
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രതീക്ഷിച്ചതിലും നേരത്തെ നടന്നേക്കും എന്ന അഭ്യൂഹങ്ങൾ പരക്കുന്നതിനിടെ അണിയറ നീക്കങ്ങൾ സജീവമാക്കി ബിജെപിയും കോൺഗ്രസും. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വിവിധ മതസാമൂഹികവിഭാഗങ്ങളുടെ പ്രതിനിധികളുമായി പോയ ദിവസങ്ങളിൽ ചർച്ചകൾ നടത്തി.
ഇന്നലെ തന്നെ കാണാനെത്തിയ മുസ്ലീമതപ്രതിനിധികളോട് എല്ലാവരേയും ഒരുമിച്ച് കാണുകയും ഒരുമിച്ചു കൊണ്ടു പോകുകയും ചെയ്യുന്ന പാർട്ടിയാണ് കോൺഗ്രസെന്ന് രാഹുൽ ഗാന്ധി പറഞ്ഞതായി ചർച്ചയിൽ പങ്കെടുത്തവരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
ബിജെപിയെ നേരിടാൻ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് മൃദുസമീപനം സ്വീകരിച്ചത് മുസ്ലീംസമുദായത്തിൽ ആശങ്കകൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് മതനേതാക്കൾ രാഹുലിനോട് പറഞ്ഞു. എന്നാൽ അടിസ്ഥാന ആശയങ്ങളിൽ നിന്നും പാർട്ടി ഒരിക്കലും വ്യതിചലിക്കില്ലെന്ന് രാഹുൽ ഇവർക്ക് മറുപടി നൽകി.
കോൺഗ്രസ് ആരോടും അനീതി കാണിക്കില്ല. ബിജെപിയുടേത് വിഭജനത്തിന്റെ രാഷ്ട്രീയമാണെങ്കിൽ കോൺഗ്രസിന്റേത് ഐക്യപ്പെടല്ലിന്റെ രാഷ്ട്രീയമാണ്. എല്ലാവരേയും കൂടെ നിർത്തി മുന്നോട്ട് പോകുന്നതാണ് കോൺഗ്രസിന്റെ രീതിയെന്ന് രാഹുൽ ചർച്ചയിൽ പങ്കെടുത്തവരോട് പറഞ്ഞു.
ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസ് നേതൃത്വത്തിൽ ഉടനെ മുന്നണി നിലവിൽ വരുമെന്നും വിവിധ വിഭാഗങ്ങളുമായുള്ള ചർച്ചയിൽ അദ്ദേഹം ആവർത്തിച്ച് വ്യക്തമാക്കി. മോദി ഭരണത്തിൽ അതൃപ്തരായ വിഭാഗങ്ങളുമായും രാഹുൽ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിടാൻ കോണ്‍ഗ്രസിന് കരുത്തുണ്ടെന്ന് ബോധ്യപ്പെടുത്തലും കൂടിക്കാഴ്ചകളുടെ ലക്ഷ്യമാണ്
മധ്യപ്രദേശ് ,രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അനുകൂലമായാൽ സഖ്യനീക്കത്തിന് വേഗം കൂടുമെന്ന് കോണ്‍ഗ്രസ് കണക്കു കൂട്ടുന്നു . യു.പി,ബിഹാര്‍, തുടങ്ങി പകുതിയോളം ലോക്സഭാ സീറ്റുള്ള 7 സംസ്ഥാനങ്ങളിലാകും സഖ്യ നീക്കത്തിന് ഊര്‍ജിത ശ്രമം. ഇതിന് മുന്നോടിയായ മറ്റു പാര്‍ട്ടികളുമായി ചേര്‍ന്ന് കേന്ദ്രവിരുദ്ധ സമരത്തിനും കോണ്‍ഗ്രസ് ശ്രമം തുടങ്ങിയിട്ടുണ്ട്.
അതേ സമയം ഉടൻ നിയമസഭാ തിരഞ്ഞെടുപ്പ് വരാൻ പോകുന്ന സംസ്ഥാനങ്ങളെക്കാള്‍ ഉത്തര്‍പ്രദേശ് കേന്ദ്രീകരിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നീക്കം. ഇൗ ആഴ്ച്ച ലോകത്തെ ഏറ്റവും വലിയ മൊബൈൽ നിർമ്മാണ ഫാക്ടറി അദ്ദേഹം ശനിയാഴ്ച്ചയും ഞായറാഴ്ച്ചയും വിവിധ പരിപാടികളിൽ പങ്കെടുക്കാൻ യുപിയിലെത്തുന്നുണ്ട്. അടുത്തയാഴ്ച സര്‍ക്കാര്‍ പരിപാടികള്‍ക്കൊപ്പം കര്‍ഷകറാലിയിലും പ്രധാനമന്ത്രി പങ്കെടുക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam