
ഇടുക്കി: ചെറുതോണി അണക്കെട്ട് ഉയര്‍ത്തിയുള്ള ട്രയൽ റൺ നടത്തിയിട്ടും ജലനിരപ്പ് കുറഞ്ഞിട്ടില്ല. കൂടുതല്‍ ഷട്ടറുകള്‍ തുറക്കേണ്ടി വരും. ജലനിരപ്പ് 2400 അടിയായി. നാളെ രാവിലെ ആറ് മണി മുതല്‍ ഒരു ഷട്ടര്‍ കൂടി തുറന്നേക്കും. പെരിയാറിന്‍റെ തീരത്തുളളവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കനത്ത മഴയെ തുടര്‍ന്ന് പരമാവധി സംഭരണശേഷിയില്‍ എത്തിയ ഇടുക്കി ചെറുതോണി അണക്കെട്ട് 26 വർഷങ്ങൾക്കുശേഷമാണ് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് തുറന്നത്. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഷട്ടർ തുറന്ന് ട്രയൽ റൺ നടത്താൻ തീരുമാനിച്ചത്. ഷട്ടർ തുറന്നതിനെ തുടർന്ന് ചെറുതോണി പാലം വലിയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. ഇടുക്കി ഡാമിന്റെ പരമാവധി സംഭരണശേഷി 2,403 അടിയാണ്. നിലവിലെ ജലനിരപ്പ് 2,399.58 ആണ്. ജലനിരപ്പ് 2,397 അടിയാകുമ്പോള്‍ ട്രയല്‍ റണ്‍ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇടയ്ക്ക് മഴ കുറയുകയും ജലനിരപ്പ് ചെറിയതോതില്‍ താഴുകയും ചെയ്തതോടെ ട്രയല്‍ റണ്ണിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളായി വീണ്ടും കനത്തമഴയില്‍ സംസ്ഥാനം മുങ്ങി. ഇടുക്കിയിലും ശക്തമായ മഴയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പെയ്യുന്നത്. ഇതോടെ നിരൊഴുക്ക് വര്‍ധിക്കുകയും ഡാമിലെ ജലനിരപ്പ് വളരെപ്പെട്ടെന്ന് ഉയരുകയുമായിരുന്നു.
അതേസമയം സംസ്ഥാനത്ത് ദുരിതം വിതച്ച് കനത്ത മഴ തുടരുന്നു. മഴക്കെടുതിയിൽ ഇന്ന് മാത്രം 22 പേര്‍ മരിച്ചു. 22 അണക്കെട്ടുകളുടെ ഷട്ടറുകളാണ് തുറന്നു. ദുരന്തം നേരിടാനായി സര്‍ക്കാര്‍ സൈന്യത്തിന്‍റെ സഹായം തേടി. ചെറിയൊരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷത്തിന്‍റെ ശക്തമായത്. മധ്യകേരളത്തിലും മലബാറിലുമാണ് കനത്ത നാശമുണ്ടായത്. ഇടുക്കി ജില്ലയിൽ വിവിധയിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ 11 പേർ മരിച്ചു. മലപ്പുറം ചെട്ടിയാംപാറയിൽ അഞ്ച് പേരാണ് മരിച്ചത്. വയനാട് മൂന്ന് പേരും കോഴിക്കോട് ഒരാളും മരിച്ചു. മൂവാറ്റുപുഴ മണ്ണൂരിൽ രണ്ട് പ്ലസ്ടു വിദ്യാഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തര യോഗം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സൈന്യത്തിന്‍റെ സഹായം തേടാന്‍ തീരുമാനിച്ചു.
നീരൊഴുക്ക് ശക്തമായതിനെത്തുടര്‍ന്ന് ചെറുതോണി ഉള്‍പ്പെടെ 22 ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. ദേശീയ ദുരന്ത നിവാരണ സേനയുടെ യൂണിറ്റുകള്‍ കോഴിക്കോട്, ആലപ്പുഴ, എറണാകുളം ജില്ലകളിലെത്തി. ആറു സംഘങ്ങളെ കൂടി ആവശ്യപ്പെട്ടിട്ടുണ്ട്. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കുടുങ്ങിയവരെ ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും.
ദുരന്ത നിവാരണ ഉപകരണങ്ങള്‍ ബാംഗലൂരുവില്‍ നിന്ന് വ്യോമമാര്‍ഗ്ഗം എത്തിക്കും. സംസ്ഥാനത്ത് ആറ് ജില്ലകളില്‍ ദുരിത മഴ നാളെ കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റവന്യൂ ഓഫീസുകള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുറന്നു തന്നെ ഇരിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അതേസമയം, ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടര്‍മാര്‍ നാളെ (ആഗസ്റ്റ് 10) അവധി പ്രഖ്യാപിച്ചു. വയനാട്,പാലക്കാട് ജില്ലയില്‍ പൂര്‍ണ്ണമായും ഇടുക്കിയില്‍ തൊടുപുഴ ഒഴികെയുള്ള താലൂക്കൂകളിലും എറണാകുളം, കണ്ണൂര്‍ ജില്ലകളിലെ ചില താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വയനാട്, പാലക്കാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയും അവധി ബാധകമായിരിക്കും. അങ്കണവാടികൾക്കും അവധി ബാധകമായിരിക്കും. അതേസമയം, ഇടുക്കിയിലെ തൊടുപുഴ ഒഴികെയുള്ള എല്ലാ താലൂക്കൂകളിലെയും പ്രൊഫഷണല്‍ കോളെജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
എറണാകുളം കോതമംഗലം, കുന്നത്തുനാട്, ആലുവ, പറവൂര്‍ താലൂക്കുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കടമക്കുടി ഗ്രാമപഞ്ചായത്തിലെ വിദ്യാലയങ്ങള്‍ക്കും അവധിയായിരിക്കും. സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ, ഐഎസ്ഇ സ്കൂളുകള്‍, കേന്ദ്രീയവിദ്യാലയങ്ങള്‍, അംഗനവാടികള്‍ എന്നിവയ്ക്കെല്ലാം അവധി ബാധകമാണ്. ചാലക്കുടി താലൂക്കിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനധിയാണ്. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധി ബാധകമാണ്.
കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ സർവ്വകലാശാല നാളെ നടത്താനിരുന്ന (ആഗസ്റ്റ് 10) എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയ്യതി പിന്നീടറിയിക്കും എന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു. കനത്ത മഴയെ തുടര്‍ന്ന് ആരോഗ്യസര്‍വകലാശാലയുടെ നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്. അതേസമയം, ബിഎസ്എംഎസ് സബ്ലിമെന്‍റിറി പരീക്ഷകള്‍ക്ക് മാറ്റമില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam