രാജേഷ് വധം:അലിഭായ് കുറ്റം സമ്മതിച്ചു, സത്താറിനേയും അപ്പുണ്ണിയേയും തേടി പോലീസ്

By Web DeskFirst Published Apr 10, 2018, 1:39 PM IST
Highlights
  • ക്വട്ടേഷനായിട്ടല്ല ജോലി നൽകിയ സത്താറിനോടുള്ള നന്ദിയെന്ന നിലയിലാണ് കൃത്യം ചെയ്തത്. കൊലപാതകം സംബന്ധിച്ച എല്ലാ വിവരങ്ങളും സത്താറിന് അറിയാമായിരുന്നു

തിരുവനന്തപുരം: റേഡിയോ ജോക്കിയായ രാജേഷിന്‍റെ കൊലപാതക കേസില്‍ മുഖ്യപ്രതിയായ അലിഭായ് എന്ന സാലിഹ് ബിന്‍ ജലാല്‍ കുറ്റസമ്മതം നടത്തി. ഇന്ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് പോലീസ് പിടികൂടിയ അലിഭായ് ചോദ്യം ചെയ്യല്ലിലാണ് എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞത്. 

ഖത്തറിലുള്ള വ്യവസായി സത്താറാണ് രാജേഷ് വധത്തിലെ മുഖ്യആസൂത്രകനെന്നാണ് അലിഭായി പോലീസിനോട് വെളിപ്പെടുത്തി. നൃത്താധ്യാപികയായിരുന്നു സത്താറിന്‍റെ മുന്‍ഭാര്യ. ഇവര്‍ക്ക്  രാജേഷുമായി ബന്ധമുണ്ടായിരുന്നു. ഇതേ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ ഇവരുടെ ദാന്പത്യജീവിതം തകര്‍ക്കുന്നതിലേക്ക് വഴിനയിച്ചു. ഇതിലുള്ള പ്രതികാരം മൂലമാണ് രാജേഷിനെ കൊല്ലാന്‍ സത്താര്‍ തീരുമാനിച്ചത്. 

ക്വട്ടേഷനായിട്ടല്ല ജോലി നൽകിയ സത്താറിനോടുള്ള നന്ദിയെന്ന നിലയിലാണ് കൃത്യം ചെയ്തത്. കൊലപാതകം സംബന്ധിച്ച എല്ലാ വിവരങ്ങളും സത്താറിന് അറിയാമായിരുന്നു. കൃത്യം നടത്താനായി നാട്ടിലേക്കുള്ള  വിമാന ടിക്കറ്റിനായി പണം നൽകിയത് സത്താറാണ്. സുഹുത്തായ അപ്പുണ്ണിയുടെ സഹായത്തോടെയാണ് മറ്റ് കാര്യങ്ങള്‍ ആസൂത്രണം ചെയ്തതെന്നും കൊലയ്ക്ക് ശേഷം കൊല്ലത്ത് ആയുധം ഉപേക്ഷിച്ചതായും അലിഭായിയുടെ മൊഴിയില്‍ പറയുന്നു. അലിഭായിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ പോലീസ് ഇയാളെ കൊണ്ട് ഇന്ന് തന്നെ തെളിവെടുപ്പ് നടത്തുമെന്നാണ് സൂചന. 

ഉറ്റവരെ പോലും അറിയിക്കാതെയാണ് ഖത്തറില്‍ നിന്നും അലിഭായ് കേരളത്തിലെത്തിയത്. കൊലപാതകം നടത്തിയ ശേഷം നേപ്പാളിലേക്ക് പോയ അലിഭായി കാഠ്മണ്ഡു വിമാനത്താവളം വഴി തിരിച്ചു ദോഹയിലെത്തുകയും ചെയ്തു. പിന്നീട് കൃത്യത്തില്‍ ഇയാള്‍ക്കുള്ള പങ്ക് തിരിച്ചറിഞ്ഞ പോലീസ് ഖത്തറിലെ മലയാളി സംഘടനകളും ഇന്‍റര്‍പോളും വഴി  നടത്തിയ നീക്കങ്ങള്‍ക്കൊടുവിലാണ് അലിഭായിയെ കേരളത്തിലെത്തിക്കാന്‍ സാധിച്ചത്. അലിഭായിയുടെ സ്പോണ്‍സറെ കണ്ടെത്തിയ പോലീസ് ഇയാളെ തിരിച്ചയക്കാന്‍ ശക്തമായ  സമ്മര്‍ദ്ദമാണ് സ്പോണ്‍സര്‍ക്ക് മേലെ ചെലുത്തിയത്. അലിഭായിയുടെ വിസ റദ്ദാക്കാനും പോലീസ് ശ്രമിച്ചു. ഒരു രീതീയിലും രക്ഷപ്പെടാന്‍ സാധിക്കില്ലെന്ന് ബോധ്യപ്പെട്ടതോടെ ഒടുവില്‍ അലിഭായ് പോലീസിന് കീഴടങ്ങുകയായിരുന്നു. 

കൊലപാതകത്തില്‍ നേരിട്ട് പങ്കെടുക്കുകയും ആസൂത്രണത്തില്‍ ആദ്യവസാനം പങ്കാളിയാവുകയും ചെയ്ത അലിഭായിയെ തിരിച്ചറിയാനും പിടികൂടാനും സാധിച്ചതോടെ അന്വേഷണം രാജേഷ് വധക്കേസിലെ അന്വേഷണം അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. കൊലപാതകത്തിന്‍റെ മുഖ്യആസൂത്രകനായ സത്താറിനേയും അലിഭായിയുടെ സുഹൃത്ത് അപ്പുണിയേയും കൂടി കുടുക്കുക എന്നതാണ് ഇനി പോലീസിന് മുന്നിലുള്ള പ്രധാനദൗത്യം. അന്വേഷത്തിന്‍റെ ആദ്യദിവസങ്ങളില്‍ യാതൊരു തുന്പും ഇല്ലാതിരുന്ന കേസില്‍  സമര്‍ത്ഥവും ശാസ്ത്രീയവുമായ അന്വേഷണത്തിലൂടെയാണ് പോലീസ് തെളിവുകള്‍ ഒരോന്നായി കണ്ടെടുത്തത്. അക്രമികളെത്തിയ കാര്‍ തിരിച്ചറിയാന്‍ സാധിച്ചതും രാജേഷിന്‍റെ ഫോണിലെ വിവരങ്ങളും ഇതില്‍ നിര്‍ണായകമായി.
 

click me!