
പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച അച്ഛന് ജീവപര്യന്തം തടവ് ശിക്ഷ. തിരുവനന്തപുരം വാമനപുരം സ്വദേശി സ്റ്റീഫനെയാണ് സംഭവം നടന്ന് മൂന്ന് വർഷത്തിന് ശേഷം കോടതി ശിക്ഷിച്ചത്.
2013 ഓഗസ്റ്റിലാണ് കേസിനാസ്‍പദമായ സംഭവം. ഒമ്പത് വയസ്സുമാത്രം പ്രായമുള്ള മകളെ, തിരുവനന്തപുരം വാമനപുരം സ്വദേശി സ്റ്റീഫൻ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‍തത്. തുടർന്ന് നടത്തിയ വൈദ്യ പരിശോധനയിൽ പീഡനം സ്ഥിരീകരിച്ചു. വീട്ടിൽ അമ്മയില്ലാത്ത അവസരം നോക്കി, സ്റ്റീഫൻ ഒന്നിലേറെ തവണ കുട്ടിയെ ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിരുന്നു എന്ന് അന്വേഷണത്തിൽ വ്യക്തമായി. വിചാരണക്കിടെ ജാമ്യത്തിൽ പുറത്തിറങ്ങിയ സ്റ്റീഫൻ, 2014ൽ കുട്ടിയെ വീണ്ടും ലൈംഗികമായി ഉപദ്രവിച്ചു. പെൺകുട്ടി നൽകിയ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്‍ത പൊലീസ്, ഇയാളുടെ ജാമ്യം റദ്ദാക്കി, പൂജപ്പുര സെൻട്രൽ ജയിലിലാക്കി രണ്ടാമത്തെ കേസിന്റെ വിചാരണ ഇതുവരെ തുടങ്ങിയിട്ടില്ല. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗിക അതിക്രമങ്ങൾ പരിഗണിക്കുന്ന വഞ്ചിയൂരിലെ പ്രത്യേക കോടതിയാണ് ആദ്യ കേസിൽ ശിക്ഷ വിധിച്ചത്. ജീവപര്യന്തം തടവിനൊപ്പം, മൂന്നരലക്ഷം രൂപ പിഴശിക്ഷയും വിധിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam