സംസ്ഥാനത്ത് വിലക്കയറ്റം അതിരൂക്ഷം,നോക്കുകുത്തി സർക്കാരിനെ മാറ്റാതെ രക്ഷയില്ല: രാജീവ് ചന്ദ്രശേഖർ

Published : Jul 16, 2025, 03:22 PM IST
Rajeev Chandrasekhar

Synopsis

ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പ നിരക്ക് വെറും രണ്ട് ശതമാനത്തിലേക്ക് കുറഞ്ഞപ്പോൾ രാജ്യത്തെ ഏറ്റവും ഉയർന്ന വിലക്കയറ്റ നിരക്ക് ( 6.7%) കേരളത്തിലാണ്

തിരുവനന്തപുരം: കേരളം അതിരൂക്ഷമായ വിലക്കയറ്റത്തെ അഭിമുഖീകരിക്കുകയാണ്. ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പ നിരക്ക് വെറും രണ്ട് ശതമാനത്തിലേക്ക് കുറഞ്ഞപ്പോൾ രാജ്യത്തെ ഏറ്റവും ഉയർന്ന വിലക്കയറ്റ നിരക്ക് ( 6.7%) കേരളത്തിലാണ്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഈ സ്ഥിതി തുടരുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളടക്കം രാജ്യത്തെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളും വിലക്കയത്തെ ഫലപ്രദമായി നേരിട്ടപ്പോൾ ജൂൺ മാസം കേരളത്തിലെ ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് 6.7 ശതമാനത്തിലെത്തിയത് അത്യന്തം ആശങ്കാജനകമാണ്. റിസർവ്വ് ബാങ്കിന്റെ ദേശീയതല സഹന പരിധിയായ 6 ശതമാനത്തിന് മുകളിലാണ് കേരളത്തിന്റെ പണപ്പെരുപ്പം. വിപണി ഇടപെടലിൽ ഇടതുസർക്കാരിന്റെ സമ്പൂർണ്ണ പരാജയമാണ് ഇത് തെളിയിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. 

ഉപഭോക്തൃ സംസ്ഥാനമായതിനാലാണ് ഈ അവസ്ഥ എന്ന സ്ഥിരം പല്ലവികൊണ്ട് കാര്യമില്ല. ഏറ്റവും വലിയ കാർഷികോൽപ്പാദന കേന്ദ്രമായ പഞ്ചാബും പണപ്പെരുപ്പ നിരക്കിൽ കേരളത്തിന് പിന്നിലുണ്ട്. വിപണി സമ്പദ്ഘടനയിൽ ഇടപെടൽ നടത്തി വിലക്കയറ്റം പൂജ്യത്തിനും താഴേക്ക് എത്തിച്ച ആന്ധ്രയും തെലങ്കാനയും O.5 ശതമാനമാക്കി കുറച്ച ഒഡീഷയും നമുക്ക് മാതൃകയാക്കേണ്ടതാണ്. വിവിധ സംസ്ഥാനങ്ങളുടെ വിലക്കയറ്റം 2.1 ശരാശരിയിലാണുള്ളത് എന്നും ഓർക്കണം. പച്ചക്കറികൾക്കടക്കം വില നിയന്ത്രിച്ചു നിർത്തിയതോടെയാണ് ദേശീയതലത്തിൽ വിലക്കയറ്റ നിരക്ക് താഴേക്കെത്തിയത്. എന്നാൽ മലയാളിയുടെ ആവശ്യവസ്തുക്കളായ വെളിച്ചെണ്ണയ്ക്കും തേങ്ങയ്ക്കും പച്ചക്കറികൾക്കും ഇരട്ടിയോളം വില വർദ്ധിച്ചിട്ടും സർക്കാർ അനങ്ങാപ്പാറ നയം തുടരുകയാണ്. 

പിണറായി വിജയൻ സർക്കാരിന്റെ പത്തുവർഷം മലയാളികളെ സമഗ്രമേഖലയിലും ദ്രോഹിച്ചുകൊണ്ടാണ് അവസാനത്തോടടുക്കുന്നത്. ജീവിതച്ചിലവിൽ വലിയ വർദ്ധനവ് ഉണ്ടായത് കേരളത്തിലെ കുടുംബങ്ങളെ സാമ്പത്തികമായി തകർത്തിരിക്കുന്നു. ജനങ്ങൾക്ക് സാമ്പത്തിക സുരക്ഷിതത്വം കൊണ്ടു വരാൻ വേണ്ടിയുള്ള മാറ്റത്തിനായി, വികസിത കേരളം എന്ന ലക്ഷ്യത്തിനായി ബിജെപി പരിശ്രമം തുടരുകയാണ്. അധികാരത്തിൽ നിന്ന് പിണറായി വിജയനെ പുറത്താക്കിയാൽ മാത്രമേ കേരളത്തിന്റെ സർവ്വ മേഖലകളിലെയും പ്രതിസന്ധി അവസാനിക്കൂ, രാജീവ് ചന്ദ്രശേഖർ പ്രസ്താവിച്ചു.

PREV
Read more Articles on
click me!

Recommended Stories

1020 കോടി രൂപയുടെ അഴിമതി ,കരാർ തുകയിൽ 10 ശതമാനം മന്ത്രിക്ക്, തമിഴ്നാട് മുനിസിപ്പൽ ഭരണ കുടിവെള്ള വിതരണ വകുപ്പ് മന്ത്രി കെഎൻ നെഹ്‌റുവിനെതിരെ ഇ ഡി
ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ