
ജയ്പൂര്‍: ടോള്‍ പ്ലാസയിലെ ജീവനക്കാരനെ വലിച്ചിഴച്ചും അടിച്ചും ബിജെപി എംഎല്‍എ. രാജസ്ഥാനിലെ ബന്‍സ്വാര ജില്ലയിലാണ് ബിജെപി എംഎല്‍എ ജീത്മല്‍ ഘണ്ടിന്‍ന്റെ ക്രൂരമായ ആക്രമണത്തിന് ജീവനക്കാരന്‍ ഇരയായത്. ബധാലിയയിലെ ടോള്‍ പ്ലാസയിലെ ജീവനക്കാരനെ എംഎല്‍എ തലമുടി പിടിച്ച് വലിക്കുകയും മുഖത്തടിയ്ക്കുകയും ചെയ്യുന്ന വീഡിയോ ഇപ്പോള്‍ വൈറലാണ്.
എന്നാല്‍ സംഭവത്തില്‍ ഇത് വരെ പൊലീസ് കേസെടുക്കാനോ അന്വേഷണം നടത്താനോ തയ്യാറായിട്ടില്ല. അതേസമയം എംഎല്‍എ ആക്രമിച്ചതിനെതിരെ പരാതി നല്‍കാന്‍ ടോള്‍ പ്ലാസ ജീവനക്കാരും തയ്യാറായിട്ടില്ല. എംഎല്‍എയും ജീവനക്കാരും തമ്മിലുണ്ടായ തെറ്റിദ്ധാരണയാണ് സംഭവത്തിന് പിന്നിലെന്നും അവര്‍ക്ക് പരാതിയില്ലെന്നും ബന്‍സ്വാര എസ് പി കലു റാം റാവത് പറഞ്ഞു. സംഭവത്തോട് പ്രതികരിക്കാന്‍ എംഎല്‍എ ജീത്മല്‍ ഘണ്ട് തയ്യാറായില്ല. ഗാര്‍ഹി നിയോജമക മണ്ഡലത്തില്‍നിന്ന് ജയിച്ചാണ് ജീത്മല്‍ നിയമസഭയിലെത്തിയത്.