
ആലപ്പുഴ: റമദ റിസോട്ടിന്‍റെ പുറമ്പോക്ക് കയ്യേറ്റത്തിന്‍റെ ഫയല്‍ പൂഴ്ത്തുകയും രേഖകള്‍ കാണാതാവുകയും ചെയ്ത സംഭവത്തിൽ ജില്ലാ ഭരണകൂടവും അന്പലപ്പുഴ എല്‍ ആര്‍ തഹസില്‍ദാറും രണ്ട് തട്ടിൽ. കയ്യേറ്റം ഒഴിപ്പിക്കാത്തതിന് നഗരസഭാ സെക്രട്ടറിക്കെതിരെ നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. അതേ സമയം കലക്ടര്‍ക്ക് റമദ നല്‍കിയ അപ്പീലില്‍ തീരുമാനമായില്ലെന്ന നിലപാടിലാണ് അമ്പലപ്പുഴ ഭൂരേഖ തഹസില്‍ദാര്‍.
പുന്നമടക്കായലിനോട് ചേര്‍ന്ന റമദ റിസോര്‍ട്ട്, പുറമ്പോക്ക് തോട് കയ്യേറി നിര്‍മ്മാണം നടത്തിയതിന് അമ്പലപ്പുഴ തഹസില്‍ദാര്‍ നടപടി തുടങ്ങിയത് 2011 ലാണ്. പിന്നാലെ റമദ റിസോര്‍ട്ട് നല്‍കിയ അപ്പീലില്‍ അന്തിമ തീരുമാനമാക്കാതെ ഫയല്‍ പൂഴ്ത്തി. ഇതിനിടെ ഈ കേസിലെ നിരവധി നിര്‍ണ്ണായക രേഖകള്‍ കാണാതാവുകയും ചെയ്തു. റവന്യൂ വകുപ്പ് തദ്ദേശ സ്ഥാപനത്തിന് അളന്ന് തിട്ടപ്പെടുത്തി നല്‍കിയാല്‍ ഭൂസംരക്ഷണ നിയമമനുസരിച്ച് പുറമ്പോക്ക് തോട് തിരിച്ചുപിടിക്കേണ്ടത് അതത് തദ്ദേശ സ്ഥാപനങ്ങളാണ്.
എന്നാല്‍ റമദയുടെ കേസില്‍ ഇതുണ്ടായില്ല. പുറമ്പോക്ക് തോട് കയ്യേറ്റം തിരിച്ചുപിടിക്കാന്‍ നടപടി തുടങ്ങിയ ആലപ്പുഴ നഗരസഭാ സെക്രട്ടറിക്ക്, സംയുക്ത പരിശോധന നടത്താന്‍ വേണ്ട സഹായം അമ്പലപ്പുഴ ഭൂരേഖ തഹസില്‍ദാര്‍ ഇതുവരെ നല്‍കിയില്ല. റമദയുടെ അപ്പീല്‍ ജില്ലാ കലക്ടറുടെ പരിഗണനിയിലാണെന്നാണ് നഗരസഭാ സെക്രട്ടറിക്ക് അമ്പലപ്പുഴ ഭൂരേഖ തഹസില്‍ദാറില്‍ നിന്ന് കിട്ടിയ മറുപടി.
അതിനിടയില്‍ കലക്ട്രേറ്റില്‍ നിന്ന് ഇക്കഴിഞ്ഞ ജൂണ്‍ മാസം ആലപ്പുഴ നഗരസഭാ സെക്രട്ടറിക്ക് വിചിത്രമായ ഒരു ഉത്തരവ് കിട്ടി. ഭൂസംരക്ഷണ നിയമപ്രകാരം ഭൂമി തിരിച്ചുപിടിക്കാത്തതിന് 7സി പ്രകാരം നടപടിയെടുക്കുമെന്നായിരുന്നു അത്. അതിനിടെ ഇക്കഴിഞ്ഞ തിങ്കളാഴ്ച തീരുമാനിച്ച ഹിയറിംഗ് ഈ മാസം 16 ലേക്ക് മാറ്റി. റമദ റിസോര്‍ട്ടിന് നോട്ടീസ് നല്‍കാന്‍ മുല്ലക്കല്‍ വില്ലേജ് ഓഫീസര്‍ വൈകിയതാണ് കാരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam