
തൃശൂര്‍: പന്ത്രണ്ടാം വയസില്‍ നിധിന്റെ ചുമലില്‍ അച്ഛന്റെയും അമ്മയുടെയും കുഞ്ഞനുജത്തിയുടെയും ഭാരം താങ്ങാവുന്നതിലുമപ്പുറമാണ്. അച്ഛന്‍ പേരാമംഗലം സ്വദേശി രാജഗോപാലിനും അമ്മ ജയ്‌സമ്മയ്ക്കും കാഴ്ചയില്ല. ബുദ്ധിയുറച്ചതോടെ നിധിന്‍ കുടുംബത്തിന്റെ ജീവിത രീതികളോടും സാഹചര്യങ്ങളോടും പൊരുത്തപ്പെട്ട് തുടങ്ങിയതായിരുന്നു. എന്നാല്‍, ജയ്‌സമ്മയുടെ തലച്ചോറില്‍ മുഴ വളരുന്നതായി കണ്ടെത്തിയതോടെ അതുവരെയുണ്ടായ ചെറിയ സമാധാനം പാടെ തകര്‍ന്നു.
അനുജത്തി നീരജയ്ക്ക് അഞ്ചര വയസുമാത്രം. തലച്ചോറിലെ അസുഖം നാള്‍ക്കുനാള്‍ കൂടാന്‍ തുടങ്ങിയതോടെ ജയ്‌സമ്മയുടെ ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്നു പോവുകയാണിപ്പോള്‍. കാഴ്ചയില്ലാത്ത രാജഗോപാലിനെന്ത് ചെയ്യാനാവും. വ്യത്യസ്ഥ മതങ്ങളില്‍ നിന്ന് വിവാഹം കഴിച്ചെന്ന പേരില്‍ നിരാലംബരായ ഇരുവരെയും കുടുംബങ്ങളും ബന്ധുക്കളും കൈവിട്ടു. തളര്‍ന്നു പോകുന്ന ജയ്‌സമ്മയെ താങ്ങിയെഴുന്നേല്‍പ്പിക്കാന്‍ പോലും ആരുമില്ലാത്ത അവസ്ഥ.
ഈര്‍ക്കില്‍ പോലെ മെല്ലിച്ച കൊച്ചുപയ്യന്‍ നിധിന്‍ നിസ്സഹായനായി. ആശുപത്രിയില്‍ അമ്മയെ പരിചരിച്ചു നില്‍ക്കുന്നതിനിടെ, എന്തായിരിക്കും ശേഷമെന്ന് പോലും ചിന്തിക്കാതെ അവന്‍ അമ്മയ്ക്ക് ഡോക്ടര്‍ കുറിച്ച് വാങ്ങിവച്ച മരുന്നുകള്‍ ഒരുമിച്ചെടുത്ത് കഴിച്ചു. എന്നിട്ടും അവന്റെ നിയോഗം ഇരുള്‍ താണ്ടുന്ന അച്ഛനമ്മമാരെയും പറക്കമുറ്റാത്ത അനുജത്തിയെയും സരംക്ഷിക്കുക എന്നത് തന്നെ. ചെയ്തു പോയൊരപരാധത്തില്‍ പശ്ചാത്തപിക്കാന്‍ പോലും നേരമില്ലാതവന്‍ അമ്മയ്ക്കുവേണ്ടി ഉറക്കമൊഴിക്കുകയാണ്. ദൈവം എന്നൊന്നുണ്ടെങ്കില്‍ ഈ ഇളം മനസിന് മാപ്പും കരുത്തും നല്‍കും; ജയ്‌സമ്മയ്ക്ക് ആരോഗ്യവും വീണ്ടു കിട്ടും.
സര്‍വ ശിക്ഷാ അഭിയാന്‍ തൃശൂര്‍ പുഴയ്ക്കല്‍ ബ്ലോക്കിലെ റിസോഴ്‌സ് ടീച്ചറായിരുന്നു 42 കാരിയായ ജയ്‌സമ്മ. ഇടുക്കി സ്വദേശിനിയായ ഇവര്‍ അഞ്ച് വര്‍ഷം മുമ്പാണ് പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ ക്ഷേമവും പഠനവും സാധ്യമാക്കുന്ന ദൗത്യം ഏറ്റെടുത്ത് എസ്എസ്എയില്‍ കൂടിയത്. രാഷ്ട്രീയ സംഘങ്ങളും ട്രേഡ് യൂണിയനുകളും കൊടികുത്തി വാഴുന്ന കേരള നാട്ടില്‍ പ്രതിവര്‍ഷം ബോണ്ടെഴുതി വാങ്ങി കരാര്‍ ജോലിക്കാരായി നിയോഗിക്കപ്പെട്ടവരാണ് ജയ്‌സമ്മയടക്കമുള്ള റിസോഴ്‌സ് ടീച്ചര്‍മാര്‍.
നിശ്ചത ദിവസം വിട്ടാല്‍ എത്ര കടുത്ത രോഗമായാല്‍ പോലും അവധിയും കിട്ടില്ല. കരാര്‍ കാലയളവിലെ ജയ്‌സമ്മയുടെ ജോലി സ്ഥിരത പോലും ചോദ്യചിഹ്നം മാത്രം. കാഴ്ചയില്ലാത്തതിനാല്‍ അധ്യാപനം തന്നെ ഏറെ സഹനത്തിന്റേതാണ്. കുടുംബ പ്രാരാബ്ദം ഒന്നുകൊണ്ട് മാത്രമാണ് ജോലിയില്‍ തുടര്‍ന്നത്. ഇന്നിപ്പോള്‍ തലച്ചോറിലെ ട്യൂമര്‍ അവരെ അവശയാക്കിയിരിക്കുന്നു. ലോട്ടറി വില്പനക്കിറങ്ങുന്ന ഭര്‍ത്താവ് രാജഗോപാലിനൊപ്പം ജയ്‌സമ്മയെയും കൂട്ടും. വീട്ടില്‍ തനിച്ചാക്കി പോരാന്‍ കഴിയാത്തതുകൊണ്ടാണിത്.
കഴിഞ്ഞ വെള്ളിയാഴ്ച അപസ്മാരം പോലെ കുഴഞ്ഞു വീണ ജയ്‌സമ്മയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാക്കി. തളരുന്ന സമയം ഓര്‍മ്മയും നഷ്ടമാകും. വേഗത്തില്‍ സര്‍ജറി ചെയ്യണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. തൃശൂരില്‍ ഇതിന് സംവിധാനമില്ലാത്തതിനാല്‍ തിരുവനന്തപുരത്ത് ശ്രീചിത്രയിലേക്ക് റഫര്‍ ചെയ്തു. ജനുവരി 22 ന് സര്‍ജറിക്കുള്ള തിയതി കുറിച്ച് കിട്ടിയിട്ടുണ്ട്. നിര്‍ണായകമായ ഈ ഓപ്പറേഷന് ലക്ഷങ്ങള്‍ വേണം. ലോട്ടറി വില്പനയില്‍ നിന്നെന്തു കിട്ടാന്‍. കാഴ്ചയുടെ ലോകം തന്നെ ഇല്ലാത്തവര്‍ക്ക് ഭാഗ്യത്തിന്റെ തുണയും അന്യം. സര്‍ക്കാരിലും ജനപ്രതിനിധികള്‍ക്കും സഹായത്തിനായുള്ള അപേക്ഷകള്‍ നല്‍കിയിട്ടുണ്ട്. വീടിനടുത്ത് മുണ്ടൂരിലെ കാനറാ ബാങ്ക് ശാഖയില്‍ 0721101065363, IFSC: IFSC: CNRB 0003479 എന്ന നമ്പറില്‍ അക്കൗണ്ടുമുണ്ട്.
ജീവിതം ഇങ്ങനെയൊക്കെയായി തീര്‍ന്നതില്‍ രാജഗോപാലിന് ആരോടും പരിഭവമില്ല. എല്ലാ രോടും ഹൃദയം നിറയെ നല്‍കാനുള്ളത് സ്‌നേഹം മാത്രം. ഒരാളെ പരിചയപ്പെട്ടാല്‍ ഫോണ്‍ നമ്പര്‍ കിട്ടിയാല്‍ എക്കാലത്തെയും കൂട്ടാളിയും മാര്‍ഗദര്‍ശിയുമായി ആളെ മാറ്റിയെടുക്കും. തീരെ നിര്‍ധന കുടുംബമാണ് രാജഗോപാലിന്റേത്. മുന്നിലെ ഇരുട്ടിനെ ജീവിതത്തിന്റെ വെളിച്ചമാക്കി സഞ്ചരിക്കാന്‍ പഠിച്ചു. വരുമാനത്തിനൊരു തൊഴില്‍ തേടിയുള്ള യാത്ര അയാളെ കൊണ്ടെത്തിച്ചത് പീച്ചി കണ്ണാറയിലുള്ള ഒരു സ്ഥാപനത്തിലാണ്. ചന്ദന തിരിയും മെഴുകുതിരിയും നിര്‍മ്മിച്ച് കച്ചവട സ്ഥാപനങ്ങളിലെത്തിക്കുന്ന സ്ഥാപനം. കടകളിലേക്ക് ചരക്ക് എത്തിക്കുന്ന വണ്ടിയിലെ തൊഴിലാളിയായി ജോലി തുടങ്ങി.
കാഴ്ചയില്ലാത്തവരുള്‍പ്പടെ ഒരുപാട് പേര്‍ ഈ സ്ഥാപനത്തിലെത്തി തൊഴില്‍ പഠിച്ച് വരുമാനം കണ്ടെത്തുന്നുണ്ട്. അങ്ങിനെയിരിക്കെയാണ് അവിടെ നടന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ ഇടുക്കിക്കാരി ജയ്‌സമ്മ എത്തുന്നത്. ഇരുവരും പരിചിതരായി. പിന്നെ ഹൃദയം പങ്കുവച്ചു. ഒരുമിച്ച് ജീവിക്കാനും ധാരണയായി. കുടുംബങ്ങളുടെ എതിര്‍പ്പുകള്‍ വിവാഹ ജീവിതത്തെ വൈകിപ്പിച്ചു. പ്രതിസന്ധികളും പ്രതിരോധങ്ങളും മറികടന്ന് അടുപ്പത്തിന്റെ മൂന്നാം വര്‍ഷമാണ് രാജഗോപാല്‍ ജയ്‌സമ്മയുടെ കഴുത്തില്‍ മിന്നുകെട്ടുന്നത്. ബന്ധുജനം ഇവരോട് അകലം പാലിച്ചെങ്കിലും ഒരുമിക്കാനെടുത്ത ആ ധൈര്യം ജീവിതം മുന്നോട്ട് പോകാനുള്ള ഊന്നുവടിയായി. അപ്രതീക്ഷിതമായി കടന്നുവന്ന ജയ്‌സമ്മയിലെ അസുഖം മാത്രമാണ് രാജഗോപാലിന് എളുപ്പത്തില്‍ തട്ടിനീക്കാന്‍ പറ്റാതെ പോയിട്ടുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam