റിക്രൂട്ട്‌മെന്റ് തട്ടിപ്പ്: കുവൈത്തില്‍ കുടുങ്ങിയവരുടെ കണക്കെടുക്കുന്നു

By Web DeskFirst Published Apr 20, 2018, 11:37 PM IST
Highlights
  • കൊച്ചി,ദില്ലി,മുംബൈ,ബെംഗളുരു എന്നീ കേന്ദ്രങ്ങളില്‍ നിന്നായി 2015,2016 കാലങ്ങളില്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയം നിരവധി നര്‍സ്സുമാരെ റിക്രൂട്ട് ചെയ്ത് കുവൈത്തില്‍ എത്തിച്ചിരുന്നു.

കുവൈത്ത് സിറ്റി: നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പിനിരയായി കുവൈത്തില്‍ കുടുങ്ങികിടക്കുന്ന നഴ്സ്സുമാരുടെ പട്ടിക തയ്യാറാക്കാന്‍ ഇന്ത്യന്‍ എംബസി തയ്യാറെടുക്കുന്നു. 2015-15 വര്‍ഷങ്ങളില്‍ വിവിധ ബാച്ചുകളിലായി കുവൈത്ത് ആരോഗ്യമന്ത്രാലയം, ഏജന്റുമാര്‍ എന്നിവര്‍ വഴി റിക്രൂട്ട് ചെയ്ത് കുവൈത്തില്‍ എത്തി ജോലിയില്ലാതെ കഴിയുന്നവരുടെ വിവരങ്ങളാണു എംബസി ശേഖരിക്കുന്നത്.

കൊച്ചി,ദില്ലി,മുംബൈ,ബെംഗളുരു എന്നീ കേന്ദ്രങ്ങളില്‍ നിന്നായി 2015,2016 കാലങ്ങളില്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയം നിരവധി നര്‍സ്സുമാരെ റിക്രൂട്ട് ചെയ്ത് കുവൈത്തില്‍ എത്തിച്ചിരുന്നു. എന്നാല്‍ നിയമനത്തില്‍ ഏജന്റുമാര്‍ വന്‍ കോഴ വാങ്ങിയിട്ടുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ഇവരുടെ നിയമനം മന്ത്രാലയം റദ്ദു ചെയ്തു. 

ഇതോടെ രണ്ടുവര്‍ഷമായി ജോലിയോ ശമ്പളമോ ഇല്ലാതെ നഴ്‌സുമാര്‍ കുവൈത്തില്‍ കുടുങ്ങി കിടക്കുകയാണ്. ഇങ്ങനെയുള്ളവരുടെ പേരു വിവരങ്ങളാണു എംബസി ഇപ്പോള്‍ ശേഖരിക്കാന്‍ ഒരുങ്ങുന്നത്. നിലവില്‍ 58 പേര്‍ മാത്രമാണു എംബസിയില്‍ പരാതി നല്‍കിയിരിക്കുന്നത്.എന്നാല്‍ ഇതിലും എത്രയോ മടങ്ങു നഴ്‌സുമാര്‍ ദുരിതമനുഭവിക്കുന്നതായാണു വിവരം.

നാട്ടില്‍ പണം നല്‍കിയ ഏജന്റുമാരുടെ വാക്കുകള്‍ അനുസരിച്ചാണു ഇവരിപ്പോഴും പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ എംബസിയില്‍ പരാതി നല്‍കാന്‍ പല നഴ്‌സുമാരും വിമുഖത കാട്ടുകയാണ്. ഇതുസംബന്ധിച്ച് ഇന്ത്യന്‍ സ്ഥാനപതി കെ.ജീവ സാഗര്‍ കുവൈത്ത് ആരോഗ്യ മന്ത്രി ബാസില്‍ അല്‍ സബാഹുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണു എംബസി കൂടുതല്‍ പേരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഒരുങ്ങുന്നത്. 

ജോലിയില്ലാതെ കഴിയുന്ന മുഴുവന്‍ നഴ്‌സുമാരും തൊഴില്‍ വിഭാഗത്തില്‍ ഉടന്‍ തന്നെ പേരു വിവരങ്ങള്‍ നല്‍കണമെന്നും എംബസി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രാലയവുമായുള്ള അടുത്ത ചര്‍ച്ചയില്‍ മുഴുവന്‍ പേരുടെയും പട്ടിക സമര്‍പ്പിക്കാന്‍ സാധിച്ചാല്‍ പ്രശ്‌ന പരിഹാരത്തിനു വഴിയൊരുങ്ങുമെന്നാണു എംബസി പ്രതീക്ഷിക്കുന്നത്.
 

click me!