ആര്‍എസ്എസ് പരാമര്‍ശം; രാഹുല്‍ മാപ്പു പറയില്ലെന്ന് കോണ്‍ഗ്രസ്

By Web DeskFirst Published Jul 19, 2016, 4:18 PM IST
Highlights

ദില്ലി: ആർ.എസ്.എസിനെതിരെ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പു പറയില്ല. ചരിത്രരേഖകളും വസ്തുതകളും ഉപയോഗിച്ച് തന്റെ വാദങ്ങള്‍ ശരിയാണെന്ന് കോടതിയില്‍ തെളിയിക്കാനാകും രാഹുല്‍ ശ്രമിക്കുകയെന്ന് കോണ്‍ഗ്രസ്‌ വക്താവ് രണ്‍ദീപ് സുര്‍ജേവാല വ്യക്തമാക്കി. ഇത്തരം പരാമര്‍ശങ്ങളുടെ പേരില്‍ മാപ്പു പറയണമെന്ന ആവശ്യം രാഹുല്‍ മുമ്പും തള്ളിയിട്ടുള്ളതാണെന്നും രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.

മഹാത്മാഗാന്ധി വധിച്ചതിന് പിന്നിൽ ആർഎസ്.എസ് ആണെന്ന വിവാദ പരാമര്‍ശത്തില്‍ രാഹുൽ ഗാന്ധി മാപ്പുപറയണമെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. മാപ്പുപറയാൻ തയ്യാറല്ലെങ്കിൽ രാഹുൽ ഗാന്ധി വിചാരണ നടപടികൾ നേരിടണമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. മഹാരാഷ്ട്രയിലെ താനെയിൽ 2014 ൽ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കവെയാണ് മഹാത്മാഗാന്ധിയെ വധിച്ചത് ആര്‍.എസ്.എസാണെന്ന പരാമര്‍ശം രാഹുൽ ഗാന്ധി നടത്തിയത്.  അതിനെതിരെ ആര്‍.എസ്.എസ് നൽകിയ മാനനഷ്ട കേസിൽ ജനുവരി ആറിന് രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് ഭിവണ്ടിയിലെ വിചാരണ കോടതി ഉത്തരവിട്ടിരുന്നു. കേസ് റദ്ദാക്കണമെന്ന ആവശ്യം മുംബായ് ഹൈക്കോടതി തള്ളിയതോടെയാണ് രാഹുൽ ഗാന്ധി സുപ്രീംകോടതിയിൽ എത്തിയത്.

പറഞ്ഞ വാക്കിൽ ഉറച്ചുനിൽക്കുന്നുവെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ രാഹുൽ ഗാന്ധിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയെ അറിയിച്ചു. കേസ് വീണ്ടും ഇന്ന് പരിഗണിച്ചപ്പോഴാണ് രാഹുൽ ഗാന്ധി മാപ്പ് പറയാൻ തയ്യാറെങ്കിൽ വിചാരണ നേരിടമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്. നിങ്ങൾ സംസാരിക്കുന്നത് പൊതുതാല്‍പര്യത്തിന്, മറിച്ചോ ആയിക്കോട്ടേ പക്ഷെ, ഒരു സംഘടനയെയും താഴ്ത്തിക്കെട്ടുന്ന പരാമര്‍ശങ്ങൾ നടത്താൻ പാടില്ലെന്നും കോടതി വ്യക്തമാക്കി. കേസിൽ രാഹുൽ ഗാന്ധിക്ക് പറയാനുള്ള കാര്യങ്ങൾ ജൂലായ് 27ന് വിശദീകരിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

 

click me!