
കൊച്ചി: സ്വന്തമായി ഒരു വീട് ഏതൊരാളുടെയും സ്വപ്നമാണ്. അങ്ങനെ പണിത വീട് മറ്റുവഴികൾ ഒന്നുമില്ലാതായപ്പോൾ നറുക്കെടുപ്പിലൂടെ നൽകാനൊരുങ്ങുകയാണ് എറണാകുളം കാക്കനാട് സ്വദേശി സജീവൻ. വലിയ ദുരന്തങ്ങളിലൂടെ കടന്നുപോയ സജീവന് കടക്കെണിയിൽ നിന്ന് രക്ഷപ്പെടാൻ ഇത് അവസാന കച്ചിത്തുരുമ്പാണ്.
സന്തോഷമുള്ളതായിരുന്നു സജീവന്‍റെ ജീവിതം. ഭാര്യ പ്രിയയ്ക്ക് സൗദിയിൽ നഴ്സായി ജോലിയുണ്ടായിരുന്നു. രണ്ട് മക്കളാണ് ഇവര്‍ക്കുള്ളത്. കാക്കനാട് മൂന്ന് സെന്‍റിൽ ലോണെടുത്ത് ഒരു വീട് വച്ചു. പക്ഷേ, എല്ലാ സന്തോഷവും മാഞ്ഞത് പൊടുന്നനെയായിരുന്നു.
2022 ഡിസംബർ ഏഴിന് ബ്രെയിൻ സ്ട്രോക്ക് വന്ന പ്രിയ കോമയിലായി. അങ്ങനെ ആറ് മാസം പ്രിയ കോമയിൽ കിടന്നു. ചികിത്സയ്ക്കായി ലക്ഷങ്ങള്‍ ചെലവാീയി. ഇതിനിടയിൽ ബാങ്കിൽ തിരിച്ചടവ് മുടങ്ങി. വീടിന്‍റെ വായ്പ തിരിച്ചടവ് മുടങ്ങിയതിനൊപ്പം ചികിത്സക്കായി വാങ്ങിയ കടവുമുണ്ടായിരുന്നു.
വീട് വിറ്റ് കടം തീര്‍ക്കാൻ ശ്രമിച്ചെങ്കിലും ജപ്തി ഭീഷണിയുള്ള വീട് വാങ്ങാനെത്തുന്നവരെല്ലാം ചെറിയ തുകയാണ് പറയുന്നത്. ഇതോടെ ആ വഴിയും അടഞ്ഞു. മുന്നോട്ടുപോകാൻ മറ്റൊരു വഴിയുമില്ലാതായതോടെയാണ് നറുക്കെടുപ്പെന്ന ആശയം മനസിൽ തോന്നിയതെന്ന് സജീവൻ പറഞ്ഞു.
1500 രൂപയുടെ ചുരിദാറോ ബെഡ്ഷീറ്റോ വാങ്ങിയാൽ ഒപ്പം ഒരു കൂപ്പൺ നൽകും. അവസാനം നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നയാൾക്ക് സജീവന്‍റെ വീട് സമ്മാനമായി നൽകും. ഇത്തരത്തിൽ സ്വരൂപിക്കുന്ന തുക കൊണ്ട് കടം വീട്ടാനാകുമെന്ന പ്രതീക്ഷയിലാണ് സജീവൻ. കൂപ്പണുകൾക്ക് സജീവനെ 9947273168 എന്ന നമ്പറിൽ ബന്ധപ്പെടാം.