റഷ്യയില്‍ തകര്‍ക്കപ്പെട്ടേക്കാവുന്ന ചില റെക്കോര്‍ഡുകള്‍

By Web deskFirst Published Jun 15, 2018, 3:16 PM IST
Highlights
  • റെക്കോര്‍ഡുകള്‍ മാറ്റിക്കുറിക്കാന്‍ മെസിയും മുള്ളറും മുന്നില്‍

മോസ്കോ: നിരവധി റെക്കോര്‍ഡുകളെ പഴങ്കഥയാക്കിയാകും ഓരോ ലോകകപ്പിനും തിരശീല വീഴുക . ഇതില്‍ ഇതിഹാസങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ കുറിച്ചിട്ട വീര കഥകളും ഉള്‍പ്പെടും. അര്‍ജന്‍റീനയുടെ നായകന്‍ ലിയോണല്‍ മെസി മറ്റൊരു സുവര്‍ണ നേട്ടം കൂടെ  ഇത്തവണ റഷ്യയില്‍ എഴുതി ചേര്‍ക്കാന്‍ സാധ്യത വളരെയേറെയാണ്.

നായകന്‍ എന്ന നിലയില്‍ ലോകകപ്പില്‍ ഏറ്റവും അധികം ഗോള്‍ നേടിയതിന്‍റെ പകിട്ട് അര്‍ജന്‍റീനയുടെ തന്നെ ഡീഗോ മറഡോണയുടെ പേരിലാണ്. ആറ് ഗോളുകള്‍ പേരിലെഴുതിയ മറഡോണയുടെ നേട്ടത്തെ പിന്നിലാക്കാന്‍ മെസിക്ക് ഇനി മുന്ന് ഗോളുകള്‍ കൂടെ മതി. മൂന്ന് ലോകകപ്പില്‍ അ‍ഞ്ചു ഗോളുകള്‍ നേടുന്ന ആദ്യ താരമാകാന്‍ ജര്‍മന്‍ സൂപ്പര്‍ താരം തോമസ് മുള്ളര്‍ക്കും അവസരമുണ്ട്.

യേര്‍ഡ് മുള്ളര്‍, മിറോസ്ലോവ് ക്ലോസെ, ടിയോഫിലോ ക്യുബില്ലാസ് എന്നിവരാണ് നാലു വട്ടം ലോകകപ്പില്‍ സ്കോര്‍ ചെയ്തിട്ടുള്ള മറ്റു താരങ്ങള്‍. ആറ് ഗോള്‍ കൂടെ നേടിയാല്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയവരില്‍ ആദ്യ സ്ഥാനത്തുള്ള ക്ലോസെയ്ക്കൊപ്പമെത്താനും മുള്ളര്‍ക്ക് സാധിക്കും. പരിശീലകനായും കളിക്കാരനായും ലോകകപ്പ് നേടാനുള്ള അവസരമാണ് ഫ്രാന്‍സ് പരിശീലകന്‍ ദിദിയര്‍ ദെശാംപ്സിനെ കാത്തിരിക്കുന്നത്.

1998ല്‍ ദശാംപ്സിന്‍റെ നേതൃത്വത്തിലാണ് ഫ്രഞ്ച് പട ലോകത്തിന്‍റെ നെറുകയില്‍ എത്തിയത്. നേരത്തെ മാരിയോ സഗോലാ, ഫ്രാന്‍സ് ബെക്കന്‍ബോവര്‍ എന്നിവര്‍ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. റഷ്യയില്‍ പന്ത് തട്ടാന്‍ അവസരം കിട്ടിയാല്‍ ലോകകപ്പില്‍ കളിക്കുന്ന ഏറ്റവും പ്രായമുള്ള താരമായി ഈജിപ്തിന്‍റെ എസ്സാം എല്‍ ഹദ്രി മാറും. 45 വയസും അഞ്ച് മാസവുമാണ് ഹദ്രിയുടെ പ്രായം.

നിലവില്‍ കൊളംബിയയുടെ മോണ്‍ട്രഗോണിന്‍റെ പേരിലാണ് ഈ റെക്കോര്‍ഡ്. അഞ്ച് ലോകകപ്പുകളില്‍ കളിക്കുന്ന താരമാകാന്‍ ഒരുങ്ങുകയാണ് മെക്സിക്കോയുടെ റാഫ മാര്‍ക്യൂസ്. ജര്‍മന്‍ ഇതിഹാസം ലോതര്‍ മത്തേയൂസ്, മെക്സിക്കോയുടെ തന്നെ ആന്‍റോണിയോ കാര്‍ബജാല്‍ എന്നിവരാണ് മുന്‍പ് അഞ്ച് ലോകകപ്പുകളില്‍ കളിച്ച് ചരിത്രം സൃഷ്ടിച്ചിട്ടുള്ളത്.   

click me!