
മലപ്പുറം: ട്രെയ്നില്‍ നിന്നും ഇറക്കിവിട്ട ഹൃദ്രോഗത്തിന് അടിമയായ കുഞ്ഞ് അമ്മയുടെ മടിയില്‍ കിടന്ന് മരിച്ച സംഭവം കഴിഞ്ഞ ദിവസം കേരളത്തെ ഞെട്ടിച്ച സംഭവമാണ്. കണ്ണൂർ ഇരിക്കൂർ കെസി ഹൗസിൽ ഷമീർ- സുമയ്യ ദമ്പതികളുടെ മകൾ മറിയം ആണ് ബുധനാഴ്ച രാത്രി പതിനൊന്നരയോടെ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനില്‍ വച്ച് മരിച്ചത്.
കുട്ടിയെ തിരുവനന്തപുരം ശ്രീചിത്രയില്‍ എത്തിക്കാന്‍ രാത്രി റെയിൽവേ സ്റ്റേഷനിലെത്തിയ ഇവര്‍ ജനറല്‍ ടിക്കറ്റ് എടുത്താണ് ട്രെയിനില്‍ കയറിയത്. തിരക്കേറിയ ബോഗിയിൽ കൊണ്ടുപോകുന്നതു നില വഷളാക്കുമെന്നതിനാൽ പിന്നീട് സുമയ്യ കുഞ്ഞുമായി സ്ലീപ്പർ കോച്ചിൽ കയറി. ടിക്കറ്റ് പരിശോധകർ ഓരോ കോച്ചിൽനിന്നും ഇവരെ ഇറക്കിവിട്ടു. സീറ്റിനും വൈദ്യസഹായത്തിനും വേണ്ടി ആവർത്തിച്ച് അഭ്യർഥിച്ചിട്ടും ലഭിച്ചില്ലെന്നും അടുത്ത കോച്ചിലേക്കു മാറണമെന്ന് ആവശ്യപ്പെട്ട് ഓരോ സ്റ്റേഷനിലും ടിക്കറ്റ് പരിശോധകർ ഇറക്കിവിടുകയായിരുന്നെന്നും കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു.
ഇത്തരം ഒരു അടിയന്തര യാത്ര നടത്തുന്ന സമയത്ത് ശരിക്കും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇത്തരം ചികിത്സായാത്രകള്‍ക്ക് എമര്‍ജന്‍സി ക്വാട്ട സീറ്റുകള്‍ റെയില്‍വേയില്‍ ലഭ്യമാണ്. കാന്‍സര്‍ രോഗികള്‍ക്കും ഒപ്പമുള്ള ഒരാള്‍ക്കും ഇത്തരം യാത്രയില്‍ റിസര്‍വേഷന്‍ സൌജന്യമാണ്. റിസര്‍വേഷന്‍ ക്ലര്‍ക്കിന് ഇത്തരം ഒരു അവസ്ഥയില്‍ ഡിവിഷന് ഓഫീസിനെ ബന്ധപ്പെട്ട് സീറ്റ് ലഭ്യമാക്കാവുന്നതാണ് എന്നാല്‍ ഈ അപേക്ഷ റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറാക്കുന്നതിന് മുന്‍പേ വേണം.
ഇത്തരത്തില്‍ സീറ്റ് വേണമെങ്കില്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും ആവശ്യമാണ്. ഹൃദ്രോഗികള്‍ക്ക് ഇത്തരം ടിക്കറ്റ് റിസര്‍വേഷന്‍ 75 ശതമാനം ഇളവുണ്ട്. എന്നാല്‍ കുറ്റിപ്പുറം സംഭവത്തില്‍ അടിയന്തരയാത്രയ്ക്ക് ഇടയില്‍ സീറ്റ് നല്കാന് നിയമപരമായി ടിക്കറ്റ് പരിശോധകന് കഴിയില്ലെന്നാണ് നിയമം പറയുന്നത്. മറ്റ് യാത്രക്കാര്‍ പരാതി പറയുന്നതാണ് ഇതിന് തടസമായി പറയുന്നത്. എന്നാല്‍ സീറ്റ് ഒഴിവുണ്ടോ എന്ന് നോക്കി മാനുഷിക പരിഗണന നല്കി സീറ്റ് നല്കാന് കഴിയില്ലായിരുന്നോ എന്ന വാദമാണ് ഇപ്പോള്‍ ഉയരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam