
ജയ്പുര്‍: സര്‍ക്കാരിന്റെ നയങ്ങളെയും വിമര്‍ശിച്ച് സമൂഹ്യമാധ്യമങ്ങളില്‍ എഴുതിയാല്‍ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് രാജസ്ഥാന്‍ പൊലീസിന് ഡിജിപിയുടെ മുന്നറിയിപ്പ്. സര്‍ക്കാരിനെതിരെയുള്ള പ്രസംഗത്തിനും വിലക്കുണ്ട്. ഡിജിപി ഒ.പി.ഗല്‍ഹോത്രയാണ് സര്‍ക്കുലര്‍ ഇറക്കിയത്.
സര്‍ക്കാരിനെതിരെ സമൂഹമാധ്യമങ്ങളില്‍ എഴുതുന്നതിനെ 'മോശം പെരുമാറ്റ'ത്തിന്റെ കീഴില്‍ ഉള്‍പ്പെടുത്തി നടപടിയെടുക്കുമെന്നും ഡിജിപി വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബറില്‍ രാജസ്ഥാനിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി ഇതുസംമ്പന്ധിച്ച് ഔദ്യോഗിക നോട്ടീസ് നല്‍കിയിരുന്നു. സര്‍ക്കാര്‍ നയങ്ങളെയും പദ്ധതികളെയും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശിക്കരുതെന്നായിരുന്നു പ്രധാന നിര്‍ദേശം.
ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പിനെയോ അതിന്റെ പ്രവര്‍ത്തനങ്ങളെയോ വിമര്‍ശിക്കുന്നതിനും വിലക്കുണ്ട്. അതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ ഡിജിപിയുടെ സര്‍ക്കുലര്‍. അതേസമയം, സമൂഹമാധ്യമങ്ങളില്‍ സാമൂഹിക വിഷയങ്ങളില്‍ വ്യക്തിപരമായ അഭിപ്രായ സ്വാതന്ത്ര്യത്തിന് പൊലീസിന് അവകാശമുണ്ട്. പക്ഷേ അത് സര്‍ക്കാരിനെ വിമര്‍ശിക്കരുതെന്ന് മാത്രം. എല്ലാ പൊലീസ് സ്റ്റേഷനുകളിലും സര്‍ക്കുലര്‍ പതിക്കണമെന്നും നിര്‍ദേശമുണ്ട്.
കഴിഞ്ഞ ഒക്ടോബറില്‍ കേരളത്തിലും സമാനമായ സര്‍ക്കുലര്‍ ഇറങ്ങിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ സമൂഹമാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നതും അപകീര്‍ത്തികരമായതും തെറ്റായതുമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നായിരുന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam