
കൊച്ചി: പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിനായി കേന്ദ്രസര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. നിലവില്‍ കേന്ദ്രംനല്‍കിയ സഹായം അപര്യാപ്തമാണെന്നും കേന്ദ്രത്തിന്‍റെ സഹായം ലഭിക്കേണ്ടത് കേരളത്തിന്‍റെ അവകാശമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
കേരളത്തിലുണ്ടായത് സമാനതകളില്ലാത്ത പ്രകൃതിദുരന്തമാണ്. മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഈ ഘട്ടത്തില്‍ ദുരിതബാധിതരെ സഹായിക്കാനായി എത്തണം. ആ ദിശയിലുള്ള പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി നേതാക്കളും അണികളും ശ്രദ്ധ കേന്ദ്രീകരിച്ചു കാണുന്നതില്‍ സന്തോഷമുണ്ടെന്നും രാഹുല്‍ പറഞ്ഞു.
പ്രളയം മനുഷ്യനിര്‍മ്മിതമാണോ എന്ന ചോദ്യത്തിന്
പ്രളയത്തിൽ രാഷ്ട്രീയം കലർത്താൻ ആഗ്രഹിക്കുന്നില്ല എന്ന മറുപടിയാണ് രാഹുല്‍ നല്‍കിയത്. ദുരന്തബാധിതരുടെ അവസ്ഥയെന്തെന്ന് അറിയാനും ജനങ്ങള്‍ക്കൊപ്പം ഉണ്ടെന്ന് അറിയിക്കാനുമാണ് താന്‍ വന്നതെന്നും പ്രളയത്തിന്‍റെ പിന്നിലെ കാരണങ്ങള്‍ വിശകലനം ചെയ്യാന്‍ താനളല്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശസഹായം സംബന്ധിച്ച വിഷയത്തില്‍ ഉപാധികളില്ലാത്ത വിദേശസഹായങ്ങള്‍ സ്വീകരിക്കാം എന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും രാഹുല്‍ പറഞ്ഞു.
ദുരിതബാധിതരെ കാണാനായി ഇന്നലെ കേരളത്തിലെത്തിയ രാഹുല്‍ ഇന്ന് കൊച്ചിയില്‍ നിന്ന് വയനാട്ടിലേക്ക് പോകാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും അവസാനനിമിഷം പരിപാടികളില്‍ മാറ്റം വരുത്തി. രാഹുല്‍ വയനാട് സന്ദര്‍ശനം റദ്ദാക്കിയെന്നും പകരം ഇടുക്കിയിലേക്കായിരിക്കും പോവുകയെന്നും ചെന്നിത്തല അറിയിച്ചു. ഇടുക്കി ഡാം സൈറ്റിന് അടുത്തുള്ള ചെറുതോണിയിലെത്തുന്ന രാഹുല്‍ ഗാന്ധി അവിടെ തകര്‍ന്ന പാലത്തിലെത്തി സന്ദര്‍ശനം നടത്തും. സമീപത്തുള്ള ദുരിതാശ്വാസക്യംപിലും അദ്ദേഹം എത്തും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam