അന്ന് അടച്ച വാതിലുകള്‍ കോവിന്ദിന് മുന്നില്‍ ഇനി മലര്‍ക്കെ തുറക്കും

By Web DeskFirst Published Jul 20, 2017, 7:29 PM IST
Highlights

ദില്ലി: ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് കടന്നുവരുമ്പോള്‍ അദ്ദേഹത്തിന് മുമ്പില്‍ ഇനി അടഞ്ഞ വാതിലുകളുണ്ടാവില്ല. രണ്ട് മാസം മുൻപ്, രാഷ്ട്രപതിയുടെ ഷിംലയിലുള്ള വേനൽക്കാല വസതി സന്ദർശിക്കാനെത്തിയ കോവിന്ദിനെയും കുടുംബത്തെയും കാവൽക്കാരായ പൊലീസുകാർ മടക്കി അയച്ചിരുന്നു. രാഷ്ട്രപതി ഭവനിൽനിന്ന് മുൻകൂർ അനുമതി വാങ്ങിയില്ല എന്ന കാരണം പറഞ്ഞായിരുന്നു അന്നു ബിഹാർ ഗവർണറായിരുന്ന കോവിന്ദിനും കുടുംബത്തിനും അധികൃതർ പ്രവേശനം നിഷേധിച്ചത്.

രണ്ട് മാസം മുമ്പ് കൃത്യമായി പറഞ്ഞാല്‍ മെയ് 30നാണ് രാംനാഥ് കോവിന്ദും കുടുംബവും ഷിംലയിലെ രാഷ്ട്രപതിയുടെ അവധിക്കാല വസതിയിലെത്തിയത്.മെയ് 28 ന് ഷിംലയിലെത്തിയ കോവിന്ദ് വിവിധ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം താമസിക്കാനായി മശോബ്ര മലനിരകളിലുള്ള രാഷ്ട്രപതിയുടെ അവധിക്കാല വസതിയിലെത്തുകയായിരുന്നു. എന്നാൽ രാഷ്ട്രപതി ഭവനില്‍ നിന്നുള്ള  മുൻകൂർ അനുവാദം ഇല്ലാതെ ആരെയും പ്രവേശിപ്പിക്കാൻ സാധിക്കില്ലെന്ന് ജീവനക്കാർ അദ്ദേഹത്തെ അറിയിക്കുകയായിരുന്നു.

രാഷ്ട്രപതിയുടെ ഓഫീസാണ് ഇവിടുത്തെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. രാഷ്ട്രപതിയുടെ ഓഫീസിൻ്റെ മുൻകൂർ അനുമതിയില്ലാതെ ആര്‍ക്കും വസതിയിലേക്ക് പ്രവേശിക്കാനാവില്ല. എന്നാൽ പ്രവേശനം നിഷേധിക്കപ്പെട്ട രാംനാഥ് കോവിന്ദ് അനുമതിക്കായി ആരെയും വിളിച്ചില്ല. പകരം ഷിംലയിലുള്ള ഗവർണറുടെ വസതിയിലേക്ക് അദ്ദേഹം മടങ്ങുകയായിരുന്നു.

ഇന്ന് ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ പ്രവേശനാനുമതി ഇല്ലാതെതന്നെ രാഷ്ട്രപതി ഭവനിലും ഷിംലയിലെയും ഹൈദരാബാദിലെയും രാഷ്ട്രപതിയുടെ  അവധിക്കാല വസതികളിലും കോവിന്ദിനും കുടുംബത്തിനും മുഖ്യാതിഥികളായി താമസിക്കാം.

click me!