
ദില്ലി: കെപിസിസി പുനഃസംഘടന സംബന്ധിച്ച് കേരളത്തിലെ നേതാക്കളുമായി ഇന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ അന്തിമഘട്ടചര്‍ച്ച നടത്തും കേരളാ കോണ്‍ഗ്രസിന്റെ അതൃപ്തിയും ചര്‍ച്ചയാകും. ഉച്ചക്ക് ശേഷമാണ് കൂടിക്കാഴ്ച
കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് വി എം സുധീരനെ മാറ്റണമെന്ന് വിവിധ ഗ്രൂപ്പ് നേതാക്കള്‍ ശക്തമായി ഹൈക്കമാന്‍ഡിന് മുന്നില്‍ ആവശ്യപ്പട്ടിട്ടുണ്ട്. ഇപ്പോള്‍ കേരള കോണ്‍ഗ്രസ് കോണ്‍ഗ്രസ് ബന്ധം വഷളാകാന്‍ കാരണം സുധീരനാണെന്ന പുതിയ ആരോപണമാണ് എതിര്‍പക്ഷം ഉന്നയിക്കുന്നത്. തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷവും കോണ്‍ഗ്രസുമായി വലിയ തര്‍ക്കങ്ങള്‍ കെ എം മാണി പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍ ബിജു രമേശിന്റെ മകളുടെ വിവാഹത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തത് സുധീരന്‍ വിമര്‍ശിച്ചത് പ്രശ്‌നങ്ങള്‍ വീണ്ടും വഷളാക്കിയെന്നാണ് ഗ്രൂപ്പ് നേതാക്കളുടെ വിശദീകരണം. കെ പി സി സി പുനഃസംഘടനസംബന്ധിച്ച് വിവിധ നേതാക്കളുമായി നടത്തിയ ചര്‍ച്ചയുടെ അവസാനഘട്ടമെന്ന നിലയിലാണ് രാഹുല്‍ഗാന്ധി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ എന്നിവരുമായി ചര്‍ച്ച നടത്തുന്നത്. പുനസംഘടനക്കൊപ്പം മാണിയുമായുള്ള ബന്ധവും രാഹുല്‍ഗാന്ധിയുമായുള്ള ചര്‍ച്ചയില്‍ വരും. സുധീരനെ മാറ്റണമെന്ന് സംസ്ഥാനത്തെ വിവിധ നേതാക്കള്‍ ആവശ്യപ്പെടുമ്പോഴും അതിന് പെട്ടെന്ന് തയ്യാറാവാന്‍ ഹൈക്കമാന്‍ഡ് തയ്യാറാവില്ല. പകരം പുനഃസംഘടനക്കും പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ഉന്നതതലസമിതി വയ്ക്കാനാണ് സാധ്യത. എതായാലും ഇന്നതെ ചര്‍ച്ചയിലൂടെ പ്രശ്‌നപരിഹാരമുണ്ടാകുമെന്നാണ് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ദില്ലിയിലേക്ക് തിരിക്കുന്നത് മുന്‍പ് വ്യക്തമാക്കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam