കേരളത്തില്‍ മൂന്ന് ദിവസം ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത

By Web DeskFirst Published May 11, 2017, 2:03 AM IST
Highlights

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മൂന്ന് ദിവസം കൂടി ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത. കേരള തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദം മികച്ച വേനല്‍ മഴ ലഭിക്കാന്‍ സഹായകമാകുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. ഭൗമോപരിതലത്തില്‍ വടക്ക് പടിഞ്ഞാറന്‍ കാറ്റിനും സാധ്യതയുണ്ട്.

കഴിഞ്ഞ ദിവസം വൈകിട്ടോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വേനല്‍മഴ ലഭിച്ചിരുന്നു. മധ്യകേരളത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ഒരു സെന്റീമീറ്ററിലധികം മഴ പെയ്തു. അടുത്ത രണ്ട് ദിവസം മധ്യ തെക്കന്‍ കേരളത്തിലും കിഴക്കന്‍ മലയോര മേഖലയിലും ചെറിയ ഇടിയോട് കൂടിയ മഴ ലഭിക്കും. മധ്യ കേരളത്തിലായിരിക്കും ഏറ്റവും കൂടുതല്‍ മഴ ലഭിക്കുക. 

ന്യൂനമര്‍ദ്ദം തുടരുകയാണെങ്കില്‍ ഒരാഴ്ച മഴ നീണ്ടുനില്‍ക്കുന്നതിനും സാധ്യതയുണ്ടെന്ന് കുസാറ്റിലെ ശാസ്ത്രജ്ഞനായ എം.ജി മനോജ് പറയുന്നു. കഴിഞ്ഞ വര്‍ഷം ഇതേ സമയം ലഭിച്ചതിന്റെ ഇരട്ടി മഴ പെയ്തതോടെ കനത്ത ചൂടിന് ശമനമുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 35 ശതമാനം അധികം വേനല്‍ മഴ ഇതുവരെ കേരളത്തില്‍ ലഭിച്ചു കഴിഞ്ഞു.


 

click me!