ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ജലന്ധറിലേക്ക്

By Web TeamFirst Published Jul 30, 2018, 1:08 PM IST
Highlights

ബിഷപ്പിനെ ചോദ്യം ചെയ്യാൻ വൈകുന്നത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. പരാതി നൽകി ഒരു മാസം കഴിഞ്ഞിട്ടും  ചോദ്യം ചെയ്യൽ വൈകുന്നത് പൊലീസിന്‍റെ മെല്ലേപ്പോക്കെന്നാണ് ആക്ഷേപം. 

തിരുവനന്തപുരം: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നൽകിയ പീഡന പരാതിയിൽ ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം വെള്ളിയാഴ്ച ജലന്ധറിലേക്ക് പോകാൻ ധാരണ. ബുധനാഴ്ച ഡിജിപി ലോക്നാഥ് ബെഹ്റ കോട്ടയത്തെത്തി അന്വേഷണ പുരോഗതി വിലയിരുത്തും.

കന്യാസ്ത്രീ നൽകിയ പരാതിയിൽ കേരളത്തിലെ അന്വേഷണം ഒരാഴ്ച മുൻപ് പൂർത്തിയായതാണ്. എന്നാൽ ഈ പരാതിയിൽ ചില വ്യക്തത കൂടി വരുത്തണമെന്ന് ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ജലന്ധറിലേക്കുള്ള യാത്ര അന്വേഷണസംഘം നീട്ടിവെക്കുകയായിരുന്നു. ബിഷപ്പിനെ ചോദ്യം ചെയ്യാൻ വൈകുന്നത് വലിയ വിമർശനത്തിന് ഇടയാക്കി. പരാതി നൽകി ഒരു മാസം കഴിഞ്ഞിട്ടും  ചോദ്യം ചെയ്യൽ വൈകുന്നത് പൊലീസിന്‍റെ മെല്ലേപ്പോക്കെന്നാണ് ആക്ഷേപം. 

ഇതിനിടെ കന്യാസ്ത്രീയെ സഹായിച്ച സിസ്റ്റർക്ക് വൻ വാഗ്ദാനം നൽകിയ സിഎംഐ സഭയിലെ വൈദികന്‍റെ ഫോൺ സംഭാഷണം പുറത്തായതോടെ കേസിന്റെ ഗതി മാറി. ബുധനാഴ്ച ഡിജിപിയുടെ അവലോകന യോഗത്തിൽ കൊച്ചി റെയ്ഞ്ച് ഐജി വിജയ് സാക്കറെ കോട്ടയം എസ്‍പി ഹരിശങ്കർ എന്നിവർക്ക് പുറമെ അന്വേഷണ ഉദ്യോഗസ്ഥൻ വൈക്കം ഡിവൈഎസ്പി കെ. സുഭാഷും പങ്കെടുക്കും. 

ബിഷപ്പിനുള്ള ചോദ്യാവലി തയ്യാറാക്കിയ ശേഷമാകും ജലന്ധറിലേക്ക് പോകുക. ഇമെയിലുകൾ പരിശോധിക്കാനുള്ളതിനാൽ സൈബർ വിദഗ്ധരും സംഘത്തിലുണ്ടാകും. ക്യാസ്ത്രീക്ക് സഹായം വാഗ്ദാനം നൽകിയ ഫാദര്‍ ജെയിംസ് എർത്തയിലിനെതിരെയുള്ള പരാതി കുറവിലങ്ങാട് പൊലീസ് പാല കോടതിക്ക് കൈമാറി. കോടതി അനുമതിയോടെയായിരിക്കും കേസ് എടുക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുക. ഫാദര്‍ എർത്തയിലിന്റെ പ്രതികരണം തേടി കുര്യനാട് മഠത്തിലെത്തിയെങ്കിലും അദ്ദേഹം അവിടെയില്ലെന്ന പ്രതികരണമാണ് കിട്ടിയത്.
 

click me!