മോദി നാടിനെ വളർത്തുമ്പോൾ പിണറായി ജനങ്ങളെ തളർത്തുന്നു, കേരളത്തിൽ വിലക്കയറ്റം സർവകാല റിക്കോർഡിൽ 9.4%, ദേശീയ നിരക്ക് 2.07% മാത്രം: രാജീവ് ചന്ദ്രശേഖർ

Published : Sep 13, 2025, 01:46 PM IST
Rajeev Chandrasekhar

Synopsis

വിലക്കയറ്റത്തിന് കാരണം ഇടതു സർക്കാരിന്‍റെ  കഴിവില്ലായ്മയെന്നും  ബിജെപി സംസ്ഥാന അധ്യക്ഷൻ

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും ഉയർന്ന വിലക്കയറ്റമുള്ള സംസ്ഥാനമായി കേരളത്തെ മാറ്റിയതിനു കാരണം പിണറായി സർക്കാരിന്‍റെ  ദുർഭരണമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. തുടർച്ചയായ എട്ടാം മാസവും വിലക്കയറ്റത്തിൽ കേരളം ഒന്നാമതാണ്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഓഗസ്റ്റ് മാസത്തിലെ കേരളത്തിന്‍റെ  പണപ്പെരുപ്പം 9.4 ആണ്. ദേശീയ ശരാശരി 2.07% ത്തിലേക്ക് കുറയുമ്പോഴാണ് കേരളത്തിലെ ജനങ്ങൾ ഇത്ര വലിയ വിലക്കയറ്റം അനുഭവിക്കേണ്ടി വരുന്നത്. സംസ്ഥാന സർക്കാരിന്‍റെ  കഴിവുകേടിന്‍റെ  തെളിവാണിതെന്നും രാജീവ് ചന്ദ്രശേഖർ പ്രസ്താവനയിൽ പറഞ്ഞു.

 ദേശീയതലത്തിൽ പണപ്പെരുപ്പം റിസർവ് ബാങ്ക് നിശ്ചയിച്ച നിരക്കായ നാല് ശതമാനത്തിനും താഴെയാക്കി നിലനിർത്തി രാജ്യത്തിന്‍റെ  സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താൻ കേന്ദ്രസർക്കാരിന് കഴിയുമ്പോഴാണ് കേരളത്തിലെ വിലക്കയറ്റം അനിയന്ത്രിതമായി ഓരോ മാസം കഴിയുമ്പോഴും ഉയരുന്നത്. കോൺഗ്രസ് ഭരിക്കുന്ന കർണാടകയാണ് പണപ്പെരുപ്പത്തിൽ കേരളത്തിന്റെ തൊട്ടുപിന്നിലുള്ളത്. ദേശീയ ശരാശരി 2.07 ശതമാനവും ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അതിൽ താഴെയുമാണ് നിരക്ക്. യുപിയിലാണ് ഏറ്റവും കുറവ്. 0.26%. രാജസ്ഥാൻ 0.99% ഉം മധ്യപ്രദേശും ഗുജറാത്തും 1.24% ഉം ആണ്. പണപ്പെരുപ്പം നിയന്ത്രിച്ച് രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയെ നരേന്ദ്ര മോദി സ‍ർക്കാർ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കുമ്പോൾ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി നിലംപരിശാക്കുന്ന തിരക്കിലാണ് കേരള മുഖ്യമന്ത്രിയും സർക്കാരും. മോദി നാടിനെ വളർത്തുമ്പോൾ കേരള സർക്കാർ ജനങ്ങളെ തളർത്തുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. 

രാജ്യത്തെ പണപ്പെരുപ്പ നിരക്ക് കഴിഞ്ഞ എട്ട് വർഷത്തെ കുറഞ്ഞ നിലയിലെത്തിയത് നരേന്ദ്ര മോദി സർക്കാറിൻ്റെ ദീർഘവീക്ഷണത്തോടെയുള്ള ചടുല നീക്കങ്ങളിലൂടെയാണ്.എന്നാൽ ഇതേ സമയം കേരളത്തിലെ പണപ്പെരുപ്പ നിരക്ക് പന പോലെ വളർന്ന് 9.4 ശതമാനത്തിലുമെത്തി. പ്രത്യക്ഷത്തിൽ കാണാൻ കഴിയില്ലെങ്കിലും ജനങ്ങൾക്കുമേൽ കേരള സർക്കാർ അടിച്ചേൽപ്പിക്കുന്ന ഒളിപ്പിച്ചു വച്ച നികുതി ഭാരമാണ് ഇതുണ്ടാക്കുന്ന ദ്രോഹം. ജിഎസ്ടി പരിഷ്കരിച്ച് സാധാരണക്കാർക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ 175-ൽ അധികം ഇനങ്ങളുടെ വില രാജ്യത്ത് കുറയുമ്പോൾ അതിന്റെ ഗുണഫലം വിലക്കയറ്റം രൂക്ഷമായ കേരളത്തിലെ ജനങ്ങൾക്ക് ലഭിക്കുന്നില്ല. ഇത് സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടാണ്. കേരളത്തിൻ്റെ കൊട്ടിഘോഷിക്കപ്പെട്ട വിദ്യാഭ്യാസ-ആരോഗ്യ ഫാബ്രിക്കേറ്റഡ് മോഡലുകളെല്ലാം തക‍ർന്നടിയുകയാണ്.പണപ്പെരുപ്പത്തിലും തൊഴിലില്ലായ്മയിലും സാമ്പത്തിക പ്രതിസന്ധിയിലും കേരളം ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ മുഖ്യമന്ത്രി മൗനത്തിലാണ്. ഇത്രയുമൊക്കെയായിട്ടും വിപണിയിൽ ഇടപെട്ട് വില പിടിച്ചു നി‍ർത്താനോ, മറ്റ് നടപടികൾ സ്വീകരിക്കാനോ സർക്കാർ യാതൊന്നും ചെയ്യുന്നില്ല. 

കഴിവുകെട്ട ഈ സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കണം. എപ്പോഴും കടം വാങ്ങി നിത്യ ചെലവുകൾ നടത്തി, സ്വന്തമായി ഉത്പാദനം നടത്താതെ ഉപഭോക്തൃസംസ്ഥാനമായി കേരളത്തെ മാറ്റിയത് ഏഴ് പതിറ്റാണ്ട് മാറിമാറി ഭരിച്ച ഇടത്-വലത് മുന്നണികളാണ്. ഇവർ രണ്ടുപേരെയും അധികാരത്തിൽ നിന്നും മാറ്റിനിർത്തിയാൽ മാത്രമേ കേരളത്തിൽ മാറ്റം കൊണ്ടുവരാനും ഈ ദുരവസ്ഥ അവസാനിപ്പിക്കാനും കഴിയുകയുള്ളൂ എന്നും രാജീവ്‌ ചന്ദ്രശേഖർ വ്യക്തമാക്കി.

 

PREV
Read more Articles on
click me!

Recommended Stories

പർവതാരോഹണത്തിനിടെ കാലാവസ്ഥ മോശമായി, കാമുകിയെ വഴിയിൽ ഉപേക്ഷിച്ച് കാമുകൻ, തണുത്ത് വിറച്ച് യുവതിക്ക് ദാരുണാന്ത്യം
ടേക്ക് ഓഫിനൊരുങ്ങി എയർ ബസ് വിമാനം, സെക്കൻഡുകൾക്കുള്ളിൽ പുകയിലും തീയിലും മുങ്ങി വിമാനം, ക്യാബിനിൽ 169 യാത്രക്കാർ