
തിരുവനന്തപുരം: സംഘപരിവാര്‍ പ്രതിഷേധത്തെ തുടര്‍ന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്ന 'മീശ" എന്ന നോവല്‍ പ്രസിദ്ധീകരിക്കാന്‍ മകന്‍റെ പബ്ലിഷിങ് കമ്പനിയായ ശ്രേഷ്ഠ പബ്ലിക്കേഷന്‍ തയ്യാറാണെന്ന് രമേശ് ചെന്നിത്തല. ഇക്കാര്യം ഹരീഷിനെ ഫോണില്‍ വിളിച്ച് അറിയിച്ചതായും ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍ പോസ്റ്റിന് താഴെ വന്‍ സൈബര്‍ ആക്രമണമാണ് നടക്കുന്നത്.
നിരവധി പേരാണ് ചെന്നിത്തലയുടെ പോസ്റ്റിന് താഴെ തെറിയഭിഷേകം നടത്തുന്നത്. ഇത്തരത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നത് ശരിയല്ലെന്ന് ചിലര്‍ പറയുമ്പോള്‍. വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ഇത്തരം സംഭവങ്ങള്‍ പ്രചരിപ്പിക്കുന്നത് സഹായിക്കുമെന്ന് ചിലര്‍ പറയുന്നു.
ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്
എഴുത്തുകാരൻ എസ്. ഹരീഷിനോട് ഫോണിൽ വിളിച്ചു ഐക്യദാർഢ്യം അറിയിച്ചു.സംഘപരിവാർ ഭീഷണി മൂലം പിൻവലിച്ച മീശ എന്ന അദ്ദേഹത്തിന്റെ നോവൽ, എന്റെ മകന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ശ്രേഷ്ഠ പബ്ലിക്കേഷൻ പുറത്തിറക്കാൻ തയാറാണെന്നും അറിയിച്ചു.
ഇത് സംബന്ധിച്ച് നേരത്തെ ചെന്നിത്തല ഫേസ്ബുക്കിലിട്ട കുറിപ്പ്
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന എസ് ഹരീഷിന്റെ മീശ എന്ന നോവല്‍ സംഘപരിവാര്‍ ഭീഷണിയെതുടര്‍ന്ന് പിന്‍വലിക്കേണ്ടി വന്നത് പ്രബുദ്ധ കേരളത്തിന് വലിയ നാണക്കേടാണുണ്ടാക്കിയിരിക്കുന്നത്. തങ്ങള്‍ക്കിഷ്ടമില്ലാത്തത് എഴുതുന്നവരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാനും, കായികമായി ഇല്ലായ്മ ചെയ്യാനും സംഘപരിവാരം മടിക്കാറില്ല. കല്‍ബുര്‍ഗിയും, ഗൗരി ലങ്കേഷും മുതല്‍ പെരുമാള്‍ മുരുകന്‍ വരെയുള്ളവര്‍ അങ്ങിനെ ഇല്ലായ്മ ചെയ്യുകയും നിശബ്ദരാക്കപ്പെടുകയും ചെയ്തവരാണ്. എന്നാല്‍ കേരളത്തില്‍ ഈ ശക്തികള്‍ക്ക് സ്വാധീനം ചെലുത്താന്‍ കഴിയുന്നുവെന്നത് അത്യന്തം അപകടകരമാണ്. എഴുത്തിന്റെ പേരില്‍ കഥാകൃത്തിന്റെ കഴുത്തെടുക്കാന്‍ നടക്കുന്നവര്‍ കേരളത്തെ ഇരുട്ടിലേക്കാണ് നയിക്കുന്നത്. കഥാപാത്രം നടത്തുന്ന സംഭാഷണത്തിന്‍െ പേരില്‍ കഥാകൃത്തിനെ വേട്ടയാടുന്നവര്‍ക്ക് സാഹിത്യമെന്തെന്നും സംസ്‌കാരമെന്തെന്നും അറിയില്ല. കേരളവും ഫാസിസ്റ്റ് ഭീഷണിയുടെ കുടക്കീഴിലായിരിക്കുകയാണെന്ന തിരിച്ചറിവ് നമ്മെ ഭയപ്പെടുത്തുകയാണ്. നോവലിസ്റ്റ് ഹരീഷിനെയും അദ്ദേഹത്തിന്റെ കുടംബാംഗങ്ങളെയുമടക്കം സമൂഹമാധ്യമങ്ങളിലൂടെ മോശമായി ചിത്രീകരിച്ചിട്ടും അതിനെതിരെ നടപടിയെടുക്കാന്‍ മടിക്കുന്ന അഭ്യന്തര വകുപ്പിന്റെ നിലപാട് ദുരൂഹമാണ്.
#ഹരീഷിനുപിന്തുണ
#SupportHareesh
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam