
പത്തനംതിട്ട: ബലാത്സംഗ കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മൊബൈൽ ഫോൺ കണ്ടെത്തി പൊലീസ്. പാലക്കാട് കെപിഎം ഹോട്ടലിൽ നടന്ന പരിശോധനയിലാണ് മൊബൈൽ ഫോൺ കണ്ടെത്തിയിരിക്കുന്നത്. ലാപ്ടോപ് എവിടെയെന്ന് വെളിപ്പെടുത്താൻ രാഹുൽ തയ്യാറായിട്ടില്ല. ലാപ്ടോപ് എവിടെയെന് വെളിപ്പെടുത്തിയ ശേഷമേ പാലക്കാട് തെളിവെടുപ്പിന് കൊണ്ടു വരുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്. വാങ്ങാൻ ഉദ്ദേശിച്ച ഫ്ലാറ്റിൻ്റെ ബിൽഡറുടെ മൊഴിയും രേഖപ്പെടുത്തും. ഇന്ന് കോടതിയിൽ ഹാജരാക്കിയ രാഹുലിനെ കോടതി 3 ദിവസത്തെ എസ്ഐടി കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. രാഹുലിന്‍റെ ജാമ്യാപേക്ഷ 16 ന് പരിഗണിക്കും.
യുവതിയുടെ പരാതിയിൽ പറയുന്ന ഹോട്ടലിലും പാലക്കാടും എത്തിച്ച് തെളിവെടുക്കുന്നതിനും വിശദമായ ചോദ്യം ചെയ്യലിനുമാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം. അറസ്റ്റിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ഇന്നും രാഹുൽ പ്രതികരിച്ചില്ല. പ്രതിയെ എത്തിച്ച തിരുവല്ല കോടതിയിൽ അടക്കം യുവജന സംഘടനകളുടെ പ്രതിഷേധം ഇരമ്പി. റിമാൻഡിൽ കഴിഞ്ഞ മാവേലിക്കര സബ്ജയിലിൽ നിന്ന് രാവിലെ 10 മണിയോടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായുള്ള പൊലീസ് വാഹനം പുറപ്പെട്ടു. ജയിലിൻ്റെ കവാടം മുതൽ പ്രതിക്കെതിരെ യുവജന സംഘടനകളുടെ പ്രതിഷേധം ശക്തമായിരുന്നു. സംഘർഷ സാധ്യത മുന്നിൽ കണ്ട് കനത്ത പൊലീസ് വലയത്തിലായിരുന്നു തിരുവല്ല താലൂക്ക് ആശുപത്രിയും മജിസ്ട്രേറ്റ് കോടതിയും. വൈദ്യ പരിശോനയ്ക്ക് എത്തിച്ച രാഹുലിന് നേരെ ഡിവൈഎഫ്ഐ യുവമോർച്ച പ്രവർത്തകർ പാഞ്ഞടുത്തു.
തിരുവല്ല കോടതിക്ക് മുന്നിൽ രാഹുലിന് നൽകാൻ ട്രോഫിയുമായിട്ടാണ് യുവമോർച്ച പ്രവര്‍ത്തകര്‍ കാത്തുനിന്നത്. രോഷത്തിനൊപ്പം ഉയരുന്ന പ്ലക്കാർഡുകളും ഉണ്ടായിരുന്നു. ആദ്യ കേസിലെ അതിജീവിത സമൂഹ മാധ്യമത്തിൽ കുറിച്ച love you to Moon and back ബാനറുമായി ഡിവൈഎഫ്ഐ എസ്എഫ്ഐ പ്രവർത്തകർ. പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കിയാണ് പൊലീസ് രാഹുലുമായി മുന്നോട്ട് പോയത്.
3 ദിവസത്തേക്കാണ് എസ്ഐടി കസ്റ്റഡി അപേക്ഷ സമർപ്പിച്ചത്. കെട്ടിച്ചമച്ച കേസാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും പ്രതിഭാഗം വാദിച്ചു. തന്നെ കൊണ്ടു നടന്ന് പ്രദർശിപ്പിക്കാനാണ് ശ്രമമെന്നും കസ്റ്റഡിയിൽ നൽകരുതെന്നും രാഹുൽ അവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി 15 ആം തീയതി വൈകിട്ട് വരെ പ്രതിയെ കസ്റ്റഡിയിൽ വിട്ടു. കസ്റ്റഡിയിൽ വാങ്ങിയ പ്രതിയുമായി എസ്ഐടി സംഘം പോകുന്നതിനിടെ പ്രതിഷേധക്കാർ രാഹുലിന് നേരെ മുട്ടെയറിഞ്ഞു. രാഹുൽ ഒന്നും പ്രതികരിച്ചില്ല.
പത്തനംതിട്ട എ.ആർ.ക്യാമ്പിൽ രാഹുലിനെ എത്തിച്ച് ചോദ്യം ചെയ്യൽ തുടങ്ങി. ബലാത്സംഗം നടന്നുവെന്ന് പറയുന്ന തിരുവല്ലയിലെ ഹോട്ടലിൽ അടക്കം രാഹുലിനെ എത്തിച്ച് തെളിവെടുപ്പ് നടത്തും. ചില ഇലക്ട്രോണിക് വസ്തുക്കളും കണ്ടെത്താൻ ഉണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. 3 ദിവസത്തെ കസ്റ്റഡിലൂടെ മറഞ്ഞിരിക്കുന്ന ഉത്തരങ്ങൾ പുറത്തു വരുമെന്നാണ് എസ്ഐടിയുടെ കണക്കുകൂട്ടൽ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam