ബംഗ്ലാദേശി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം: രണ്ട് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു

By Web DeskFirst Published Mar 28, 2017, 9:55 AM IST
Highlights

പ്രായപൂര്‍ത്തിയാകാത്ത ബംഗ്ലാദേശി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ട് പേരെ കോടതി ശിക്ഷിച്ചു. കേസിലെ മൂന്നാം പ്രതിക്ക് ജീവപര്യന്തം തടവും, നാലാംപ്രതിക്ക് 10വര്‍ഷം കഠിന തടവുമാണ് കോഴിക്കോട്ടെ പോക്‌സോ കോടതി വിധിച്ചത്. കേസിലെ നാല് പ്രതികള്‍ ഒളിവിലാണ്.


പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് മൂന്നാംപ്രതി എറണാകുളം കടവന്ത്ര സ്വദേശി ഷമീറിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. സംഭവത്തില്‍ മനുഷ്യകടത്തും തെളിഞ്ഞതിനാല്‍ 370ാം വകുപ്പ പ്രകാരം 10 വര്‍ഷം തടവും 25000 രൂപ പിഴയും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ശിക്ഷ ഒന്നിച്ച് ജീവപര്യന്തമായി അനുഭവിച്ചാല്‍ മതി. നാലാം പ്രതി മലപ്പുറം സ്വദേശി ജാഫറിലിക്കും മനുഷ്യകടത്തിലുള്ള പങ്ക് തെളിഞ്ഞതിനാല്‍ പത്ത് വര്‍ഷം തടവും, 25000 രൂപ പിഴയും ശിക്ഷ  ചുമത്തി.കേസിലെ ഒന്നാം പ്രതി മുംബൈ സ്വദേശി ജിയാമുള്ള രണ്ടാം പ്രതി ഭാര്യ ഹസ്ന അഞ്ചാം പ്രതി മൈസൂര്‍ സ്വദേശി ഛോട്ടി, ആറാം പ്രതി നിത്യാനന്ദ എന്ന അപ്പു എന്നിവര്‍ ഒളിവിലാണ്.

2014 ഏപ്രിലിലാണ്  കേസിനാസ്‌പദമായ സംഭവം നടന്നത്.  ബംഗ്ലാദേശില്‍ നിന്ന് 16കാരിയായ ബന്ധുവിനെ ജോലി വാഗ്ദാനം ചെയ്ത് മുംബൈ സ്വദേശി ജിയാമുല്ലയും, ഭാര്യ ഹസ്നയും മൈസൂരിലെത്തിച്ച് പെണ്‍വാണിഭ സംഘത്തിന് കൈമാറുകയായിരുന്നു. മൈസൂരില്‍ വച്ച് ഛോട്ടി എന്ന സ്‌ത്രീ മുഖേനെ നിത്യാനന്ദ എന്ന അപ്പുവിനെ ഏല്‍പിച്ചു. ഇയാളാണ് ജാഫറലിക്കും, ഷമീറിനും പെണ്‍കുട്ടിയെ കൈമാറുന്നത്. തുടര്‍ന്ന് കോഴിക്കോട് പാളയത്തുള്ള ഹോട്ടലിലെത്തിച്ച് പീഡിപ്പിക്കുകായിരുന്നു. ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടിയ പെണ്‍കുട്ടി മുഖദാര്‍ സ്കൂളിന് മുന്നിലെത്തുകയും സംശയം തോന്നിയ ഒരു ഓട്ടോ ഡ്രൈവര്‍ പോലീസിലേല്‍പിക്കുകയുമായിരുന്നു.ഒന്നര വര്‍ഷത്തെ വിചാരണക്ക് ശേഷമാണ് രണ്ട് പ്രതികള്‍ക്ക് കോടതി ശിക്ഷ വിധിക്കുന്നത്.

 

 

 

 

 

 

click me!