സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കിടെ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ കാണാനായുള്ള മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയുടെ നാളത്തെ ദില്ലി യാത്ര റദ്ദാക്കി. രാഹുൽ ഗാന്ധി കേരളത്തിലെത്തുമ്പോള്‍ കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ച നടത്തും

ദില്ലി: സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കിടെ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ കാണാനായുള്ള മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയുടെ നാളത്തെ ദില്ലി യാത്ര റദ്ദാക്കി. രാഹുൽ ഗാന്ധിയുമായി ചര്‍ച്ച നടത്തുന്നതിനായാണ് പികെ കുഞ്ഞാലിക്കുട്ടി ദില്ലി യാത്ര നിശ്ചയിച്ചിരുന്നത്. എന്നാൽ, രാഹുൽ ഗാന്ധി കേരളത്തിൽ എത്തുന്ന സാഹചര്യത്തിലാണ് ദില്ലി യാത്ര അവസാന നിമിഷം റദ്ദാക്കിയത്. ഫെബ്രുവരി 25ന് രാഹുൽ ഗാന്ധി കേരളത്തിലെത്തുമ്പോള്‍ കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ച നടത്തും. വയനാട് ഉരുള്‍പൊട്ടൽ പുനരധിവാസ പദ്ധതിയിൽ കോണ്‍ഗ്രസ് നിര്‍മിച്ചു നൽകുന്ന വീടിന്‍റെ തറക്കല്ലിടുന്നതിനായാണ് രാഹുൽ ഗാന്ധി കേരളത്തിലെത്തുന്നത്. ഇതിനിടെ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താനാണ് തീരുമാനം. 

Add Asianetnews as a Preferred SourcegooglePreferred

കോണ്‍ഗ്രസുമായുള്ള സീറ്റ് കൈമാറ്റ ചര്‍ച്ചകളുടെ വേഗം കൂട്ടണമെന്നും തമിഴ്നാട്ടിലെ ലീഗിന്‍റെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ഡിഎംകെക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നുമാണ് ആവശ്യം. സീറ്റ് കൈമാറ്റത്തിന്‍റെ വേഗം കൂട്ടി സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും കഴിവതും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നാണ് ലീഗിന്‍റെ നിലപാട്. തര്‍ക്കങ്ങളില്ലാതെ ചര്‍ച്ച പൂര്‍ത്തീകരിക്കണം. കൂടുതല്‍ സീറ്റ് ആവശ്യപ്പെടില്ലെന്ന് ധാരണയായിട്ടുണ്ട്. എന്നാല്‍, കോണ്‍ഗ്രസുമായി കൈമാറ്റം ചെയ്യേണ്ട സീറ്റുകളുടെ കാര്യത്തില്‍ ചര്‍ച്ചകള്‍ എവിടെയുമെത്തുന്നില്ലെന്നാണ് ലീഗിന്‍റെ പരിഭവം. കോഴിക്കോട്ടെ തിരുവമ്പാടി സീറ്റ് കോണ്‍ഗ്രസിന് നല്‍കിയാല്‍ പകരം കിട്ടേണ്ട സീറ്റിന്‍റെ കാര്യത്തില്‍ ചിത്രം തെളിഞ്ഞിട്ടില്ല. 

തവനൂര്‍ വേണമെന്ന ആവശ്യത്തിലും എതിര്‍പ്പ് ഉയരുന്നു. പട്ടാമ്പി വിട്ടു നല്‍കാന്‍ കോണ്‍ഗ്രസിന് താല്‍പര്യമില്ല. ചേലക്കരയും, കോങ്ങാടും കൈമാറാനുള്ള ചര്‍ച്ചകളും പൂര്‍ത്തിയായിട്ടില്ല. ചേലക്കര സീറ്റ് ലീഗിന് കൈമാറുന്നത്ആത്മഹത്യ പരമാണെന്ന്, നീക്കത്തെ എതിര്‍ത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഇങ്ങനെ ചര്‍ച്ചകള്‍ ഇഴഞ്ഞു നീങ്ങുന്നതിലെ അതൃപ്തി കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ ധരിപ്പിക്കാനാണ് ലീഗിന്‍റെ ശ്രമം. പ്രതിപക്ഷ നേതാവുമായി കഴിഞ്ഞ ദിവസവും പികെ കുഞ്ഞാലിക്കുട്ടി ഒറ്റക്ക് ചര്‍ച്ച നടത്തിയിരുന്നു. ഉഭയകക്ഷി ചര്‍ച്ചകളുടെ വേഗം കൂട്ടിയാലേ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനാകൂ. തമിഴ് നാട്ടില്‍ അഞ്ച് സീറ്റ് വേണമെന്നാണ് ഡിഎംകെയുമായുള്ള ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 16 സീറ്റുകളിലെങ്കിലും മുസ്ലീം പ്രാതിനിധ്യം ഉറപ്പ് വരുത്തണമെന്നും ആവശ്യമുണ്ട്. ഡിഎംകെയുമായുള്ള ചര്‍ച്ചയും തര്‍ക്കങ്ങളില്ലാതെ പൂര്‍ത്തിയാക്കാനാണ് ലീഗിന് താല്‍പര്യം.

YouTube video player