
തൂത്തുകുടി: തൂത്തുക്കുടിയില്‍ സ്റ്റെറിലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരെ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ പോലീസ് വെടിവെയ്‌പ്പില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചും മുന്‍ മുഖ്യമന്ത്രിയും എഡിഎംകെ നേതാവുമായിരുന്ന ജയലളിതയെ പുകഴ്‌ത്തിയും സൂപ്പര്‍ താരം രജനീകാന്ത്. സമാധാനപരമായി നടന്ന പ്രതിഷേധത്തില്‍ കടന്നുകയറിയ സാമൂഹ്യ വിരുദ്ധരാണ് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കിയതെന്നാണ് രജനീകാന്തിന്റെ നിലപാട്.
ഇങ്ങനെയുള്ള സംഭവങ്ങളെ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ ജയലളിതയെ കണ്ടു പഠിക്കണമെന്നും ഇരുമ്പു കരങ്ങളാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. പോലീസ് വെടിവെയ്‌പ്പിനിടെ പരിക്കേറ്റ് തൂത്തുകുടി മെഡിക്കല്‍ കോളജില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച ശേഷമായിരുന്നു താരത്തിന്റെ പ്രതികരണം. നല്ല കാര്യത്തിനായി നടക്കുന്ന പ്രതിഷേധങ്ങള്‍ ചില സാമൂഹ്യ വിരുദ്ധരാല്‍ പ്രകോപനപരമായേക്കാം.
സമരത്തിന്റെ ആദ്യ 99 ദിവസങ്ങളിലും ഒരുവിധ പ്രശ്‌നങ്ങളുമുണ്ടായിരുന്നില്ല. അക്രമത്തിലേക്ക് നീങ്ങിയതും ചോര പൊടിഞ്ഞതും തെറ്റായ ഉദ്ദേശത്തോടെ ചിലര്‍ നുഴഞ്ഞു കയറിയതിന് ശേഷമാണ്. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് , അക്രമം അഴിച്ചു വിട്ടവര്‍ക്കെതിരെ നടപടിയെടുക്കണണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മനുഷ്യത്വമുള്ളവരാണെങ്കില്‍ പ്ലാന്റ് തുറക്കണമെന്നാവശ്യപ്പെട്ട് കമ്പനി അധികൃതര്‍ കോടതിയില്‍ പോകില്ല. പ്ലാന്റ് ഇനി സ്ഥിരമായി അടച്ചിടാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം.
വിഷയത്തില്‍ പ്രതിഷേധിച്ചു ഡിഎംകെ നിയമസഭയില്‍ നിന്ന് ഇറങ്ങിയപ്പോയ സംഭവത്തെപ്പറ്റി ചോദിച്ചപ്പോള്‍ എല്ലാ കാര്യങ്ങളും രാഷ്ട്രീയവത്‌കരിക്കുന്നത് നല്ല കാര്യമല്ലെന്നായിരുന്നു രജനീകാന്തിന്റെ മറുപടി. ജനങ്ങളെ വിഡ്‌ഢികളാക്കാന്‍ സാധിക്കില്ല. അവരെല്ലാം കാണുന്നുണ്ട്. കൃത്യ സമയത്ത് അവര്‍ പ്രതികരിക്കുകയും ചെയ്യും. മുഖ്യമന്ത്രിയുടെ രാജി എല്ലാ വിഷയത്തിലും പ്രതിവിധിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam