രാഹുല്‍ ഗാന്ധി അടുത്ത മാസം കോണ്‍ഗ്രസ് അധ്യക്ഷനാകും

By Web DeskFirst Published Nov 20, 2017, 12:07 PM IST
Highlights

ദില്ലി: രാഹുൽ ഗാന്ധിയെ അദ്ധ്യക്ഷനാക്കാനുള്ള പ്രമേയത്തിന് ദില്ലിയിൽ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഏകകണ്ഠമായി അംഗീകാരം നൽകി. അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള തിയതിയും പ്രഖ്യാപിച്ചു. സോണിയാ ഗാന്ധിയുടെ വസതിയിൽ ചേര്‍ന്ന പ്രവര്‍ത്തക സമിയി യോഗമാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് തിയതികൾക്ക് അംഗീകാരം നൽകിയത്. ഡിസംബര്‍ 1ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങും. ഡിസംബര്‍ 4ന് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതിയും ഡിസംബര്‍ 11 പത്രിക പിൻവലിക്കാനുള്ള അവസാന തിയതിയുമായിരിക്കും.

രാഹുൽ ഗാന്ധിക്കെതിരെ സ്ഥാനാര്‍ത്ഥികൾ ഉണ്ടെങ്കിൽമാത്രമെ 16ന് വോട്ടെടുപ്പും 19ന് ഫലപ്രഖ്യാപനവും ഉണ്ടാകു. കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് 1998ൽ സോണിയാഗാന്ധി മത്സരിച്ചപ്പോൾ എതിര്‍സ്ഥാനാര്‍ത്ഥിയായി ഉത്തര്‍പ്രദേശിൽ നിന്നുള്ള ജിതേന്ദ്ര പ്രസാദ മത്സരിച്ചിരുന്നു. അതിന് മുമ്പും മൂന്ന് തവണ അദ്യക്ഷ സ്ഥാനത്തേക്ക് മത്സരം നടന്നിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ രാഹുൽ ഗാന്ധിക്കെതിരെ സ്ഥാനാര്‍ത്ഥികൾ ഉണ്ടാകാൻ ഇടയില്ല. അങ്ങനെ വന്നാൽ ഡിസംബര്‍ 11ന് തന്നെ രാഹുൽ ഗാന്ധി അദ്ധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതായി കോണ്‍ഗ്രസ് പ്രഖ്യാപിക്കും.

2019ലെ ലോക്‌സഭ തെര‍ഞ്ഞെടുപ്പ് ലക്ഷ്യംവെച്ചു കൂടിയാണ് കോണ്‍ഗ്രസ് തലപ്പത്തേക്ക് രാഹുൽ ഗാന്ധി എത്തുന്നത്. ഗുജറാത്ത്, ഹിമാചൽപ്രദേശ് തെരഞ്ഞെടുപ്പുകളിൽ കോണ്‍ഗ്രസിന് വലിയ പ്രതീക്ഷയില്ല. അതുകൊണ്ട് തെര‍ഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പേ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനുള്ള തീരുമാനം. കോണ്‍ഗ്രസ് വിമുക്ത ഭരതത്തിന് രാഹുൽ ഗാന്ധി അദ്ധ്യക്ഷനാകുന്നത് നല്ലതാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറ‍ഞ്ഞു. ആദിത്യനാഥ് ഇപ്പോൾ യോഗിയല്ല, രോഗിയാണെന്ന് കോണ്‍ഗ്രസ് മറുപടി നൽകി.
 


 

click me!