കേരളത്തില്‍ റെയില്‍വേ സര്‍വ്വീസുകള്‍ വെട്ടിക്കുറക്കുന്നു

By Web DeskFirst Published May 12, 2017, 7:46 AM IST
Highlights

പാലക്കാട്: കൂടുതല്‍ ട്രെയിനുകള്‍ക്കായി സംസ്ഥാനം ആവശ്യം ഉന്നയിക്കുമ്പോള്‍ നിലവിലുള്ള സര്‍വീസുകള്‍ നിര്‍ത്തലാക്കി റെയില്‍വേ. പാലക്കാട് തിരുവനന്തപുരം സേലം ഡിവിഷനുകളിലായി 24 സര്‍വീസുകളാണ് റെയില്‍വേ നിര്‍ത്തലാക്കിയത്. ലാഭകരമല്ലാത്ത സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തുന്നു എന്നാണ് റെയില്‍വേ നല്‍കുന്ന വിശദീകരണം.

പാലക്കാട് ഡിവിഷനുകീഴില്‍ ഏറെ കാത്തിരുന്ന് പുനരാരംഭിച്ച പൊള്ളാച്ചി ട്രെയിനും പഴനി ട്രെയിനും ഉള്‍പ്പടെ ആറ് ട്രെയിനുകളുടെ പന്ത്രണ്ട് സര്‍വീസാണ് റെയില്‍വേ നിര്‍ത്തലാക്കിയിരിക്കുന്നത്. പൊള്ളാച്ചിയിലേക്ക് നീട്ടിയിരുന്ന അമൃത എക്‌സ്‌പ്രസ് ആകട്ടെ ഇനി പാലക്കാട് വരെ മാത്രം ഓടും. കണ്ണൂര്‍ - കാസര്‍കോഡ് സ്‌പെഷ്യല്‍, കസര്‍കോഡ് - ബൈന്ദൂര്‍ പാസഞ്ചര്‍, എന്നിവയാണ് പാലക്കാട് ഡിവിഷനുകീഴില്‍ റദ്ദ് ചെയ്ത തീവണ്ടികള്‍. ലാഭകരമല്ലാത്ത സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തലാക്കുന്നു എന്നും ഈ പാതകളില്‍ അറ്റകുറ്റപ്പണി നടത്തേണ്ടതുണ്ട് എന്നുമാണ് റെയില്‍വേ നല്‍കുന്ന വിശദീകരണം.
 
എറണാകുളം - പിറവം റോഡ് - അങ്കമാലി പാസഞ്ചറും, ആലുവ - എറണാകുളം മെമു തീവണ്ടികളും നിര്‍ത്തലാക്കിയവയില്‍ ഉള്‍പ്പെടുന്നു. സേലം ഡിവിഷനു കീഴില്‍ വരുന്ന കോയമ്പത്തൂര്‍ - മേട്ടുപ്പാളയം പാസഞ്ചര്‍, സേലം - കരൂര്‍ എക്‌സ്‌പ്രസ് എന്നീ രണ്ട് ട്രെയിനുകളും സര്‍വീസ് നിര്‍ത്തി. അടുത്തിടെ എറണാകുളത്തു നിന്നും പാലക്കാട് വഴി രാമേശ്വരത്തേക്ക് ആരംഭിച്ച സര്‍വീസും പാലക്കാട് തിരുച്ചെന്തൂര്‍ സര്‍വീസും മാത്രമാണ് ലാഭകരമായ സ്‌പെഷ്യല്‍ ട്രെയിനുകളുടെ പട്ടികയില്‍ ഉള്ളത്. യാത്രക്കാരുടെ എണ്ണം കുറഞ്ഞാല്‍ ഇവയും റെയില്‍വേ നിര്‍ത്തലാക്കാന്‍ സാധ്യതയുണ്ട്. പാതകളിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുന്നതനുസരിച്ച് നിര്‍ത്തലാക്കിയ സര്‍വീസുകള്‍ പുനരാരംഭിക്കും എന്നാണ് റെയില്‍വേ നല്‍കുന്ന വിശദീകരണം.

click me!