
ദില്ലി: രാഹുല്‍ ഗാന്ധി ഈ മാസം 16ന് കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേല്‍ക്കും. സോണിയ ഗാന്ധി 16ന് എഐസിസിയെ അഭിസംബോധന ചെയ്യും. കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാഹുല്‍ ഏറ്റെടുക്കുമോ എന്ന ചോദ്യത്തിനാണ് ഒടുവില്‍ തിരശ്ശീല വീഴുന്നത്. കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് 89 നാമനിര്‍ദ്ദേശ പത്രികകളാണ് തെരഞ്ഞെടുപ്പ് സമിതിക്ക് ലഭിച്ചത്.
രാഹുല്‍ പാര്‍ട്ടിയുടെ നേതൃനിരയിലേക്ക് വരുന്നതോടെ 2019ലെ തെരഞ്ഞെടുപ്പില്‍ രാഹുല്‍-മോദി നേര്‍ക്കുനേര്‍ പോരാട്ടം തന്നെയാകും. അതിനുള്ള തയ്യാറെടുപ്പുകള്‍ക്കാകും ഇനിയുള്ള ശ്രമങ്ങള്‍. ബി.ജെ.പി വിരുദ്ധ പാര്‍ട്ടികളെ ഏകോപിപ്പിക്കുന്നതിലടക്കം രാഹുല്‍ എടുക്കാന്‍ പോകുന്ന നിലപാടുകളും നിര്‍ണായകമാകും. കോണ്‍ഗ്രസിലെ ചരിത്രത്തിലെതന്നെ രണ്ടാമത്തെ തലമുറമാറ്റം എന്നത്തിനൊപ്പം നെഹ്‌റു കുടുംബത്തില്‍ നിന്ന് അഞ്ചാമത്തെ നേതാവാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അമരത്ത് എത്തുന്നത് എന്ന പ്രത്യേകതയും രാഹുലിന്റെ അദ്ധ്യക്ഷ സ്ഥാനത്തിനുണ്ട്.
1929ല്‍ ലഹോറിലെ കോണ്‍ഗ്രസ് സമ്മേളനത്തിലാണു പ്രസിഡന്റ് മോട്ടിലാല്‍ നെഹ്‌റുവില്‍നിന്നു പുത്രനായ ജവാഹര്‍ ലാല്‍ നെഹ്‌റു അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നത്. 1929 ഡിസംബറിലെ ലഹോര്‍ സമ്മേളനത്തിലാണു കോളനി പദവിയുടെ കാലം കഴിഞ്ഞതിനാല്‍ കേന്ദ്രത്തിലെയും പ്രവിശ്യകളിലെയും അംഗങ്ങളോടു രാജിവയ്ക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. 88 വര്‍ഷങ്ങള്‍ക്കുശേഷം സമാനമായ ഒരു തലമുറകൈമാറ്റം സംഭവിക്കുകയാണ് സോണിയ ഗാന്ധിയില്‍നിന്നു രാഹുല്‍ ഗാന്ധിയിലേക്ക്. 61-ാമത്തെ പ്രസിഡന്റ് ആയ സോണിയ അറുപത്തിരണ്ടാമനായി രാഹുല്‍ ഗാന്ധിക്ക് ആ പദവി കൈമാറുന്നു. സ്വതന്ത്ര ഇന്ത്യയില്‍ കോണ്‍ഗ്രസിന്റെ 17-ാം അധ്യക്ഷനായിരിക്കും രാഹുല്‍ ഗാന്ധി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam