്‍ എത്താമായിരുന്നു. നിലവിൽ 50 സീറ്റുകളുള്ള എൻഡിഎക്ക് ഒരു സ്വതന്ത്രന്‍റെ പിന്തുണയോടെയാണ് കേവല ഭൂരിപക്ഷം ഉറപ്പാക്കിയിരിക്കുന്നത്. വിഴിഞ്ഞം വാര്‍ഡിലെ യുഡിഎഫ് വിജയത്തോടെ യുഡിഎഫ്-20, എൻഡിഎ-50, എൽഡിഎഫ്-29, സ്വതന്ത്രര്‍-2 എന്നിങ്ങനെയാണ് തിരുവനന്തപുരം കോര്‍പ്പറേഷനിലെ പുതിയ കക്ഷി നില.



